Image

കേളി അന്താരാഷ്ട്ര കലാമേള: രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു

Published on 07 March, 2017
കേളി അന്താരാഷ്ട്ര കലാമേള: രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു

 
സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ സംഘടനയായ കേളി ഒരുക്കുന്ന യുവജനോത്സവം കേളി കലാമേളയുടെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രവീന്ദ്ര ജയ്‌സ്വാള്‍ കിക്ക് ഓഫ് കര്‍മം നിര്‍വഹിച്ചു. ഇന്ത്യന്‍ അനുഷ്ടാന കലകളെ രണ്ടാം തലമുറക്ക് പകര്‍ന്നു കൊടുക്കുന്ന മഹത്തായ ധര്‍മമാണ് കേളി ചെയ്യുന്നതെന്ന് ജയ്‌സ്വാള്‍ പറഞ്ഞു.

ചടങ്ങില്‍ കേളി പ്രസിഡന്റ് സി.വി. ഏബ്രാഹം, സെക്രട്ടറി ജോയ് തര്യന്‍, രേഖ മേനോന്‍, ലൂസി മണികുട്ടിയില്‍, അനില ടോം, അഞ്ചേല ടോം, അനിത തര്യന്‍, ആന്റണി തഞ്ചന്‍, ബെനീറ്റ റോഡ്രിഗസ് എന്നിവര്‍ പങ്കെടുത്തു.

കലാമേളയുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി www.kalamela.com മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കലാതിലകം കലാപ്രതിഭ പട്ടങ്ങള്‍ക്ക് സൂര്യ ഇന്ത്യ ഗോള്‍ഡ് മെഡല്‍, ഫാ.ആബേല്‍ മെമ്മോറിയല്‍ ട്രോഫി എന്നിവ കൂടാതെ വിജയികള്‍ക്ക് കേളി ട്രോഫികളും സമ്മാനിക്കും.

ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ സൂര്യ ഇന്ത്യയുടേയും ഇന്ത്യന്‍ എംബസിയുടെയും പിന്തുണയോടെയാണ് കേളി സ്വിറ്റ്‌സര്‍ലന്‍ഡില്‍ യുവജനോത്സവം നടത്തുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് മത്സരാര്‍ഥികള്‍ കേളി കലാമേളയില്‍ പങ്കെടുക്കും. പരിപാടികളില്‍നിന്നും ലഭിക്കുന്ന വരുമാനം കാരുണ്യപ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക