Image

സ്‌നേഹവും ജീവനും പങ്കുവയ്ക്കലാണ് കുടുംബജീവിതത്തിന്റെ ധര്‍മ്മം: മാര്‍ മാത്യു അറയ്ക്കല്‍

Published on 11 March, 2017
  സ്‌നേഹവും ജീവനും പങ്കുവയ്ക്കലാണ് കുടുംബജീവിതത്തിന്റെ ധര്‍മ്മം: മാര്‍ മാത്യു അറയ്ക്കല്‍
കാഞ്ഞിരപ്പള്ളി:  കുടുംബജീവിതത്തിന്റെ യഥാര്‍ത്ഥമായ ധര്‍മ്മം സ്‌നേഹവും ജീവനും പങ്കുവയ്ക്കുക എന്നതാണെന്നും സഭയുടെ ഏറ്റവും ചെറിയ പതിപ്പായ കുടുംബങ്ങളില്‍ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിന് ദൈവത്തിന്റെ കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍.  കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

    സഭയുടെ വിശ്വാസ പൈതൃകം മാതാപിതാക്കളിലൂടെ മക്കളിലേയ്ക്ക് കൈമാറപ്പെടുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു. 

    പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് എസ്എബിഎസ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അമല കിടങ്ങത്താതെ നേതൃത്വം നല്‍കി.  രൂപതാ വികാരി ജനറാള്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു.  പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു പന്തിരുവേലി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. മൈനോരിറ്റി കമ്മീഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതാംഗമായ അഡ്വ.ബിന്ദു എം.തോമസിനെ സമ്മേളനത്തില്‍ അദരിച്ചു.

    തുടര്‍ന്ന്  'സ്‌നേഹത്തിന്റെ സന്തോഷം' എന്ന ഫ്രാന്‍സീസ് മാര്‍പാപ്പായുടെ അപ്പസ്‌തോലിക പ്രബോധനം അടിസ്ഥാനമാക്കി ഫാമിലി അപ്പസ്‌തോലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ.തോമസ് വെണ്‍മാന്തറയും ടീമും ക്ലാസ് നയിച്ചു.  വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കമ്മീഷന്‍ സെക്രട്ടറിമാരായ എ.ജെ.ജോസഫ് അടിച്ചിലാമാക്കല്‍, സണ്ണി എട്ടിയില്‍, ജോസ് വെട്ടം, സിസ്റ്റര്‍ അമല എസ്എബിഎസ്, ബിനോ വട്ടപ്പറമ്പില്‍, സിസ്റ്റര്‍ മേരി മേലേടത്ത് എ.ഒ., ബെന്നി ജോസഫ് എന്നിവര്‍ അവതരിപ്പിച്ചു.  ചര്‍ച്ചകള്‍ക്ക് റവ.ഡോ.കുര്യന്‍ താമരശ്ശേരി  മോഡറേറ്ററായിരുന്നു.  ഒരു വര്‍ഷമായി ഭീകരരുടെ പിടിയിലായിരിക്കുന്ന ഫാ.ടോം ഉഴുന്നാലിലിന്റെ മോചനനടപടികള്‍ അടിയന്തരമാക്കണമെന്നും, കസ്തൂരിരംഗന്‍ വിഷയത്തില്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി സംരക്ഷിത വനമേഖലമാത്രം ഇഎസ്എയായി പരിഗണിച്ച് എത്രയുംവേഗം അന്തിമവിജ്ഞാപനമിറക്കണമെന്നുമാവശ്യപ്പെട്ട് ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി. ത്രേസ്യാമ്മ ഫിലിപ്പ് സമ്മേളനത്തില്‍ നന്ദിയര്‍പ്പിച്ചു. രൂപതാ വികാരി ജനറാള്‍ റവ.ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍, പ്രൊക്യുറേറ്റര്‍ റവ.ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി. 


കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം 1 

    2016 മാര്‍ച്ച് നാലിന് യമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ രോഗികളും വൃദ്ധരുമായവരുടെ അഭയകേന്ദ്രമായ കാരുണ്യഭവനിലെ ഭീകരതാണ്ഡവത്തില്‍ സന്യാസിനിമാരുള്‍പ്പെടെ 16 പേര്‍ അതിദാരുണമായി കൊലചെയ്യപ്പെടുകയും അവരോടൊപ്പമുണ്ടായിരുന്ന ഫാ.ടോം ഉഴുന്നാലില്‍ ഭികരരുടെ പിടിയിലകപ്പെടുകയും ചെയ്തു. ഒരു വര്‍ഷം പിന്നിട്ടിട്ടും ഈ അക്രമത്തിനു പിന്നില്‍ ആരെന്നോ ഭീകരരുടെ ലക്ഷ്യമെന്തെന്നോ വ്യക്തതയില്ല. ഫാ.ടോം എവിടെയെന്ന ചോദ്യത്തിന് ഉത്തരവുമില്ല.  2016 ഡിസംബര്‍ 26ന് ക്രിസ്മസ് പിറ്റേന്നിറങ്ങിയ വീഡിയോ ക്ലിപ്പിങ്ങിനപ്പുറം നമ്മുടെ സംശയങ്ങള്‍ക്കും ശമനമുണ്ടായിട്ടില്ല.
    ഒരു പൗരന്റെ ജീവന് സംരക്ഷണമേകേണ്ട ഉത്തരവാദിത്വം ഗൗരവമായി നിര്‍വഹിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ഫാ.ടോമിന്റെ മോചനനടപടികള്‍ അടിയന്തരമാക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. 
    ലോകംമുഴുവന്‍ വ്യാപിച്ച് വളര്‍ന്നുപന്തലിച്ച് നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെ അനേകായിരങ്ങള്‍ക്ക് ആശ്രയവും അഭയവും സംരക്ഷണവും പ്രത്യാശയുമേകുന്ന ക്രൈസ്തവ ശുശ്രൂഷകളേയും സഭാസംവിധാനങ്ങളേയും വെല്ലുവിളിക്കുന്ന തീവ്രവാദഅജണ്ടകളെ നാം ഗൗരവമായി കാണമെന്ന് ഈ സമ്മേളനം സൂചിപ്പിക്കുന്നു. 
    വിശ്വാസത്തെപ്രതിയുള്ള പീഢനങ്ങളില്‍ തളരുന്നവരല്ല ക്രൈസ്തവസമൂഹം.  ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിച്ച് ക്രൈസ്തവ സാക്ഷ്യമാകാന്‍ ആഹ്വാനം ചെയ്ത ക്രിസ്തുവിന്റെ വാക്കുകളെ നെഞ്ചോടുചേര്‍ത്തുവെച്ച് സ്വന്തം ജീവിതംകൊണ്ട് വചനം പങ്കുവയ്ക്കുകയാണ് ഫാ.ടോം.  ക്രിസ്തുവിനെപ്രതി പീഢകള്‍ സഹിക്കുന്ന ജീവിക്കുന്ന രക്തസാക്ഷിയായ ആ വൈദികനുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കണമെന്ന് രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സഭാമക്കളോട് അഭ്യര്‍ത്ഥിക്കുന്നു.    

പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം 2

    പരിസ്ഥിതിലോല പ്രദേശനിര്‍ണ്ണയം സംബന്ധിച്ച് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകളിന്മേലുള്ള  അന്തിമവിജ്ഞാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹാരമില്ലാതെ തുടരുകയാണ്.  കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രധാന ഭൂപ്രദേശങ്ങള്‍ നിലവില്‍ ഇഎസ്എയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഗൗരവമുള്ള പ്രശ്‌നമാണ്.  ഇതിനോടകം ഒട്ടേറെ പ്രക്ഷോഭങ്ങളും നിവേദനങ്ങളും നടത്തപ്പെടുകയുണ്ടായി.  ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി സംരക്ഷിത വനമേഖലമാത്രം ഇഎസ്എയായി പരിഗണിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയിലാണ് ഈ വിഷയത്തില്‍ നാമിപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പരിഗണിച്ച് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിക്കുന്നു.  പശ്ചിമഘട്ടജനതയുടെ ജീവിത സംരക്ഷണത്തിനായി രാഷ്ട്രീയത്തിനപ്പുറം എല്ലാ രാഷ്ട്രീയ ജനകീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. 


ഫാ. മാത്യു പുത്തന്‍പറമ്പില്‍
പി.ആര്‍.ഒ.
9447564084




  സ്‌നേഹവും ജീവനും പങ്കുവയ്ക്കലാണ് കുടുംബജീവിതത്തിന്റെ ധര്‍മ്മം: മാര്‍ മാത്യു അറയ്ക്കല്‍
കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. മൈനോരിറ്റി കമ്മീഷന്‍ അംഗം അഡ്വ.ബിന്ദു എം.തോമസ്, രൂപതാ വികാരി ജനറാള്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി, രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, രൂപതാ വികാരി ജനറാള്‍ റവ.ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു പന്തിരുവേലി, മുന്‍ സെക്രട്ടരി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക