Image

സ്‌പോണ്‍സര്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയ്ക്ക് ജീവകാരുണ്യപ്രവര്‍ത്തകര്‍ തുണയായി

Published on 27 February, 2017
സ്‌പോണ്‍സര്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയ്ക്ക് ജീവകാരുണ്യപ്രവര്‍ത്തകര്‍ തുണയായി
ദമ്മാം: മാനസികാസ്വാസ്ഥ്യം മൂലം സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ച ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും ദമ്മാം എംബസ്സി ഹെല്‍പ്‌ഡെസ്‌ക്കിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഈശ്വരിയമ്മയെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ച ശേഷം സ്‌പോണ്‍സര്‍ കടന്നു കളയുകയായിരുന്നു. വനിതഅഭയകേന്ദ്രം അധികാരികള്‍ വിവരമറിയിച്ചതനുസരിച്ച്, അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, ഈശ്വരിയമ്മയോട് സംസാരിച്ച് വിവരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ എന്ന് സൗദിയില്‍ വന്നെന്നോ, എന്തിന് വന്നെന്നോ, എന്ത് സംഭവിച്ചു എന്നോ ഒന്നും അവര്‍ക്ക് ഓര്‍മ്മയില്ലായിരുന്നു. എന്ത് ചോദിച്ചാലും എപ്പോഴും ചിരിച്ചു കൊണ്ട് 'ചായ, ഗാവ ' എന്ന് മാത്രം പറയുന്ന അവര്‍ക്ക്, ദേഹത്തില്‍ നിന്നും തൊലി പൊഴിയുന്ന അസുഖവും ഉണ്ടായിരുന്നു.
നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ലഭ്യമായ വിവരങ്ങള്‍ വെച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍, ഈശ്വരിയമ്മയുടെ നാട്ടിലെ ബന്ധുക്കളുടെ വിവരങ്ങള്‍ കണ്ടെത്തുകയും, അവരെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈശ്വരിയമ്മയുടെ ദയനീയാവസ്ഥ ബോധ്യമായ അഭയകേന്ദ്രം അധികൃതര്‍ പെട്ടെന്ന് തന്നെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി. മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് അവര്‍ക്ക് ഔട്ട്പാസ്സ് എടുത്ത് നല്‍കി.

നവയുഗം പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് ദമ്മാം എംബസ്സി ഹെല്‍പ്‌ഡെസ്‌ക്ക് വോളന്റീര്‍ കോര്‍ഡിനേറ്ററും, ഹൈദരാബാദ് അസ്സോസിയേഷന്‍ ഭാരവാഹിയുമായ മിര്‍സ ബൈഗ് സഹീര്‍ ഈശ്വരിയമ്മയ്ക്ക് വിമാനടിക്കറ്റ് നല്‍കി. നവയുഗം കുടുംബവേദി കോദറിയ യൂണിറ്റ് അംഗമായ അമല്‍ അവര്‍ക്ക് ബാഗും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളും സൗജന്യമായി നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, ഈശ്വരിയമ്മ നാട്ടിലേയ്ക്ക് മടങ്ങി.
സ്‌പോണ്‍സര്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയ്ക്ക് ജീവകാരുണ്യപ്രവര്‍ത്തകര്‍ തുണയായി
ഈശ്വരിയമ്മയ്ക്ക് വനിത അഭയകേന്ദ്രം അധികാരി യാത്ര രേഖകള്‍ കൈമാറുന്നു. മഞ്ജു മണിക്കുട്ടന്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക