Image

ഹൈക്കോടതി ജഡ്‌ജിക്കെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ്‌ വാറണ്ട്‌

Published on 10 March, 2017
ഹൈക്കോടതി ജഡ്‌ജിക്കെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ്‌ വാറണ്ട്‌


ന്യൂദല്‍ഹി: ഇന്ത്യ ചരിത്രത്തിലാദ്യമായി ഹൈക്കോടതി ജഡ്‌ജിക്കെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ്‌ വാറണ്ട്‌. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ കര്‍ണ്ണനെതിരെയാണ്‌ കോടതിയലക്ഷ്യ കേസിന്‌ സുപ്രീം കോടതി അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌.


ചീഫ്‌ ജസ്റ്റിസ്‌ ജെ.എസ്‌ ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ചിന്റെതാണ്‌ കര്‍ണ്ണനെതിരായ നടപടി. കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും കര്‍ണ്ണന്‍ ഇതിന്‌ തയ്യാറായില്ലെന്ന്‌ നിരീക്ഷിച്ച കോടതി കൊല്‍ക്കത്ത പൊലീസിനോട്‌ അറസ്റ്റ്‌ നടപടികള്‍ ആരംഭിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.


സുപ്രീം കോടതിയിലെ മുന്‍ ജഡ്‌ജിക്കും നിലവിലെ ജഡ്‌ജിനുമെതിരേയും മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിനുമെതിരെയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ്‌ ജസ്റ്റിസ്‌ കര്‍ണ്ണനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ കുറ്റം ചാര്‍ജ്ജ്‌ ചെയ്‌തത്‌.

നേരത്തെ ദളിതനായതിന്റെ പേരിലാണ്‌ കോടതി തന്നെ വേട്ടയാടുന്നതെന്നടക്കമുള്ള വിവാദപരമായ പരാമര്‍ശങ്ങളും കേസുമായി ബന്ധപ്പെട്ട്‌ കര്‍ണ്ണന്‍ നടത്തിയിരുന്നു. 

മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായ സഞ്‌ജയ്‌ കെ കൗളിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന പരസ്യ ഭീഷണിയുമായി കര്‍ണ്ണന്‍ രംഗത്തെത്തിയതോടെയാണ്‌ ഇന്ത്യാ ചരിത്രത്തിലാദ്യമായി സിറ്റിംങ്‌ ജഡ്‌ജിക്കെതിരെ നടപടിയുമായി സുപ്രീം കോടതി രംഗത്ത്‌ വരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക