Image

മാധ്യമങ്ങള്‍ അധികാര കേന്ദ്രമാകുന്നതിനുപകരം സമൂഹത്തിന്റെ കണ്ണും കാതുമാകണം: ബി.ആര്‍.പി. ഭാസ്‌കര്‍

Published on 14 March, 2017
മാധ്യമങ്ങള്‍ അധികാര കേന്ദ്രമാകുന്നതിനുപകരം സമൂഹത്തിന്റെ കണ്ണും കാതുമാകണം: ബി.ആര്‍.പി. ഭാസ്‌കര്‍

      കുവൈത്ത് : സമൂഹത്തിന്റെ കണ്ണും കാതുമാണ് മാധ്യമങ്ങള്‍. രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിച്ചു നല്കുകയെന്ന ദൗത്യമാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രാഥമികമായി നിര്‍വഹിക്കേണ്ടതെന്നും തങ്ങളും അധികാര കേന്ദ്രങ്ങളാണെന്ന ധാരണ മാധ്യമപ്രവര്‍ത്തകര്‍ സ്വയം വച്ചുപുലര്‍ത്തരുതെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി. ഭാസ്‌കര്‍. മലയാളി മീഡിയ ഫോറം കുവൈത്ത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന മീഡിയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാഭ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം നോക്കികണ്ട് പത്രങ്ങളെ ഉത്പന്നമായി മാത്രം കാണുന്ന പ്രവണത ആശാസ്യമല്ല. വായനക്കാരുടെ ചിന്തയെ ശക്തമായി സ്വാധീനിക്കുവാനുള്ള കഴിവ് മാധ്യമങ്ങള്‍ക്കുണ്ട്. വിറ്റുവരവുള്ള ഉത്പന്നത്തിന്റെ ഉടമകള്‍ ലാഭം മാത്രം ലക്ഷ്യമിടുന്‌പോള്‍ സ്വാഭാവികമായും മൂല്യങ്ങള്‍ക്ക് വിലയില്ലാതാവുന്നു. അവിടെ ശക്തമായി പ്രതിരോധിക്കുവാനും ബോധവാന്മാരാകാനും പൊതു ജനത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

അമേരിക്കയിലുണ്ടായ ട്രംപിന്റെ അധികാര കൈമാറ്റവും ഇന്ത്യയിലെ ഭരണമാറ്റവും അപകടകരമായി കാണേണ്ടതില്ല. രാജ്യതാത്പര്യം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതാണ് അടിസ്ഥാനപരമായി നിരീക്ഷിക്കേണ്ടത്. സര്‍ക്കാരുകള്‍ മാറിമാറിവരും. സര്‍ക്കാരിനു പുറത്തും അധികാരശക്തികളുണ്ട്. അതുകൊണ്ടാണ് പ്രവര്‍ത്തനം എന്നതുപോലെ പ്രതിവര്‍ത്തനവും ശക്തമായി നടക്കുന്നത്. അധികാരികളുടെ പ്രവര്‍ത്തനം അപകടകരമാണെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയണമെന്നും ബി.ആര്‍.പി. ഭാസ്‌കര്‍ പറഞ്ഞു.

ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു. മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട് അധ്യക്ഷത വഹിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ സുവനീറിന്റെ പ്രകാശനം അബ്ദുള്‍ ഫത്താഹ് തയ്യിലില്‍ നിന്നും ഏറ്റുവാങ്ങി മുഖ്യാതിഥി ബി.ആര്‍.പി.ഭാസ്‌കര്‍ നിര്‍വഹിച്ചു. ഇസ്മായില്‍ പയ്യോളി, സലിം കോട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു റാഫി കാലിക്കറ്റ്, ബിജു തിക്കൊടി എന്നിവരുടെ നേതൃത്വത്തില്‍ സംഗീതനിശയും അരങ്ങേറി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക