Image

സദാചാര വിഷയത്തില്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍

Published on 08 March, 2017
സദാചാര വിഷയത്തില്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍

 തിരുവനന്തപുരം: സദാചാര വിഷയത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷം ശിവസേനക്കാരെ വാടകയ്‌ക്കെടുത്തെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ തുടര്‍ന്നാണ്‌ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്‌. 

 എന്നാല്‍ ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷത്തിനെതിരേ നടുത്തളത്തിലേക്ക്‌ ഇറങ്ങിയത്‌ കൈയ്യാങ്കളിയിലേക്കു നീങ്ങി. ഇരുപക്ഷത്തേയും മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ്‌ ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്‌. സംഭവത്തെ തുടര്‍ന്ന്‌ സഭ നിര്‍ത്തിവച്ചതായി സ്‌പീക്കര്‍ അറിയിച്ചു.

ഗുരുവായൂരിലേക്ക്‌ കൊണ്ടു പോയ 15,000 ലിറ്റര്‍ വെള്ളം സദാചാര ഗുണ്ടകള്‍ ഒഴുക്കിക്കളഞ്ഞത്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ്‌ സഭയില്‍ ബഹളം തുടങ്ങിയത്‌. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കു പങ്കുണ്ടെന്ന്‌ ഭരണകക്ഷി അംഗങ്ങള്‍ പറഞ്ഞു. 

വിഷയത്തില്‍ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി. തുടര്‍ന്ന്‌ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. കൊച്ചിയിലെ സദാചാര ഗുണ്ടായിസം കാട്ടിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണെന്നും സഭയില്‍ നടക്കുന്നത്‌ പ്രതിപക്ഷത്തിന്‍റെ നാടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ തുടര്‍ന്ന്‌ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക്‌ ഇറങ്ങുകയുമായിരുന്നു. എന്നാല്‍ പതിവിനു വിപരീതമായി ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷത്തിനെതിരേ നടുത്തളത്തിലേക്ക്‌ ഇറങ്ങിയത്‌ അസാധാരണ സംഭവത്തിലേക്കു നീങ്ങി. 

കുറച്ചുനേരത്തേക്കു സ്‌പീക്കര്‍ക്കു സഭ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. നേരത്തേ, സദാചാര ഗുണ്ടായിസം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന്‌ ഹൈബി ഈഡനാണ്‌ അടിയന്തരപ്രമേയത്തിനു നോട്ടീസ്‌ നല്‍കിയത്‌.

മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തില്‍ പോലീസിനു വീഴ്‌ച സംഭവിച്ചതായും സദാചാര ഗുണ്ടകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന്‌ അടിയന്തരപ്രമേയത്തിന്‌ സ്‌പീക്കര്‍ അനുമതി നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക