Image

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം

Published on 23 February, 2017
മഹാരാഷ്ട്ര  തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം
മുംബൈ: മഹാരാഷ്ട്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിനേയും എന്‍സിപിയേയും നിലംപരിശാക്കിയാണ് ബിജെപി മുന്നേറ്റം നടത്തിയത്.
അതേസമയം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്നതിരഞ്ഞെടുപ്പില്‍ ശിവസേന നേരിയ മുന്‍തൂക്കം നേടി. ഫലം വന്ന 225 സീറ്റുകളില്‍ ശിവസേന 84 സീറ്റുകളില്‍ വിജയിച്ച് ഒന്നാമതാണ്. 81 സീറ്റുകളുമായി ബിജെപി തൊട്ടുപിന്നിലുണ്ട്. ആകെ 227 സീറ്റുകളുള്ള ബിഎംസിയില്‍ ഇനി രണ്ടിടങ്ങളിലെ ഫലങ്ങള്‍ മാത്രമെ വരാനുള്ളൂ.
കോണ്‍ഗ്രസിന് 31 സീറ്റു മാത്രമെ നേടാനായുള്ളൂ. എന്‍സിപി ഒമ്പതും എംഎന്‍എസ് ഏഴും മറ്റുള്ളവര്‍ 13 സീറ്റുകളും നേടി. കേവല ഭൂരിപക്ഷത്തിന് 114 സീറ്റുകളാണ് വേണ്ടത് .
രണ്ടു പതിറ്റാണ്ടായി ശിവസേനയുടെ ഭരണത്തിന് കീഴിലാണ് മുംബൈ കോര്‍പറേഷന്‍. ഇത്തവണ ബിജെപി സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കാണ് ശിവസേന മത്സരിച്ചത്.
തുടര്‍ച്ചയായി 15 വര്‍ഷത്തോളം എന്‍സിപികോണ്‍ഗ്രസ് സഖ്യം ഭരിച്ചിരുന്ന പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 74 സീറ്റുകളോടെ ബിജെപി തൂത്തുവാരി. എന്‍സിപിക്ക് ഇവിടെ 34 സീറ്റുകളേ നേടാനായുള്ളൂ.  താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ശിവസേനക്കാണ് മേല്‍ക്കൈ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക