2013 ജൂലൈ ഇരുപത്തിമൂന്നാതിയതി പാലക്കാട്
വാളയാറിലുള്ള സ്റ്റാനിസ്ലോവൂസ് പള്ളിയിലെ വികാരിയായിരുന്ന
'ആരോക്കിയരാജിന്റെ' മുറിയില്‍ 'ഫാത്തിമ സോഫീയ' എന്ന പതിനെട്ടുകാരി
കൊലചെയ്യപ്പെട്ടു. വിസ്താരംപോലുമാകാതെ ഫാത്തിമാ സോഫി വധക്കേസ് ഇന്നും കോടതിയുടെ ഫയലില്‍
നീക്കമില്ലാതെ തന്നെ കിടക്കുന്നു. ഒരു 'അമ്മ സ്വന്തം മകളുടെ
മരണത്തിനുത്തരവാദികളായ പുരോഹിതരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുവാനായി
പൊരുതുന്ന പോരാട്ടങ്ങളാണ് ഈ ലേഖനത്തില്‍ വിവരിച്ചിരിക്കുന്നത്.
കോയമ്പത്തൂര്‍ സ്വദേശികളായ സഹായ രാജുവിന്റെയും ശാന്തിനി റോസിലിയുടെയും
(സ്വാമിയാര്‍ സ്ട്രീറ്റ്, കോയമ്പത്തുര്‍) മൂത്ത മകളായിരുന്നു ഫാത്തിമ
സോഫിയ. സോഫിയായ്ക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ ഇടവകയായ സെന്റ്
മൈക്കിള്‍സ് പള്ളിയിലേക്ക് അധിക ദൂരമില്ല. 2007ല്‍ ആരോക്കിയരാജ് എന്ന
പുരോഹിതന്‍ അവിടെ സഹവികാരിയായി ചുമതലയെടുത്തു. അന്ന് സോഫിയായുടെ പ്രായം
പതിനൊന്നു വയസ്. പള്ളിയും ഭക്തിയുമായി കഴിയുന്ന ഒരു സാധാരണ
കുടുംബമായിരുന്നു അവരുടേത്. പള്ളിയുടെ പ്രവര്‍ത്തനങ്ങളിലും ഏതു പള്ളി
ആവശ്യത്തിനും എന്നും മുമ്പില്‍ തന്നെ ഈ കുടുംബം സഹകരിച്ചിരുന്നു. ആരോടും
അധികമൊന്നും സംസാരിക്കാതെയും മുതിര്‍ന്നവരെ ബഹുമാനിച്ചും നാണം കുണുങ്ങിയും
വളരെയധികം അടക്കവും ഒതുക്കവുമായി കഴിഞ്ഞിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു
സോഫീയ. ആരോക്കിയരാജ് ശാന്തിനിയുടെ കുടുംബമായി നല്ല സൗഹാര്‍ദബന്ധം ഇതിനിടെ
സ്ഥാപിച്ചു. സോഫിയാ വളരെ ഭയഭക്തി ബഹുമാനത്തോടെയാണ് ആരോക്കിയരാജിനെ കണ്ടത്.
ശാന്തിനി ഓര്‍മ്മിക്കുന്നു, സോഫിയാ ഫാത്തിമയ്ക്ക് ആരോക്കിയരാജിനെ
അങ്ങേയറ്റം ബഹുമാനമുണ്ടായിരുന്നു. പള്ളിയിലെ സഹവികാരിയെന്ന നിലയില്‍ ആറു
വര്‍ഷത്തെ താമസത്തിനു ശേഷം ആരോക്കിയരാജിനു അവിടുത്തെ പള്ളിയില്‍നിന്നും
പാലക്കാടുള്ള വാളയാര്‍ സ്റ്റാനിസ്ലോവൂസ് പള്ളിയിയിലേയ്ക്ക് സ്ഥലമാറ്റം
കിട്ടി. എങ്കിലും ആഴ്ചതോറും ആരോക്കിയരാജ് ശാന്തിനിയുടെ വീട്ടില്‍ വരുകയും
കുടുംബവുമായുള്ള ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. ഒരു പുരോഹിതന്‍
കുടുംബത്ത് വരുന്നത് വലിയ അഭിമാനവുമായിരുന്നു. അദ്ദേഹത്തെ വീട്ടില്‍
സല്‍ക്കരിക്കാനും വിഭവങ്ങളോടെയുള്ള ഭക്ഷണം കൊടുക്കാനും ശാന്തിനിയ്ക്കും
ഭര്‍ത്താവിനും വലിയ താല്പര്യമായിരുന്നു. സോഫിയായെന്ന ബാലികയെ തലോടാനും
കൊഞ്ചിക്കാനും ആരോക്കിയരാജിനിഷ്ടമായിരുന്നു. പാഠവിഷയങ്ങള്‍ പഠിപ്പിക്കുകയും
ചെയ്യുമായിരുന്നു. സോഫിയായ്ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍
നല്ലയൊരു കൗണ്‍സിലറുമായിരുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സോഫിയായ്ക്ക് കടുത്ത തലവേദന
വരുമായിരുന്നു. ആരോ ഒരു സുഹൃത്തിന്റെ അഭിപ്രായമനുസരിച്ച് അതിനു
ചീകത്സക്കായി തൊടുപുഴയില്‍ പോകുവാന്‍ ഒരുങ്ങുകയായിരുന്നു. ബസ്സിന്
പോവുകയാണെങ്കില്‍ കോയമ്പത്തൂരില്‍ നിന്നും തൊടുപുഴ വരെ വളരെ ദൂരമാണെന്നും
താന്‍ കാറില്‍ കൊണ്ടുപോയി വിടാമെന്നും ശാന്തിനിയെ ഫാദര്‍ ആരോക്കിയരാജ്
അറിയിച്ചു. അപ്പോഴെല്ലാം ആരോക്കിയരാജ് എത്ര നല്ലവനെന്നും ദേവതുല്യനായ
പുരോഹിതനാണെന്നും അദ്ദേഹത്തെപ്പറ്റി ശാന്തിനിയും കുടുംബവും
വിചാരിച്ചിരുന്നു.
സ്കൂള്‍ ഫൈനല്‍ പാസായ ശേഷം ശാന്തിനി അവളെ ആരോക്കിയരാജിന്റെ
നിര്‍ദ്ദേശപ്രകാരം ശനിയും ഞായറും വേദപാഠം പഠിപ്പിക്കാന്‍ പാലക്കാട്,
വാളയാറിലുള്ള ചന്ദ്രപുരം പള്ളിയില്‍ വിടാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍
വിവാഹം കഴിക്കുന്നവരെ വിശ്വാസം പുലര്‍ത്താന്‍ വേദപാഠം പഠിപ്പിക്കുന്നത്
ഉപകാരപ്രദമാവുമെന്നും ശാന്തിനിയെ ആരോക്കിയരാജ് വിശ്വസിപ്പിച്ചു.
സോഫിയാക്കുള്ള യാത്രാ സൗകര്യങ്ങള്‍ നല്കിക്കൊള്ളാമെന്നും പറഞ്ഞു. സോഫിയായെ
വാളയാര്‍ പള്ളിയില്‍ കൊണ്ടുപോകാന്‍ ആരോക്കിയരാജ് കാറുമായി എല്ലാ
ശനിയാഴ്ചയും രാവിലെ വന്നിരുന്നു. ശനിയാഴ്ചത്തെ കഌസ് കഴിയുമ്പോള്‍ അന്ന്
മഠത്തില്‍ താമസിപ്പിച്ചിരുന്നു. ഞായറാഴ്ച ക്ലാസിനു ശേഷം അവളെ
കോയമ്പത്തൂരുള്ള വീട്ടില്‍ ആരോക്കിയരാജ് കൊണ്ടുപോയി വിട്ടിരുന്നു. നീണ്ട
കാലം അത് തുടര്‍ന്നുകൊണ്ടിരുന്നു.
2013ല്‍ ശാന്തിനിയുടെ ഭര്‍ത്താവിന്റെ 'അമ്മ അവിചാരിതമായി തലകറങ്ങി വീണു.
അതിനൊരു മാസം മുമ്പായിരുന്നു ശാന്തിനിയുടെ പിതാവ് മരിച്ചത്. സോഫിയാ അന്ന്
ബികോം ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥിനിയായിരുന്നു. ശാന്തിനി തന്റെ
ഭര്‍ത്താവിന്റെ അമ്മയേയുംകൊണ്ട് അടിയന്തിരമായി ഹോസ്പിറ്റലില്‍ കൊണ്ടുപോയി.
സോഫിയാ ഈ വിവരം അറിഞ്ഞത് കോളേജില്‍ ചെന്നു കഴിഞ്ഞാണ്. അന്നേ ദിവസം
ശാന്തിനിയെ ഹോസ്പിറ്റലിലേക്ക് ഫാദര്‍ ആരോക്കിയരാജ് വിളിച്ചിരുന്നു.
സോഫിയായെ കൂട്ടി ആരോക്കിയരാജ് ഹോസ്പിറ്റലില്‍ വരാമെന്ന് അറിയിച്ചു.
പിറ്റേദിവസം രാവിലെ വീട്ടിലെത്തുന്നുണ്ടെന്നും അതിന്റെയാവശ്യമില്ലെന്നും
അവര്‍ ആരോക്കിയരാജിനെ അറിയിച്ചു. രാവിലെ വീട്ടില്‍ വന്നപ്പോള്‍ സോഫിയാ വളരെ
ദുഃഖിതയായും ഗൗരവമുള്ള മുഖ ഭാവത്തോടെയും കാണപ്പെട്ടു. ഹോസ്പിറ്റലില്‍
വരാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ തയ്യാറായില്ല. ഭര്‍ത്താവിന്റെ 'അമ്മ
'പാട്ടി' ഐ.സി.യു.വിലെന്നു പറഞ്ഞിട്ടും സോഫിയാ വീട്ടില്‍
നിന്നുകൊള്ളാമെന്നു പറഞ്ഞു. അവസാനമായി മകള്‍ അമ്മയോട് ഗുഡ്‌ബൈ പറഞ്ഞു.
പിന്നെ 'അമ്മ മകളെ കാണുന്നത് പാലക്കാടുള്ള വാളയാര്‍
മോര്‍ച്ചറിയിലായിരുന്നു.
ശാന്തിനി തന്റെ ഭര്‍ത്താവിന്റെ അമ്മയോടൊപ്പം ഐ.സി.യു (കഇഡ) വിലായിരുന്ന
സമയം അപരിചിതമായ ഒരു നമ്പരില്‍ നിന്ന് ഒരു ടെലിഫോണ്‍ വന്നു. അവര്‍
ടെലിഫോണ്‍ എടുത്തപ്പോള്‍ സോഫിയാ ഫോണില്‍ക്കൂടി കരയുന്ന ശബ്ദം കേട്ടു,
കരയുന്നത് മകളാണെന്ന് അന്നവര്‍ക്കു മനസിലായില്ലായിരുന്നു. 'അമ്മാ എന്നെ
കൊന്നു, എന്നെ കൊന്നു...' എന്ന് കരയുന്ന ശബ്ദം അങ്ങേത്തലയിലെ
ടെലിഫോണില്‍നിന്നും ദൂരത്തില്‍നിന്നാണ് കേട്ടത്. ഐ.സി.യുവില്‍നിന്നു
ശാന്തിനിക്ക് പെട്ടെന്ന് തിരിച്ചു വിളിക്കാന്‍ സാധിച്ചില്ല. പിന്നീട്
ടെലിഫോണ്‍ ആരും എടുക്കുന്നില്ലായിരുന്നു. ഒരു മണിക്കൂറിനുശേഷം ശാന്തിനി
തിരിച്ചു വിളിച്ചപ്പോള്‍ ഫാദര്‍ ആരോക്കിയരാജ് ഫോണ്‍ എടുത്തിട്ടു പറഞ്ഞു,
"അമ്മാ, സോഫിയാ ആത്മഹത്യ ചെയ്തു." അത് കേട്ടപ്പോള്‍ ശാന്തിനിയുടെ ലോകം
തലയ്ക്കു ചുറ്റും കറങ്ങുന്നതായും എവിടെയും ഇരുള്‍ വ്യാപിച്ചതുപോലെയും
തോന്നിപ്പോയി. എന്ത് ചെയ്യണമെന്നറിയാതെ തലയും മരവിച്ചു പോയിരുന്നു.
മകളുടെ മരണ വാര്‍ത്ത അമ്മയ്ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. കാരണം മകളെ
കണ്ടിട്ടാണ് 'അമ്മ വീട്ടില്‍ നിന്നും ഇറങ്ങിയത്. ആ വാര്‍ത്ത കേട്ടപ്പോള്‍
അമ്മയുടെ മനസ്സില്‍ ഒരു അഗ്‌നി പര്‍വതം പൊട്ടുകയായിരുന്നു. "അതെങ്ങനെ
സംഭവിച്ചുവെന്നു ഫാദര്‍ ആരോക്കിയരാജിനോട് വികാരപരവശയായി ആ 'അമ്മ ചോദിച്ചു.
ഫാദര്‍ പറഞ്ഞു, 'അമ്മ, നിങ്ങള്‍ പോയ ഉടന്‍ ഞാന്‍ അമ്മയുടെ വീട്ടില്‍
വന്നിരുന്നു. ഫാത്തിമ സോഫിയായെ ഞാന്‍ വാളയാര്‍ കൊണ്ടുവന്നു. മറ്റൊരു
യുവാവുമായി അവള്‍ വര്‍ത്തമാനം പറയുന്നത് കണ്ടു. എന്നിട്ടു തുറന്നു
കിടക്കുന്ന എന്റെ മുറിയില്‍ കേറുന്നത് അകലെയൊരു സ്ഥലത്തുനിന്നിരുന്ന ഞാന്‍
ശ്രദ്ധിച്ചു. ഞാന്‍ മുറിയില്‍ വന്നപ്പോള്‍ അവളുടെ തോളിലുണ്ടായിരുന്ന
ദുപ്പട്ടയില്‍ കുരുക്കുണ്ടാക്കി ഫാനില്‍ കെട്ടിതൂങ്ങിക്കിടക്കുന്ന
കാഴ്ചയാണ് കണ്ടത്. ഉടന്‍ തന്നെ ഞാന്‍ താഴെയിറക്കി. അപ്പോള്‍
ജീവനുണ്ടായിരുന്നു. ഹോസ്പിറ്റലില്‍ പോവുന്ന വഴി എന്റെ മടിയില്‍ കിടന്നാണ്
സോഫിയാ മരിച്ചത്. മകളുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ശാന്തിനിയുടെ മനസ്സാകെ
തളര്‍ന്നു. അവിടെനിന്ന് അവര്‍ പിടിച്ചുനില്‍ക്കാനാവാതെ ഉറക്കെ കരഞ്ഞു.
പാലക്കാട് ശാന്തിനി എത്തുമ്പോള്‍ ഏകദേശം സന്ധ്യാ സമയമായിരുന്നു. സമയം
കഴിഞ്ഞതുകൊണ്ടു മോര്‍ച്ചറിയില്‍ എത്ര യാചിച്ചിട്ടും സോഫിയായുടെ മരിച്ച
ശരീരം കാണിച്ചില്ല. അവിടെനിന്നു വാളയാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി. മനസ്
നിറയെ കാര്‍മേഘ പടലങ്ങള്‍ പോലെ ആവരണം ചെയ്തിരുന്നതിനാല്‍ ശാന്തിനിക്ക്
ഒന്നും ചിന്തിക്കാനും സാധിക്കുന്നില്ലായിരുന്നു. ഒരു വനിതാ പോലീസ് പോസ്റ്റ്
മാര്‍ട്ടം ചെയ്യുന്നതിനുള്ള സമ്മത പത്രത്തില്‍ ഒപ്പിടുവിപ്പിച്ചു.
പോസ്റ്റുമാര്‍ട്ടത്തിനുശേഷം മൃതദേഹം കിട്ടി. അവള്‍ ജനിച്ചു വളര്‍ന്ന
പള്ളിപ്പരിസരത്തുള്ള സെമിത്തേരിയില്‍ അടക്കി. ശാന്തിനിയുടെ ഭര്‍ത്താവിന്റെ
അമ്മയും അധികം താമസിയാതെ മരിച്ചു. അങ്ങനെ അടുത്തടുത്ത മൂന്നു മരണങ്ങള്‍ ആ
കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. മകള്‍ മരിച്ച പിന്നാലെ
ശാന്തിനിക്ക് ഹൃദയാഘാതവും വന്നു. മൂന്നു മാസത്തോളം അവശയായി ഹോസ്പിറ്റലില്‍
കിടക്കേണ്ടി വന്നു. മനസുമുഴുവന്‍ സോഫിയാ എവിടെയോ ഉണ്ടെന്നു
മന്ത്രിച്ചുകൊണ്ടിരുന്നു. അവളുടെ കുഴിമാടത്തില്‍ പോവുമ്പോള്‍ മാത്രം സോഫിയാ
മരിച്ചെന്നുള്ള യാഥാര്‍ഥ്യം മനസിലാകും. അവളുടെ കല്ലറയിങ്കല്‍ മിക്ക
ദിവസങ്ങളിലും പോയി ഏങ്ങലടിച്ചു കരയും. പൂക്കള്‍ കൊണ്ട് കല്ലറ അലങ്കരിക്കും.
ഒരു കുഞ്ഞു വളരുമ്പോള്‍ കൈ വളരുന്നതും കാലു വളരുന്നതും ഒരു 'അമ്മ നോക്കി
നില്ക്കും. യുവത്വത്തിന്റെ മനോഹാരിതയില്‍ അവള്‍ മരിച്ചുവെന്ന
യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ ആ അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല.
സോഫിയാ മരിച്ച ഒന്നര വര്‍ഷത്തിനുശേഷം ശാന്തിനിയുടെ അകന്ന ഒരു ബന്ധുവായ
റോബര്‍ട്ടിനെ കണ്ടുമുട്ടി. അനേക കൊലപാതക കേസുകള്‍ തെളിയിച്ചിട്ടുള്ള
പരിചയസമ്പന്നനായ ഒരു ഫ്രീലാന്‍സ് റിപ്പോര്‍ട്ടറും കൂടിയാണ് അദ്ദേഹം.
സോഫിയായുടെ മരണത്തിന്റെ സാഹചര്യങ്ങള്‍ വിവരിച്ചപ്പോള്‍ 'ഇത്
സ്വാഭാവികമരണമല്ല കൊലപാതകമെന്ന്' റോബര്‍ട്ട് പറഞ്ഞു. റോബര്‍ട്ടും
ശാന്തിനിയും കൂടി വാളയാര്‍ പോലീസ്‌റ്റേഷനില്‍ നിന്നും എഫ്.ഐ.ആര്‍
റിപ്പോര്‍ട്ട് എടുത്തു. അപ്പോഴേയ്ക്കും ആ കേസ് ആറുമാസത്തിനു ശേഷം ക്ലോസ്
ചെയ്തിരുന്നു. തൂങ്ങിമരണമെന്നാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
'ഇക്കാലത്ത് സ്വന്തം അപ്പനെപ്പോലും വിശ്വസിക്കാന്‍ സാധിക്കാത്ത സ്ഥിതിക്ക്
ഒരു പുരോഹിതന് നിങ്ങളുടെ വീട്ടില്‍ ഇത്രമാത്രം സ്വാതന്ത്ര്യം കൊടുത്തത്
എന്തിനാ അമ്മായെന്നും' മടങ്ങി പോകുംവഴി സബ് ഇന്‍സ്‌പെക്ടര്‍ ശാന്തിനിയോട്
ചോദിച്ചതും അവരിലെ കുറ്റബോധത്തെ പിടിച്ചുണര്‍ത്തിയിരുന്നു.
സോഫീയായുടെ ദയനീയമായ രൂപത്തോടു കൂടിയ ഏതാനും ഫോട്ടോകള്‍ ശാന്തിനി ഒരു
ഫയലില്‍ നിന്നും കണ്ടു. അത് ശാന്തിനി വിഷമിക്കാതിരിക്കാന്‍ അവരുടെ
ഭര്‍ത്താവ് ഒളിച്ചു വെച്ചിരുന്നതായിരുന്നു. മുഖം വികൃതമായും നാക്കു
തള്ളിയും ഇരുന്നു. ആ മുറിയില്‍ മകളെഴുതിയ ഒരു എഴുത്തുമുണ്ടായിരുന്നു.
അങ്ങനെ അവരുടെ അന്വേഷണം ആരംഭിച്ചു. പള്ളിയ്ക്കകത്തുള്ള ഒരു ക്രൂര
മരണമായിരുന്നുവെന്നും അവര്‍ക്ക് മനസിലായി. പള്ളിമുറിയിലെ ഉയരത്തിലുള്ള
ഫാനില്‍ പൊക്കം കുറഞ്ഞ സോഫിയ തൂങ്ങി മരിച്ചെന്നു വിശ്വസിക്കാനും
പ്രയാസമായിരുന്നു. സോഫിയായുടെ കത്തും വായിച്ചു. അതിലെഴുതിയിരുന്നത്, 'നീ
എന്റെ ജീവിതം നശിപ്പിച്ചു. എന്റെ മരണത്തിനുത്തരവാദി നീ മാത്രമായിരിക്കും.'
തമിഴില്‍ തുടങ്ങി അവസാനിപ്പിക്കുന്നത് ഇംഗ്ലീഷിലായിരുന്നു. ഇത് അവളുടെ
മരണത്തിനു ഒരു മാസം മുമ്പെഴുതിയ കത്താണ്. ഇങ്ങനെ എഴുതാന്‍ മാത്രം
അവള്‍ക്കുണ്ടായിരുന്ന സുഹൃത്ത് ആരോക്കിയരാജ് മാത്രമെന്ന്
ശാന്തിനിക്കറിയാമായിരുന്നു.
ശാന്തിനി സാധാരണ ബേസിക് ടെലിഫോണ്‍ ആയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്.
അതുകൊണ്ടു സ്മാര്‍ട്ട് ഫോണിന്റെ ടെക്ള്‍നോളജി സൗകര്യങ്ങളൊന്നും
അറിഞ്ഞുകൂടായിരുന്നു. ഇംഗ്ലീഷ് ഭാഷയും കാര്യമായി വശമായിരുന്നില്ല.
ശാന്തിനിയുടെ വിദ്യാഭ്യാസം വെറും പത്താം ക്ലാസ്സായിരുന്നു. എന്നിട്ടും
സ്മാര്‍ട്ട് ഫോണില്‍നിന്നും എല്ലാ കുറ്റവാളികളുടെ വിവരങ്ങളും ശേഖരിക്കാന്‍
കഴിഞ്ഞു. മകളെ കൊന്നതാരെന്നു ചോദിച്ചുകൊണ്ട് ആരോക്കിയരാജനോടും മറ്റുള്ള
പുരോഹിതരോടും വളരെയേറെ ബുദ്ധിപൂര്‍വം സംസാരിക്കുമായിരുന്നു.
വാളയാറുളള പള്ളി മുറിയില്‍ സോഫിയ മരിച്ചു ഒന്നര വര്‍ഷത്തിനുശേഷം
ശാന്തിനിയ്ക്ക് തന്റെ മകളുടെ ഘാതകനെ കണ്ടുപിടിക്കാന്‍ സാധിച്ചു. അതും ഒരു
നാടകീയമായ രീതിയിലാണ് ഘാതകനെ വലയിലകപ്പെടുത്താന്‍ സാധിച്ചത്. ഒരു
പോലീസുദ്യോഗസ്ഥന്‍ ചെയ്യേണ്ട ജോലികള്‍പോലെ അവര്‍ ബുദ്ധിപൂര്‍വം തെളിവുകള്‍
ശേഖരിച്ചു കൊണ്ടിരുന്നു. ആരോക്കിയരാജിനെ മാത്രമല്ല അയാളെ റോമില്‍ പോയി
രക്ഷപെടാന്‍ സഹായിച്ച ബിഷപ്പിനെയും മറ്റു പുരോഹിതരെയും ഒപ്പം കുടുക്കി.
കുറ്റവാളി കുറ്റം സമ്മതിച്ചുകൊണ്ടുള്ള ഓഡിയോ റെക്കോര്‍ഡും അവര്‍ക്ക്
നേടാന്‍ സാധിച്ചു. സോഫിയായുടെ മരണം ആത്മഹത്യയല്ല കൊലപാതകമായിരുന്നുവെന്നു
തീര്‍ച്ചയുമാക്കി. എങ്കിലും സോഫിയായുടെ മരണം സ്വാഭാവിക മരണമെന്ന നിലയില്‍
ആത്മഹത്യയായി പോലീസ് മാറ്റിയെടുത്തിരുന്നു.
പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റിക്കോര്‍ഡില്‍ ശാന്തിനി
റോസിലിയുടെ മകള്‍ ഫാത്തിമ സോഫീയ 2013 ജൂലൈ ഇരുപത്തിമൂന്നാതിയതി ആത്മഹത്യ
ചെയ്‌തെന്നും മരിച്ച യുവതിയുടേത് സ്വാഭാവിക മരണമെന്നുമായിരുന്നു.
എന്നാല്‍ അവളെ 'ആരോക്കിയരാജ് ' കഴുത്തു ഞെരിച്ചു ശ്വസം മുട്ടിച്ചു
കൊല്ലുകയായിരുന്നുവെന്നു കണ്ടെത്തി. ആരോക്കിയരാജ്! മകള്‍ സോഫിയായെ
കൊന്നുവെന്നു പറഞ്ഞു പോലീസ് കമ്മീഷണര്‍ ഓഫിസില്‍ ശാന്തിനി പരാതി കൊടുത്തു.
അവര്‍ കൊടുത്തിരിക്കുന്ന പെറ്റിഷനില്‍ പറഞ്ഞിരിക്കുന്നത് 'പുരോഹിതനായ
ആരോക്കിയരാജ് നിര്‍ബന്ധിച്ചു തന്റെ മകളെ പള്ളിയില്‍ കൊണ്ടുപോവുകയും അവളോട്
അപമര്യാദയായി പെരുമാറുകയും' ചെയ്തുവെന്നാണ്. "അതിനുശേഷം അവളെ ശ്വാസം
മുട്ടിച്ചു കൊന്നു." പോലീസിന്റെ അന്വേഷണത്തിലും മെഡിക്കല്‍
റിപ്പോര്‍ട്ടിലും പറഞ്ഞിരിക്കുന്നത് സോഫീയ ആത്മഹത്യ
ചെയ്തുവെന്നായിരുന്നു.എന്നാല്‍ അവളുടെ തന്നെ കൈപ്പടയില്‍ എഴുതിയ ഒരു
എഴുത്തില്‍ എഴുതിയിരിക്കുന്നത് 'എന്തെങ്കിലും എനിക്ക്
സംഭവിക്കുകയാണെങ്കില്‍ അതിനുത്തരവാദി ഫാദര്‍ ആരോക്കിയരാജ്
ആയിരിക്കുമെന്നാണ്.'. പരാതിയനുസരിച്ച് ഇക്കാര്യം സി ബി ഐ അന്വേഷണം ഉടന്‍
ആരംഭിക്കുമെന്നും അറിയിച്ചു. എങ്കിലും കേസുകാര്യങ്ങളുമായി തുടരന്വേഷണം
നടന്നില്ല. ശാന്തിനി ഇക്കാര്യം വാര്‍ത്തയാക്കാന്‍ ടെലിവിഷന്‍ ചാനലില്‍ പോയി
സത്യം ബോധിപ്പിച്ചു. തന്റെ മകള്‍ക്ക് നീതി കിട്ടാനാണ് അങ്ങനെ ചെയ്തതെന്നും
അവര്‍ പറഞ്ഞു.
ശാന്തിനിയുടെ അന്വേഷണങ്ങളില്‍നിന്നും ആരോക്കിയരാജാണ് സോഫിയെ കൊന്നതെന്ന്
അവര്‍ക്ക് മനസിലായെങ്കിലും കൊലപാതകം തെളിയിക്കാനുള്ള
തെളിവുകളുണ്ടായിരുന്നില്ല. ഇക്കാര്യം സംപ്രേഷണം ചെയ്യാന്‍ അവര്‍ ടെലിവിഷന്‍
ചാനലുകാരെയും അറിയിച്ചു. ശാന്തിനിയുടെ കാര്യം സത്യമെന്നു മനസിലാക്കിയ
ചാനലുകാര്‍ ആരോക്കിയരാജുമായി ഒരു അഭിമുഖ സംഭാഷണത്തിനായി റിപ്പോര്‍ട്ടറേയും
അയച്ചു. ശാന്തിനിയുടെ സഹോദരനെന്നു ആരോക്കിയരാജിനെ പരിചയപ്പെടുത്തി.
അതിനുശേഷം മകളുടെ മരണത്തെ പറ്റിയുള്ള സംഭാഷണം തുടങ്ങി. സോഫിയായുടെ
മരണത്തിനു ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശാന്തിനി റോസിലിന്‍
ആരോക്കിയരാജിനോട് സംസാരിച്ചത്. അദ്ദേഹം നടന്നപോലെ കുറ്റ സമ്മതം നടത്തി.
അതെല്ലാം ചാനലുകാരന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന വിവരം ആരോക്കിയ
രാജിനറിയില്ലായിരുന്നു. യാതൊരു സംശയവും തോന്നിയില്ല.
റോസിലി അയാളോട് പറഞ്ഞു, 'എന്റെ മകളെ ഞാന്‍ സ്വപ്നം കണ്ടു. അവള്‍
ഏങ്ങലടിച്ചു കരയുകയായിരുന്നു. എന്നിട്ട് അവളുടെ മരണത്തിന്റെ കാരണമെന്തെന്ന്
ചോദിക്കുകയായിരുന്നു.' ആരോക്കിയരാജ് പറഞ്ഞു, "ഞാന്‍ അവളെ
സ്വാന്തനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അലറിക്കൊണ്ട് എന്നില്‍ നിന്ന്
മാറുകയും അവളുടെ ദുപ്പട്ട ഞാന്‍ പിടിച്ചു വലിക്കുകയും ചെയ്തു. പുറത്തു
നിന്നാരോ വാതില്‍ മുട്ടിയപ്പോള്‍ ഒരു പെണ്ണ് എന്റെ മുറിയില്‍
ഉണ്ടെന്നറിയിക്കാതിരിക്കാന്‍ ഞാന്‍ അവളുടെ വായ് മൂടി കഴുത്തു ഞെരിച്ചു
ശ്വാസം മുട്ടിച്ചു." അവള്‍ തൂങ്ങി കിടക്കുകയായിരുന്നെന്നും ഹോസ്പിറ്റലില്‍
പോയവഴി മരിച്ചുവെന്നും പറയണമെന്ന്' പോലീസ് എന്നെ ഉപദേശിച്ചു. ഒന്നും
മനഃപൂര്‍വമായിരുന്നില്ല.' ഈ വിവരം ബിഷപ്പിനും മറ്റു പുരോഹിതര്‍ക്കും
അറിയാമായിരുന്നു. സംഭവം നടന്നിട്ടു വളരെക്കാലമായതുകൊണ്ടാണ് ഇന്നെല്ലാം
തുറന്നു പറയാന്‍ ധൈര്യം വരുന്നത്. ഇനിയും അതിനെപ്പറ്റിയുള്ള അന്വേഷണം
ഉണ്ടാവില്ലെന്നു പോലീസില്‍ നിന്ന് ഉറപ്പു കിട്ടിയിരുന്നുവെന്നും"
ആരോക്കിയരാജ്
പറഞ്ഞു.
ആരോക്കിയരാജിന്റെ കുറ്റസമ്മതമടങ്ങിയ ഓഡിയോയില്‍ പകര്‍ത്തിയ ഈ റിപ്പോര്‍ട്ട്
ചാനലുകാര്‍ രണ്ടു എപ്പിസോഡുകളായിട്ടാണ് സംപ്രേഷണം ചെയ്തത്. ആദ്യത്തേത് മതം
നല്‍കിയ വിലക്കിനെപ്പറ്റിയായിരുന്നു. അതില്‍ സോഫിയായുടെ കൊലപാതകി
ആരോക്കിയരാജെന്ന് പറയുന്നുണ്ട്. അന്ന് ശാന്തിനിയുടെ വീടിനു നേരെ
കല്ലേറുണ്ടാവുകയും പോലീസ് ഇടപെട്ടു സംരക്ഷണം നല്‍കുകയും ചെയ്തു. തന്റെ
മകള്‍ക്ക് നീതി കിട്ടാന്‍വേണ്ടി അങ്ങേയറ്റം പോവുമെന്ന് അവര്‍ 'നാരദാ'
പത്രത്തില്‍ പ്രതികരിച്ചിരുന്നു. സഭയും പള്ളിയുമെല്ലാം ഇതിനിടയില്‍ വലിയ
ഒച്ചപ്പാടുണ്ടാക്കിയിരുന്നു. എങ്കിലും ചാനലുകാര്‍ ഭയപ്പെട്ടില്ല. അവര്‍
രണ്ടാമത്തെ എപ്പിസോഡും പുറത്തിറക്കി. അതില്‍ ആരോക്കിയരാജിന്റെ കുറ്റം ഏറ്റു
പറയുന്ന ശബ്ദവും ഉണ്ടായിരുന്നു. ആരോക്കിയരാജിന്റെ കുറ്റസമ്മതം
ടെലിവിഷനില്‍ക്കൂടെ കേട്ടപ്പോള്‍ വീടിനു കല്ലെറിഞ്ഞവര്‍ പോലും ഞെട്ടി.
ശാന്തിനി വലിയ വിദ്യാഭ്യാസമുള്ള സ്ത്രീയല്ല. എങ്കിലും ഒരു കുറ്റാന്വേഷക
വിദഗ്ദ്ധയെപ്പോലെ നീതി ലഭിക്കുന്നവരെ സമരം തുടരുമെന്ന് പ്രതിജ്ഞ
ചെയ്തിരിക്കുകയാണ്. ആരോക്കിയരാജിന്റെ ഈ ശബ്ദം ടെലിവിഷന്‍ ചാനലില്‍
വന്നതില്‍ പിന്നീട് അദ്ദേഹം ആരു ടെലിഫോണ്‍ വിളിച്ചാലും
എടുക്കില്ലായിരുന്നു.
ഇതിനിടയില്‍ സഭാകോടതി കൂടുകയും ആരോക്കിയരാജിനെ അന്വേഷണ വിധേയമായി
വൈദികവൃത്തിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പുറത്താക്കല്‍
കൊലപാതകത്തിന്റെ പേരിലല്ല മറിച്ചു ലൈംഗിക പീഡനത്തിന്റെ പേരിലായിരുന്നു.
പിന്നീടുള്ള കേസിന്റെ സത്യാവസ്ഥ അറിയാനുള്ള ശാന്തിനിയുടെ ശ്രമങ്ങള്‍
മുഴുവനും വിജയകരമായിരുന്നു. ഒന്നര വര്‍ഷം മുമ്പ് നടന്ന ഈ കൊലപാതക കേസ്
വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. തെളിവുകളായി പുരോഹിതന്‍ കുറ്റം
സമ്മതിച്ച ഫോണ്‍ റെക്കോര്‍ഡുകളുമുണ്ടായിരുന്നു. അതെല്ലാം കോടതിയ്ക്ക്
കൈമാറി. അന്നത്തെ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഡിജിപി
സെന്‍കുമാറിനും കേസിന്റെ കോപ്പികള്‍ അയച്ചിരുന്നു. ബിഷപ്പിനെ കാണാന്‍
ശാന്തിനി മുപ്പത്തിമൂന്നു പ്രാവിശ്യം പോയിരുന്നു. അപ്പോഴെല്ലാം ബിഷപ്പ്
അവരെ കാണാന്‍ കൂട്ടാക്കിയിരുന്നില്ല.
സഭയ്ക്കും ആരോക്കിയരാജിനുമെതിരെ പോരാട്ടം തുടങ്ങിയശേഷം ഈ കേസ് ഒത്തു
തീര്‍ക്കാന്‍ അനേക ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും ശാന്തിനി പറയുന്നു. അവര്‍
സഭയുമായി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലായിരുന്നു. അവസാനം സഭ പ്രതികാര
നടപടികളുമായി ശാന്തിനിയെയും കുടുംബത്തെയും സഭയില്‍ നിന്നും പുറത്താക്കി.
2015 ഡിസംബറില്‍ ആരോക്കിയരാജിനെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
തെളിവുകള്‍ ഹാജരാക്കിയപ്പോള്‍ നീതി പാലകര്‍ക്ക് നടപടികള്‍ നടത്താതെ
നിവൃത്തിയില്ലെന്നുമായി. നീതിക്കു വേണ്ടി അവര്‍ ലക്ഷക്കണക്കിന് രൂപ
ചെലവാക്കി. കൂടെ ബിഷപ്പിനെയും അഞ്ചു പുരോഹിതരെയും പോലീസ് അറസ്റ്റു ചെയ്തു.
അക്കൂടെ കോയമ്പത്തൂര്‍ രൂപത ബിഷപ്പ് ഡോകടര്‍ തോമസ് അക്വിനോര്‍, ഫാദര്‍
മേല്‍ക്കറെ, ലോറന്‍സ്, മദലൈ മുത്തു, കുളന്ത രാജ് എന്നിവരും ഉണ്ടായിരുന്നു.
ഇരുപത്തിരണ്ടു ദിവസത്തിനുശേഷം ആരോക്കിയരാജിന് ജാമ്യം കിട്ടി. ആഴ്ചയില്‍
രണ്ടുദിവസം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണം. സോഫിയായുടെ ഫോണ്‍
കോളുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഡയറിയില്‍ എഴുതിയ കയ്യക്ഷരവും
സോഫിയാ എഴുതിയതെന്നു തെളിയണം. ഇപ്പോഴത്തെ തെളിവുകളുടെ അടിസ്ഥാനത്തില്‍
ആരോക്കിയരാജ് ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. പക്ഷെ ശാന്തിനി അതുകൊണ്ടു
മാത്രം തൃപ്തയല്ല. ഈ കൊലപാതകത്തിന് ഉത്തരവാദികളായവരെയും ഈ കേസ് മൂടി
വെക്കാന്‍ ശ്രമിച്ച ബിഷപ്പടക്കം പുരോഹിതരെയും നിയമത്തിന്റെ മുമ്പില്‍
അവരുടെ കുറ്റങ്ങള്‍ തെളിയിക്കണമെന്നുള്ള വാശിയാണ് ശാന്തിനിക്കിന്നുള്ളത്.
ആരോക്കിയരാജ്! തന്റെ കുറ്റസമ്മതം സഭാ നേതൃത്വത്തോട് പറഞ്ഞതാണ്. ഈ കേസ്
ഒളിച്ചു വെച്ചത് പള്ളിയുടെ ഉന്നത തലത്തില്‍ ഇരിക്കുന്നവരായിരുന്നു.
വൈദിക പട്ടത്തില്‍ നിന്ന് പുറത്താക്കിയാല്‍ മാത്രം ഒരു കൊലപാതകിയ്ക്ക്
ശിക്ഷയാവുകയില്ല. കോടതിയില്‍ ഹാജരാകാതെ നാല് പുരോഹിതരും ബിഷപ്പും ഒളിച്ചു
നടക്കുകയായിരുന്നു. അവര്‍ നീതിക്കു വേണ്ടി പോരാടുമ്പോഴും സഭയുടെ
അധികാരികള്‍ പണവും പ്രതാപവും കൊണ്ട് കേസിനെ നേരിടുകയായിരുന്നു. പ്രതികളായ
ബിഷപ്പും പുരോഹിതരും എത്രയോ വലിയവരെന്നും ശാന്തിനിക്ക് തോന്നുന്നുണ്ട്.
എന്തും സംഭവിക്കാമെന്നു അറിയാമെങ്കിലും തന്റെ മകളുടെ കരച്ചില്‍ അവരുടെ
ചെവിയില്‍ മുഴങ്ങുന്നതുകൊണ്ട് തളര്‍ച്ചയിലും പൊരുതാന്‍ തന്നെയാണ് അവരുടെ
തീരുമാനം.
കോടതി തെളിവുകള്‍ പല പ്രാവിശ്യം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും പോലീസ്
നാളിതുവരെ അതിനു തയ്യാറാകുന്നുമില്ല. കഴുത്തില്‍ കുരുക്കിട്ടെന്നു പറയുന്ന
പ്രധാന തൊണ്ടിയായിരുന്ന 'ദുപ്പട്ടയും' കണ്ടെത്താനാവുന്നില്ല. പോലീസ് ഒരു
ഒളിച്ചുകളിയാണ് നടത്തുന്നതെന്ന് ശാന്തിനി കരുതുന്നു. ഒരു ഭാഗത്ത്
ശാന്തിനിയെ ആശ്വസിപ്പിക്കുകയും മറുഭാഗത്ത് ബിഷപ്പിനെ രഹസ്യമായി
സഹായിക്കുകയും ചെയ്യുന്ന നയമാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്.
ആരോക്കിയരാജിനെ ശിക്ഷിക്കുകയാണെങ്കിലും സ്ത്രീ പീഡനം എന്ന വകുപ്പിലെ
ശിക്ഷിക്കുള്ളൂ. കൊല ചെയ്തുവെന്നുള്ള തെളിവുകള്‍ അവര്‍ നശിപ്പിച്ചു കളഞ്ഞു.
കൊലപാതകക്കുറ്റത്തില്‍ ശിക്ഷിക്കുമെന്നും ഉറപ്പില്ല. അതേ സമയം
ബിഷപ്പടക്കമുള്ളവര്‍ ഈ കേസില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും.
സോഫിയായെന്ന പെണ്‍കുട്ടിയെ കൊലചെയ്തിട്ട് നാലുവര്‍ഷം കഴിയുന്നു. സ്വന്തം
മകള്‍ക്ക് നീതികിട്ടുമോയെന്ന സംശയത്തിലാണവര്‍. പ്രതികളായവര്‍ ബിഷപ്പും
പുരോഹിതരുമായതിനാല്‍ അവര്‍ക്ക് ശക്തമായ രാഷ്ട്രീയ സ്വാധീവും ലഭിക്കുന്നു.
ഏറ്റവും അവസാനമായി കേള്‍ക്കുന്ന വാര്‍ത്തകള്‍ അധികാരികള്‍ കിട്ടാവുന്ന
തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ചുവെന്നുള്ളതാണ്. കേസുമായി പോവുന്ന ഈ
അമ്മയുടെ മകളെ അവര്‍ ആദ്യം കൊന്നു. കേസില്‍ നിന്ന് പിന്തിരിയാഞ്ഞതുകൊണ്ട്
അവരെയും കുടുംബത്തെയും മതത്തില്‍ നിന്നു പുറത്താക്കി. മതത്തിനെതിരെ
കേസുമായി പോയതുകൊണ്ട് വിശ്വാസികള്‍ അവരുടെ വീടിനു നേരെ കല്ലെറിഞ്ഞു.
അവരെപ്പറ്റി പുരോഹിതര്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
എന്നിട്ടും അടിപതറാതെ ആ 'അമ്മ കേസുമായി മുമ്പോട്ട് പോവുന്നു.
ചില പുരോഹിതരുടെ പെരുമാറ്റങ്ങള്‍മൂലം കേസുകാര്യങ്ങളുമായി നടന്ന ശാന്തിനിയെ
വളരെയധികം വേദനിപ്പിച്ചിരുന്നു. ഫാദര്‍ മതലൈമുത്തു ചാനലുകാരോടു പറഞ്ഞത്,
ശാന്തിനി അവരുടെ മകളെ വിറ്റ് പണമുണ്ടാക്കിയിരുന്നു വെന്നാണ്. ഇത്തരം നീചരായ
പുരോഹിതരാണ് സഭയില്‍ നിറഞ്ഞിരിക്കുന്നത്. ഇത്രമാത്രം ക്രൂര കൃത്യം
ചെയ്തിട്ടും അവര്‍ ജയിക്കുന്നു. അതുതന്നെയാണോ മകളെ കൊന്ന ഘാതകനും അതിനു
കൂട്ട് നിന്നവര്‍ക്കും ലഭിക്കാന്‍ പോകുന്നതെന്നും ശാന്തിനി
ചിന്തിക്കാറുണ്ട്. ഇവിടെ പരാജയപ്പെട്ടാല്‍ കേസ് സിബിഐ യെ കൊണ്ടു
അന്വേഷിപ്പിക്കാനും ശാന്തിനി ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ആ 'അമ്മ ആരോടും
ഒത്തുതീര്‍പ്പില്ലാതെ മരിച്ചുപോയ മകള്‍ക്കു നീതികിട്ടാനുള്ള പോരാട്ടം
തുടര്‍ന്നു കൊണ്ടിരിക്കുന്നു.
അരമനയും പുരോഹിതരും ഒരു കേസിലുള്‍പ്പെട്ടാല്‍ നീതിന്യായ പീഠങ്ങള്‍ പോലും
തെളിവുകളുടെ അഭാവത്താല്‍ നിസ്സഹായരാവും. അത്തരം സ്ഥിതിവിശേഷങ്ങളാണ് നമ്മുടെ
നാടിന്റെ കഴിഞ്ഞകാല ചരിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. കുറച്ചു
കഴിയുമ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് ശബ്ദമുണ്ടാക്കാന്‍ മറ്റൊരു വാര്‍ത്ത
കിട്ടും. അപ്പോള്‍ പഴയവാര്‍ത്തകള്‍ തമസ്ക്കരിക്കപ്പെടും. മതത്തിന്റെ
അധീനതയിലുള്ള ഏതുതരം കേസുകളിലും ശക്തരായ പ്രതികള്‍ നിയമത്തിന്റെ
കുടുക്കില്‍നിന്നും എന്നും രക്ഷപെട്ടിട്ടേയുള്ളൂ. മാടത്തരുവിക്കേസ്,
അഭയാക്കേസ് എന്നിങ്ങനെയുള്ള കേസുകളെല്ലാം സ്വാധീനത്തിന്റെ പുറത്ത് മാഞ്ഞു
പോവുകയായിരുന്നു. പണത്തിന്റെ മീതെ ഒരു പരുന്തും പറക്കില്ലെന്നുള്ള
നിയമവ്യവസ്ഥയാണ് ഭാരതത്തിലുള്ളത്. സഭയെ സംബന്ധിച്ചുള്ള പ്രമാദമായ ഒരു കേസ്
വരുമ്പോള്‍ കുറെ പോലീസുദ്യോഗസ്ഥരും വക്കീലന്മാരും ഇടനിലക്കാരും
പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കിക്കൊണ്ടു പണം കൊയ്തുകൊണ്ടിരിക്കും.
സാക്ഷികളും പ്രതികളും കോടതിയില്‍ ഹാജരാകാതെയും കോടതികള്‍
നീട്ടിക്കൊണ്ടുപോയും കേസിനു തീര്‍പ്പു കല്‍പ്പിക്കാതെയും ഫയലുകളെല്ലാം
രഹസ്യ സങ്കേതങ്ങളില്‍ ഒളിപ്പിച്ചും വെച്ചിരിക്കും.