Image

ചരിത്ര നേട്ടവുമായി എഡ്മണ്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 05 March, 2017
ചരിത്ര നേട്ടവുമായി എഡ്മണ്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍
എഡ്മണ്ടന്‍, കാനഡ: എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ദീര്‍ഘകാല സ്വപ്നമായ, സ്വന്തമായ ദേവാലയം എന്ന ആഗ്രഹം യാഥാര്‍ത്ഥ്യമായി. 2017 ഫെബ്രുവരി 28-നാണ് ഇടവക വിശ്വാസികള്‍, ഭാരതത്തിലെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ ദേവാലയം സ്വന്തമാക്കിയത്. ഫെബ്രുവരി 28-ന് ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ പുതിയ ദേവാലയത്തിന്റെ താക്കോല്‍ സ്വീകരിച്ചപ്പോള്‍ പൂവണിഞ്ഞത് ഒരു വിശ്വാസ സമൂഹത്തിന്റെ സ്വപ്നമാണ്.

രണ്ടു പതിറ്റാണ്ടിന്റെ പൈതൃകമുള്ള എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ സമര്‍പ്പണത്തിന്റേയും, ആത്മത്യാഗത്തിന്റേയും, കഠിനാധ്വാനത്തിന്റേയും ഫലമാണ് 2017 മാര്‍ച്ച് അഞ്ചിന് ആദ്യമായി ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം.

മാര്‍ച്ച് 5-ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയില്‍ കാനഡ എക്‌സാര്‍ക്കേറ്റ് അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ മുഖ്യകാര്‍മികനാകും. ഇടവക വികാരി റവ.ഫാ. ജോണ്‍ കുടിയിരുപ്പില്‍, എഡ്മണ്ടന്‍ സീറോ മലബാര്‍ മിഷന്റെ ആദ്യ ഡയറക്ടര്‍ ഫാ. വര്‍ഗീസ് മുണ്ടുവേലില്‍, മിസ്സിസാഗ എക്‌സാര്‍ക്കേറ്റ് ഈസ്റ്റേണ്‍ റീജിയന്‍ വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

മെച്ചപ്പെട്ട ജീവിതനിലവാരവും, പുതിയ തൊഴില്‍സാധ്യതകളും തേടി കാനഡയിലേക്കുള്ള സെന്റ് തോമസ് വിശ്വാസികലുടെ പ്രയാണത്തിന് മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ശൈത്യകാലത്ത് മൈനസ് 40 ഡിഗ്രി സാധാരണയായ എഡ്മണ്ടനിലേക്കുള്ള സീറോ മലബാര്‍ വിശ്വാസികളുടെ കുടിയേറ്റം ശക്തമായത് ഒന്നര പതിറ്റാണ്ട് മുമ്പാണ്.

എഡ്മണ്ടന്‍ ആര്‍ച്ച് ഡയോസിസിലെ ഇടവകകളില്‍ ദിവ്യബലിയ അര്‍പ്പിക്കാനെത്തിയ മലയാളി വൈദീകരുടെ സഹായത്തോടെ ആയിരുന്നു ആദ്യകാലങ്ങളില്‍ സീറോ മലബാര്‍ വിശ്വാസികള്‍ തങ്ങളുടെ വിശ്വാസ പൈതൃകം ആഴപ്പെടുത്തിയിരുന്നത്.

2012 ഒക്‌ടോബര്‍ ഏഴാംതീയതി ആണ് എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷന്‍ രൂപീകൃതമായത്. മിഷന്റെ ആദ്യ ഡയറക്ടര്‍ ഫാ. വര്‍ഗീസ് മുണ്ടുവേലിലിന്റെ നേതൃത്വത്തിലായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങള്‍.

2014 ഫെബ്രുവരി ഒന്നിനാണ് റവ.ഫാ.ഡോ. ജോണ്‍ കുടിയിരുപ്പില്‍ മിഷന്റെ നേതൃത്വം ഏറ്റെടുത്തത്. എഡ്മണ്ടന്‍ ആര്‍ച്ച് ഡയോസിസ് അനുവദിച്ച് നല്‍കിയ സെന്റ് എല്‍മോണ്ട്‌സ് ദേവാലയത്തില്‍ ജനുവരി 18-നായിരുന്നു ആദ്യദിവ്യബലി. അതോടൊപ്പം മൂന്നു അധ്യാപകരും ഇരുപതോളം കുട്ടികളുമായി ക്യാറ്റിക്കിസവും ആരംഭിച്ചു. എഡ്മണ്ടന്‍ സിറ്റിയുടെ പല ഭാഗങ്ങളിലായി ചിതറി കിടന്നിരുന്ന സീറോ മലബാര്‍ വിശ്വാസികളെ എട്ടു കൂട്ടായ്മകളായി തിരിച്ച്, കൂട്ടായ്മകളെ വിപുലപ്പെടുത്തി, പ്രവര്‍ത്തനം ശക്തിപ്പെടുത്തി. കൂട്ടായ്മകളെ അടിസ്ഥാനമാക്കി വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം പ്രാര്‍ത്ഥന ആരംഭിച്ചു. 2014 ഫെബ്രുവരിയില്‍ തന്നെ കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള ക്യാറ്റിക്കിസം ക്ലാസുകള്‍ ആരംഭിച്ചു. എല്ലാ വിശേഷ ദിവസങ്ങളിലും ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. സീറോമലബാര്‍ വിശ്വാസികളുടെ എല്ലാ തിരുനാളുകളും ആഘോഷിച്ചു.

മുഴുവന്‍ സമയ ഇടവക വികാരി റവ.ഫാ. ജോണ്‍ കുടിയിരുപ്പില്‍ വലിയ മാറ്റമാണ് ഇടവക ജനങ്ങള്‍ക്ക് സമ്മാനിച്ചത്. "നമ്മുടെ മക്കള്‍ക്കായി ഒരു സ്വന്തമായി ഒരു ദേവാലയം' എന്ന വലിയ ആശയത്തെ ഒരു സ്വപ്നമായി ഇടവക സമൂഹത്തില്‍ ആഴത്തില്‍ പതിപ്പിച്ചു. പാരീഷ് കമ്മിറ്റിക്കൊപ്പം ദേവാലയം വാങ്ങുന്നതിനുള്ള പണസമാഹരണത്തിനായി പ്രത്യേക ബില്‍ഡിംഗ് കമ്മിറ്റിയും രൂപീകരിച്ചു. 2015 ജൂലൈ മാസത്തില്‍ പ്രവാസികാര്യ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ ദേവാലയ നിര്‍മ്മാണത്തിനായുള്ള ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. വിവിധ പ്രോഗ്രാമുകള്‍ നടത്തി സമാഹരിച്ച തുകയോടൊപ്പം, ഇടവക ജനങ്ങളുടെ ഉദാരമായ സംഭാവനയും സ്വന്തം ദേവാലയം എന്ന സ്വപ്നം വളരെവേഗം യാഥാര്‍ത്ഥ്യമാക്കി.

ചൈനീസ് അലയന്‍സ് ചര്‍ച്ച് വാങ്ങിയാണ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയമാക്കി മാറ്റിയിരിക്കുന്നത്. നാനൂറില്‍പ്പരം കുടുംബങ്ങളാണ് ഇടവകയിലുള്ളത്. മാതൃജ്യോതിസ്, നൈറ്റ് ഓഫ് കൊളംബസ്, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്, സീനിയേഴ്‌സ് എന്നീ സംഘടനകളും ഇടവകയില്‍ സജീവമാണ്. മൂന്നു അധ്യാപകരും 20-ല്‍ താഴെ വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച മതബോധന ക്ലാസില്‍ ഇന്ന് മുപ്പതോളം അധ്യാപകരും 210-ഓളം വിദ്യാര്‍ത്ഥികളും ഉണ്ട്.

പുതിയ ദേവാലയത്തില്‍ ഞായറാഴ്ചകളില്‍ രണ്ട് ദിവ്യബലിയാണ് ഉണ്ടാവുക. ആദ്യത്തെ ദിവ്യബലി രാവിലെ 9.30-നും അതിനെ തുടര്‍ന്നു ക്യാറ്റിക്കിസം ക്ലാസുകളും ആണ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് അടുത്ത ദിവ്യബലി. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6.30-നും ദിവ്യബലിയുണ്ടാകും.

ഫെബ്രുവരി 28-നു വൈകുന്നേരം 7 മണിക്ക് വിശ്വാസികള്‍ പുതിയ ദേവാലയത്തില്‍ ഒത്തുകൂടി നന്ദി സൂചകമായി ജപമാല അര്‍പ്പിച്ചു. മാര്‍ച്ച് അഞ്ചിന് ലളിതമായ ചടങ്ങുകളോടുകൂടിയാണ് പുതിയ ദേവാലയത്തിലെ ആദ്യ കുര്‍ബാന. വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളായ ജൂലൈ 29-ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റേയും, മറ്റു പിതാക്കന്മാരുടേയും അനുഗ്രഹീത സാന്നിധ്യത്തില്‍ വിപുലമായ പരിപാടികളോടെ ദേവാലയ വെഞ്ചരിപ്പ് നടത്തപ്പെടും.
മിനു വര്‍ക്കി കളപ്പുരയില്‍ അറിയിച്ചതാണിത്.
ചരിത്ര നേട്ടവുമായി എഡ്മണ്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍
ചരിത്ര നേട്ടവുമായി എഡ്മണ്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍
ചരിത്ര നേട്ടവുമായി എഡ്മണ്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക