Image

ജര്‍മന്‍ അഭയാര്‍ഥി ക്യാന്പില്‍ മലയാളി മരിച്ചു

Published on 02 March, 2017
ജര്‍മന്‍ അഭയാര്‍ഥി ക്യാന്പില്‍ മലയാളി മരിച്ചു


      ബെര്‍ലിന്‍: വിസിറ്റിംഗ് വീസയുടെ മറവില്‍ യൂറോപ്പിലെത്തിയ മലയാളി ജര്‍മന്‍ അഭയാര്‍ഥി ക്യാന്പില്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. തിരുവനന്തപരം അഞ്ചുതെങ്ങ് മാന്പിള്ളില്‍ ജോണ്‍ ജോണ്‍ബോയ്(45) ആണ് ജര്‍മനിയിലെ ഹൈഡല്‍ബെര്‍ഗ് നഗരത്തിലെ അഭയാര്‍ഥി ക്യാന്പില്‍ മരിച്ചതായി വിവരം ലഭിച്ചത്. ഫെബ്രുവരി 22 നായിരുന്നു മരണം. ന്യുമോണിയ ബാധിച്ചാണ് മരിച്ചതെന്നു പറയപ്പെടുന്നു. മൃതദേഹം ഹൈഡല്‍ബെര്‍ഗിലെ ആശുപത്രി സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.

മതിയായ രേഖകള്‍ ഒന്നും ഇല്ലാതെ ജര്‍മനിയിലെത്തിയ ജോണിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി മുഖേന നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് പത്തു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ പറഞ്ഞത്. 

മരണവിവരം ബെര്‍ലിനിലെ ഇന്ത്യന്‍ എംബസി മുഖേനയാണ് തിരുവനന്തപുരത്തുള്ള ജോണിന്റെ വീട്ടില്‍ അറിയിച്ചത്. ജോണിന്റെ തിരുവനത്തപുരത്തുള്ള വീട്ടില്‍ അമ്മയും പ്രായപൂര്‍ത്തിയാവാത്ത മൂന്നു മക്കളുമുണ്ട്. ഭാര്യ ജോലി തേടി ഇസ്രേയലിലാണ്. 

വിസിറ്റിംഗ് വീസയില്‍ പാരീസിലെത്തിയ ജോണ്‍ ജര്‍മനിയിലേയ്ക്കു കടക്കവേയാണ് പോലീസ് പിടിയിലായതെന്നു കരുതപ്പെടുന്നു. തുടര്‍ന്നു ഹൈഡല്‍ബര്‍ഗിലെ അഭയാര്‍ഥിയായി ജര്‍മനിയിലെത്തിയെന്നാണ് വിവരം. 
കേരളത്തില്‍ നിന്നും വ്യാജ ഏജന്റുമാര്‍ മുഖേനയാണ് ജോണിനു വീസ സംഘടിപ്പിച്ചതെന്നു കരുതപ്പെടുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക