Image

ജനാധിപത്യശക്തികള്‍ക്കു പരാജയം സംഭവിച്ചു കൂടാ (ജോയ് ഇട്ടന്‍)

ജോയ് ഇട്ടന്‍ Published on 12 March, 2017
ജനാധിപത്യശക്തികള്‍ക്കു പരാജയം സംഭവിച്ചു കൂടാ  (ജോയ് ഇട്ടന്‍)
ഭാരതം  മറ്റൊരിക്കലുമില്ലാത്ത തരത്തിലുള്ള സങ്കീര്‍ണപ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നടന്ന നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ പ്രമുഖ ദേശിയപ്പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പ്രകടനം ഒട്ടും ആശാവഹമല്ല എന്ന് കുറിക്കേണ്ടി വന്നതില്‍ ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ വലിയ വിഷമമുണ്ട് . കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് എന്ത് തന്നെ പോരായ്മകള്‍ ഉണ്ടായാലും ഇന്ത്യയിലെ ജനങളുടെ ആശയവും ,വിശ്വാസവുമാണ് ആ പാര്‍ട്ടി .ജനങ്ങളെ വിശ്വാസത്തിലെടുത്തു ജനകീയ പാര്‍ട്ടിയാവാനാണ് അവര്‍ ശ്രമിക്കേണ്ടത്.  ഈ വര്‍ഷമൊടുവിലാണു ഗുജറാത്തിലും ഹിമാചലിലും തെരഞ്ഞെടുപ്പു നടക്കുക. അവിടെയെങ്കിലും ബി.ജെ.പിയെ തടയിടാന്‍ ജനാധിപത്യശക്തികള്‍ക്കു കഴിയണം.

 അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം മതേതരഇന്ത്യക്കു നല്‍കുന്നതു കര്‍ക്കശമായ മുന്നറിയിപ്പാണ്. രണ്ടുവര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സൂചകമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലമെന്നു വിലയിരുത്തിയാല്‍ കാര്യങ്ങള്‍ തീര്‍ത്തും ആശാവഹമല്ലെന്നു തന്നെ പറയേണ്ടിവരും.

 ബിഹാറിലെ തെരഞ്ഞെടുപ്പില്‍ ഐക്യനിരയുയര്‍ത്തി ബി.ജെ.പിയെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ കൊയ്ത വിജയത്തില്‍ ഈ രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഏറെ പ്രതീക്ഷയാണുണ്ടായിരുന്നത്. ഭാവിയിലും ഇന്ത്യയിലെങ്ങും ആ ഐക്യനിര ആവര്‍ത്തിക്കുമെന്ന് അവര്‍ സ്വപ്നം കണ്ടു. ഉത്തര്‍പ്രദേശില്‍ രാഹുലും അഖിലേഷും സഖ്യത്തിലായപ്പോള്‍ സന്തോഷിക്കുകയും ചെയ്തു.

 എന്നാല്‍ ജാതിവര്‍ഗീയ വോട്ടു പാടില്ലെന്ന സുപ്രിംകോടതിയുടെ വിധിയുണ്ടായപ്പോള്‍ ഉത്തര്‍പ്രദേശില്‍ ആദ്യഘട്ടത്തില്‍ അക്കാര്യത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിച്ച ബി.ജെ.പി തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളില്‍ അതിഭീകരമായ വര്‍ഗീയധ്രുവീകരണമാണുണ്ടാക്കിയത്. ചരിത്രത്തിലെ എക്കാലത്തെയും വമ്പന്‍ വിജയം കൊയ്യാന്‍ അവര്‍ക്കു സാധ്യമായതിന്റെ പ്രധാനകാരണവും അതുതന്നെയാണ്.

 ഉത്തരാഖണ്ഡിലാവട്ടെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിനെ ഛിന്നഭിന്നമാക്കി നാണംകെട്ട രാഷ്ട്രീയക്കളിയാണ് തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി നടത്തിയത്. അതിന്റെ അനുരണനങ്ങള്‍ തന്നെയാണു തെരഞ്ഞെടുപ്പു ഫലത്തിലും കണ്ടത്. മണിപ്പൂരിലും ഗോവയിലും വിചാരിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൗശലപരമായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ ബി.ജെ.പി ഭരണത്തില്‍ വരാനുള്ള ശ്രമങ്ങളെ ചെറുക്കുക തന്നെ വേണം.

 പഞ്ചാബ് മാത്രമാണു വിഭിന്നമായ ഫലം നല്‍കിയ സംസ്ഥാനം. ബി.ജെ.പിഅകാലിദള്‍ സഖ്യത്തിന്റെ നെറികെട്ട അഴിമതി ഭരണത്തിനുനേരേ ജനങ്ങള്‍ ചൂണ്ടിയ വിരലാണത്.

ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഡല്‍ഹിയില്‍ ഉദിച്ചു രാജ്യത്തിന് ആശ നല്‍കിയ ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും എന്താണു സംഭവിക്കുന്നതെന്നുകൂടി അറിയേണ്ടതുണ്ട്. രാഹുല്‍, സ്വയം തേരുതെളിച്ച തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞത്. പ്രത്യയശാസ്ത്രപരമായും തന്ത്രപരമായും തകര്‍ന്നടിയുന്ന കോണ്‍ഗ്രസിനു ജനങ്ങളെലേയ്‌ക്കെത്താന്‍ കഴിയുന്നില്ലെന്ന ദയനീയാവസ്ഥയാണിന്ന്. അടിസ്ഥാനപരമായ ആശയങ്ങളില്‍ നിന്നു വ്യതിചലിച്ചതാണു കോണ്‍ഗ്രസിനു വിനയായത്. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേതിയിലുള്ള നാലു നിയമസഭാസീറ്റും കോണ്‍ഗ്രസിനു കൈമോശം വന്നതിന് ഇതിനേക്കാള്‍ മറ്റൊരു കാരണമില്ല.

 ബി.ജെ.പിയുടെ  അട്ടിമറി വിജയത്തിനു വഴിയൊരുക്കിയത് ജനാധിപത്യകക്ഷികള്‍ക്കിടയിലെ ഐക്യമില്ലായ്മയും തമ്മില്‍ത്തല്ലുമാണ്. ഫാസിസ്റ്റ് വിരുദ്ധവോട്ടുകള്‍ ഒന്നിപ്പിക്കുന്നതിലല്ല, പരമാവധി ഭിന്നിപ്പിക്കുന്നതിലായിരുന്നു അവരെല്ലാം മത്സരിച്ചത്. യു.പിയിലും ഉത്തരാഖണ്ഡിലും കണ്ടത് ജനാധിപത്യകക്ഷികളുടെ കാലുവാരി തോല്‍പ്പിക്കലാണ്.ഇത്തരം രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയേ മതിയാകു.ഇല്ലങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തന്നെ സമീപ ഭാവിയില്‍ തകര്‍ന്നു തരിപ്പണമാകും .

ജനാധിപത്യശക്തികള്‍ക്കു പരാജയം സംഭവിച്ചു കൂടാ  (ജോയ് ഇട്ടന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക