Image

മുഖ്യമന്ത്രിയെ `എടാ' എന്നുവിളിച്ച ബല്‍റാമിന്റൈ നടപടി പ്രതിഷേധാര്‍ഹം; എ.എന്‍ ഷംസീര്‍

Published on 09 March, 2017
മുഖ്യമന്ത്രിയെ `എടാ' എന്നുവിളിച്ച ബല്‍റാമിന്റൈ നടപടി പ്രതിഷേധാര്‍ഹം; എ.എന്‍ ഷംസീര്‍


കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസം കാട്ടിയ നടപടിയില്‍ സഭയിലും ബഹളം. പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ നടുത്തളത്തിലിറങ്ങി പോര്‍വിളിച്ചു. ഇതിനിടെ മുഖ്യമന്ത്രിക്ക്‌ നേരെയുണ്ടായ ആക്രോശങ്ങള്‍ക്ക്‌ മറുപടി പറയണമെന്ന ആവശ്യവുമായി ഭരണപക്ഷ എംഎല്‍മാര്‍ രംഗത്തെത്തി.

മുഖ്യമന്ത്രിയെ എടാ എന്നുവിളിച്ച്‌ ആക്ഷേപിച്ച ബല്‍റാമിനെതിരെ പ്രതിഷേധിക്കണമെന്ന്‌ എ.എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. കൂടാതെ ഗുരുവായൂര്‍ എംഎല്‍എയെ മതംപറഞ്ഞ്‌ ആക്ഷേപിച്ച രമേശ്‌ ചെന്നിത്തലയിലെ സംഘിയെ തിരിച്ചറിയണമെന്നും ഷംസീര്‍ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ പറഞ്ഞു. ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്ക്‌ എടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ തുടര്‍ന്നാണ്‌ സഭയില്‍ ബഹളങ്ങള്‍ക്ക്‌ തുടക്കമായത്‌.


തുടര്‍ന്ന്‌ സഭയില്‍ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സഭാരേഖകളില്‍ നിന്നും പരാമര്‍ശം പിന്‍വലിക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോരുണ്ടാവുകയും സംഭവം കയ്യാങ്കളിയുടെ വക്കില്‍ എത്തുകയുമായിരുന്നു.

അതിനിടെ മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങിയത്‌ ശരിയായില്ലെന്ന്‌ പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ താന്‍ സഭ നിര്‍ത്തിവെച്ച ശേഷംമാത്രമാണ്‌ നടുത്തളത്തില്‍ ഇറങ്ങിയതെന്ന്‌ മുഖ്യമന്ത്രിയും പറഞ്ഞു.


പ്രതിപക്ഷാംഗം തനിക്കെതിരെ ആക്രോശിച്ചെന്ന്‌ മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്‌. മുന്‍കാലങ്ങളില്‍ മുഖ്യമന്ത്രി കസേരക്ക്‌ നേരെ ആരെങ്കിലും ആക്രോശിച്ചിട്ടുണ്ടോയെന്നും പരിധിയില്‍ ലംഘിക്കുന്ന നിലപാട്‌ ഉണ്ടാകരുതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക