Image

വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച രാജ്യം ജര്‍മനി

Published on 16 March, 2017
വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച രാജ്യം ജര്‍മനി
  ബെര്‍ലിന്‍: വിദേശത്തുനിന്നുള്ളവര്‍ക്ക് പഠിക്കാന്‍ ഏറ്റവും നല്ല യൂറോപ്യന്‍ രാജ്യമായി ജര്‍മനി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റഡി ഡോട്ട് ഇയു നടത്തിയ സര്‍വേ അനുസരിച്ചാണ് പുതിയ റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. ദീര്‍ഘകാലമായി ഈ സ്ഥാനം കൈയടക്കി വച്ചിരുന്ന യുകെയെ മറികടന്നാണ് 83.2 പോയിന്റ് നേടി ജര്‍മനി ഒന്നാമതെത്തിയത്.

മൂന്നു മാനദണ്ഡങ്ങളാണ് കണക്കിലെടുത്തത്. മൂന്നിലും ജര്‍മനി തന്നെയാണ് മുന്നിലെത്തിയതെന്നും സ്റ്റഡി ഡോട്ട് യുകെ അറിയിച്ചു. ട്യൂഷന്‍ ഫീസ് നിര്‍ത്തലാക്കിയതോടെ ജര്‍മനിയില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവ് ഗണ്യമായി കുറഞ്ഞതും അനുകൂല ഘടകമായി. 

ജര്‍മനിയില്‍ പഠിച്ചവര്‍ക്ക് അവിടെ തന്നെയോ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലോ ജോലി കിട്ടാന്‍ കൂടുതല്‍ എളുപ്പവുമാണിപ്പോള്‍. ജര്‍മനിയില്‍ ബിരുദം പൂര്‍ത്തിയാക്കിയവരില്‍ വെറും 2.3 ശതമാനം പേരാണ് തൊഴില്‍രഹിതരായി തുടരുന്നതെന്നും കണ്ടെത്തിയിരുന്നു.

നിലവിലെ നിയമം അനുസരിച്ച് പഠന വീസയിലെത്തുന്നവര്‍ക്ക് പഠനം കഴിഞ്ഞാല്‍ 18 മാസത്തെ ജോബ് സെര്‍ച്ചിംഗ് വീസ അനുവദിക്കുന്നതുകൊണ്ട് ഈ കാലയളവിനുള്ളില്‍ ഇവിടെതന്നെ ജോലി കണ്ടുപിടിച്ച് ഉദ്യോഗത്തില്‍ കയറാന്‍ സാധിക്കും. ജര്‍മന്‍ ഭാഷയില്‍ പ്രാവീണ്യവും വേണമെന്നു മാത്രം. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക