Image

ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥയും (ജോസഫ് പടന്നമാക്കല്‍)

Published on 19 March, 2017
ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥയും (ജോസഫ് പടന്നമാക്കല്‍)
1975-ജൂണില്‍ തുടങ്ങി ഇരുപത്തിയൊന്നു മാസങ്ങളോളം നീണ്ടുനിന്ന അടിയന്തിരാവസ്ഥ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ ചരിത്രത്തിന്റെ ഇടനാഴികയിലെ ഇരുണ്ട ഒരു അദ്ധ്യായമായി കരുതുന്നു. അസ്വാതന്ത്ര്യത്തിന്റെ അടിയന്തിരാവസ്ഥയില്‍നിന്നും 1977 മാര്‍ച്ച് 21-നു മോചനം ലഭിച്ചിട്ട് നാല്‍പ്പതു വര്‍ഷം തികയുന്നു. ഭരണഘടന വാഗ്ദാനം ചെയ്തിരുന്ന നിയമങ്ങളെ അവഗണിച്ചുകൊണ്ടായിരുന്നു അന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ആഭ്യന്തര പ്രശ്‌നങ്ങളുടെ പേരില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശപ്രകാരം പ്രസിഡന്റ് ഫക്രൂദിന്‍ ആലി അഹമ്മദ് അടിയന്തിരാവസ്ഥ 1975 ജൂണ്‍ ഇരുപത്തിയഞ്ചാം തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭരണഘടന 352 വകുപ്പുപ്രകാരം നടപ്പാക്കിയ ഒരു തീരുമാനമായിരുന്നു അത്.

സാധാരണ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് യുദ്ധകാലങ്ങളിലും പ്രകൃതി ക്ഷോപമുണ്ടാവുമ്പോഴും ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോഴുമായിരുന്നു. എന്നാല്‍ ഏകാധിപതികളായ ഭരണാധികാരികള്‍ സ്വന്തം താല്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിന് ഈ അധികാരം ദുര്‍വിനിയോഗം ചെയ്യാറുണ്ട്. പാക്കിസ്ഥാനുമായും ചൈനയുമായും യുദ്ധമുണ്ടായപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എങ്കിലും യുദ്ധത്തിനുശേഷം അങ്ങനെയൊരു പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്തു.

അടിയന്തിരാവസ്ഥയ്ക്ക് മുമ്പ് 1972 മുതല്‍ 1975 വരെ ഇന്ത്യയുടെ സാമ്പത്തിക മേഖലകള്‍ മൊത്തം പ്രശ്‌ന സങ്കീര്‍ണ്ണങ്ങളായിരുന്നു. പാകിസ്താനുമായുള്ള യുദ്ധം മൂലം ദേശീയ വരുമാനത്തിനും സാരമായ ഇടിവുണ്ടായി. ബംഗ്‌ളാദേശിനെ പാക്കിസ്ഥാനില്‍ നിന്നും സ്വതന്ത്രമാക്കിയതിലും യുദ്ധം വിജയിച്ചതിലും ഇന്ദിരാഗാന്ധി ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളുടെ വിശ്വാസം നേടിയിരുന്നു. എന്നാല്‍ യുദ്ധംമൂലം സംഭവിച്ച ബംഗ്‌ളാദേശില്‍ നിന്നുള്ള അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ഇന്ത്യയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഏകദേശം എട്ടു മില്യണ്‍ അഭയാര്‍ഥികള്‍ ബംഗ്‌ളാദേശില്‍നിന്നും ഇന്ത്യയില്‍ അഭയം തേടി. ദൈനംദിനമുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹംമൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ന്നുകൊണ്ടിരുന്നു.

യുദ്ധത്തിനു ശേഷം അമേരിക്ക ഇന്ത്യക്കുള്ള സകല സാമ്പത്തിക സഹായങ്ങളും നിര്‍ത്തല്‍ ചെയ്തിരുന്നു. ആഗോള മാര്‍ക്കറ്റില്‍ ഓയില്‍ വില വര്‍ദ്ധിക്കുകയും ചെയ്തു. അതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് മുപ്പതു ശതമാനത്തില്‍ കൂടുതല്‍ വില വര്‍ദ്ധിക്കുകയുമുണ്ടായി. വിലപ്പെരുപ്പം സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കാത്ത വിധമായിരുന്നു. വ്യവസായ വളര്‍ച്ചയും ഇടിഞ്ഞു പോയിരുന്നു. ഫാക്റ്ററികള്‍ അടയ്ക്കുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ വരുമാനം കുറഞ്ഞപ്പോള്‍ ഫെഡറല്‍ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാനും സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടായി. അത് ഫെഡറല്‍ ജോലിക്കാരുടെയിടയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. 1972-1973 കാലങ്ങളില്‍ മഴയില്ലാതാവുകയും കൃഷിഭൂമികള്‍ വരളുകയും ചെയ്തു. അതുമൂലം രാജ്യത്തിലെ ഉത്ഭാദന മേഖലയില്‍ എട്ടു ശതമാനത്തോളം ഭക്ഷ്യ വിഭവങ്ങളും കുറഞ്ഞു. രാജ്യം മുഴുവനും സാമ്പത്തിക അരാജകത്വം അനുഭവപ്പെട്ടു. ഇന്ദിരാ ഗാന്ധി ഭരണത്തിനോട് ജനങ്ങള്‍ അതൃപ്തി പ്രകടിപ്പിക്കാനും തുടങ്ങി.

ഗുജറാത്തിലും ബിഹാറിലും വിദ്യാര്‍ത്ഥി പ്രക്ഷോപണങ്ങള്‍ കൊടുമ്പിരികൊണ്ടിരുന്നു. അത്യാവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധങ്ങള്‍ നാടുമുഴുവന്‍ വ്യാപിച്ചു. കോണ്‍ഗ്രസിനെയും പ്രധാനമന്ത്രിയെപ്പറ്റിയുമുള്ള അഭിപ്രായങ്ങള്‍ ജനങ്ങളുടെയിടയില്‍ മോശമായിത്തുടങ്ങി. അഴിമതികള്‍കൊണ്ട് ജനജീവിതം തന്നെ ക്ലേശകരമായിരുന്നു. മൊറാര്‍ജി ദേശായിയെപ്പോലെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പരസ്യമായി പ്രസ്താവനകള്‍ ഇറക്കിയും പ്രതിഷേധങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടും രംഗത്തു വന്നു. പുതിയതായി ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചു. 1975 ജൂണില്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടത്തുകയും അവിടെ കോണ്‍ഗ്രസ്സ് പരാജയപ്പെടുകയും ചെയ്തു.

തൊഴിലില്ലായ്മ, അഴിമതി, ഭക്ഷ്യവിഭവങ്ങളുടെ അപര്യാപ്തത, എന്നീ കാരണങ്ങളാല്‍ 1974-ല്‍ ബിഹാറില്‍ പ്രക്ഷോപണം ആരംഭിച്ചു. അവരോടൊപ്പം ജയപ്രകാശ് നാരായനും സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സമരം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു. ബിഹാറിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യാന്‍ ജയപ്രകാശ് ആവശ്യപ്പെട്ടു. സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ തലങ്ങളില്‍ ഒരു വിപ്ലവത്തിനായും അദ്ദേഹം ആഹ്വാനം ചെയ്തു. സ്‌ട്രെയ്ക്കുകളും പ്രതിഷേധങ്ങളും അതിരൂക്ഷമായിക്കൊണ്ടിരുന്നു. സര്‍ക്കാര്‍ രാജി വെക്കണമെന്നുള്ള സമരക്കാരുടെ ആവശ്യം കോണ്‍ഗ്രസ്സ് പാര്‍ട്ടി പൂര്‍ണ്ണമായും നിരസിക്കുകയും ചെയ്തു.

1971 -ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി 'റായ് ബറേലി' മണ്ഡലത്തില്‍ രാജനാരായണനെ തോല്‍പ്പിച്ചു ലോകസഭാ അംഗത്വം നേടിയിരുന്നു. സര്‍ക്കാരിന്റെ സംവിധാനങ്ങളും വാഹനങ്ങളും ഉപയോഗിച്ച് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്നുള്ള കുറ്റാരോപണം ശ്രീ രാജനാരായന്‍ ഉന്നയിച്ചു. അതിന്റെ വെളിച്ചത്തില്‍ അദ്ദേഹം ഇന്ദിരാ ഗാന്ധിക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ കേസ് കൊടുത്തു. അലഹബാദ് കോടതിയില്‍ പ്രധാനമന്ത്രി ഇന്ദിരയെ വിസ്തരിച്ചത്, ഇന്ത്യയുടെ കോടതികളുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. 1975 ജൂണ്‍ പന്ത്രണ്ടാം തിയതി ജഡ്ജി ജഗ്മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്നു വിധിച്ചു. സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ചും ജനങ്ങളെ പണം കൊടുത്ത് പ്രലോഭിപ്പിച്ചും വോട്ടു നേടിയെന്നതായിരുന്നു, കുറ്റം. കൂടാതെ എം.പി സ്ഥാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത ആറു വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലാന്നും വിധിയിലുണ്ടായിരുന്നു. ഭരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ ഇന്ദിരയ്ക്ക് ഇരുപതു ദിവസം സാവകാശവും കൊടുത്തു.

അലഹബാദ് കോടതിവിധിയ്‌ക്കെതിരെ ചോദ്യം ചെയ്തുകൊണ്ട് ഇന്ദിരാ ഗാന്ധി സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ജൂണ്‍ ഇരുപത്തിനാലാം തിയതിയുള്ള സുപ്രീം കോടതിയുടെ വിധി ഇന്ദിരയ്ക്ക് എം.പിയായി തുടരാമെന്നും പക്ഷെ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലാന്നുമായിരുന്നു. സുപ്രീം കോടതി ജഡ്ജിയായിരുന്ന വി.ആര്‍. കൃഷ്ണയ്യരായിരുന്നു വിധി പ്രസ്താവിച്ചത്.

സുപ്രീം കോടതി വിധിയില്‍ ഇന്ദിരാഗാന്ധിയെ പൂര്‍ണ്ണമായും കുറ്റവിമുക്തയാക്കിയില്ലെന്നും അവര്‍ക്ക് പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ സംബന്ധിക്കാന്‍ അവകാശമില്ലാത്ത സ്ഥിതിക്ക് പ്രധാനമന്ത്രിസ്ഥാനം രാജി വെക്കണമെന്നും പ്രതിപക്ഷങ്ങള്‍ ആവശ്യപ്പെട്ടു. 1975 ജൂണ്‍ ഇരുപത്തിയഞ്ചാം തിയതി രാജ്യം മുഴുവന്‍ പ്രകടനങ്ങളും പണിമുടക്കുകളും തുടങ്ങി. സര്‍ക്കാരുമായി സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷങ്ങളും രംഗത്തിറങ്ങി. രാജ്യത്ത് ആഭ്യന്തര സമാധാനം തകര്‍ന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഉപദേശപ്രകാരം പ്രസിഡന്റ് ഫക്രുദിന്‍ അലി അഹമ്മദ് ഉടന്‍ തന്നെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.

'ജനാധിപത്യത്തിന്റെ പേരില്‍ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന ഒരു പ്രവണത രാജ്യത്ത് ഉടലെടുത്തിരുന്നു' വെന്നു ഇന്ദിരാഗാന്ധി 1975 ജൂണ്‍ 26നു റേഡിയോയില്‍ക്കൂടി ജനങ്ങളെ അറിയിച്ചു. അടിയന്തിരാവസ്ഥയെ ന്യായികരിച്ചുകൊണ്ട് ഇന്ദിര പറഞ്ഞു:- 'തിരഞ്ഞെടുത്ത സര്‍ക്കാരിനെ ചില തല്പരകഷികള്‍ ഭരിക്കാന്‍ സമ്മതിക്കാത്തത്, അടിയന്തിരാവസ്ഥയുടെ കാരണമായിരുന്നു. പ്രക്ഷോപണങ്ങള്‍ നിയന്ത്രിക്കാനാവാതെ അതിരു കടന്നിരുന്നു. രാജ്യത്തിന്റെ സമാധാനവും തകര്‍ന്നിരുന്നു. രാജ്യം മുഴുവനും അക്രമാസക്തമായി പ്രവര്‍ത്തിക്കാനും തുടങ്ങി. ചില വ്യക്തികള്‍ പട്ടാളത്തില്‍ കലഹമുണ്ടാക്കാനും ശ്രമിച്ചു. പോലീസിനെ ഭരണകൂടത്തിന്റെ ശത്രുക്കളാക്കാന്‍ ശ്രമിക്കുകയുമുണ്ടായി. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും ശ്രമങ്ങളുണ്ടായി. വര്‍ഗീയ ലഹളകളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതകളും എതിര്‍പക്ഷം ആരംഭിച്ചിരുന്നു. ഒരു രാജ്യം അസ്വസ്ഥമാകുമ്പോള്‍, അരാജകത്വത്തില്‍ വഴുതി വീഴുമ്പോള്‍ ഒരു സര്‍ക്കാരിന് എങ്ങനെ നിശബ്ദമായി നിലകൊള്ളാന്‍ സാധിക്കും? ഏതാനും വ്യക്തികളുടെ അപകടകരമായ നീക്കം മൂലം ഭൂരിഭാഗം ജനതയുടെ അവകാശങ്ങളെയും ഇല്ലാതാക്കുന്നു.'

അതേസമയം ജയപ്രകാശ് നാരായനും മറ്റു നേതാക്കന്മാരും ചിന്തിച്ചത്, 'ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെ''ന്നായിരുന്നു. 'ബിഹാറിലും ഗുജറാത്തിലുമുള്ള പ്രകടനങ്ങള്‍ സമാധാനപരമായിരുന്നു. എന്തുതന്നെ സംഭവങ്ങളുണ്ടായാലും സര്‍ക്കാരിന് അത് നിയന്ത്രിക്കാനും അധികാരമുണ്ടായിരുന്നു. ഭീഷണിയുണ്ടായിരുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കല്ല മറിച്ചു കോണ്‍ഗ്രസ് ഭരണകൂടത്തിനും പ്രധാനമന്ത്രിക്കുമായിരുന്നു.'

രാജ്യത്തുണ്ടായിരുന്ന പത്രങ്ങളുടെയും മാസികകളുടെയും വൈദ്യുതി അന്നേദിവസം വിച്ഛേദിച്ചു. പത്രങ്ങള്‍ക്കു സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പിറ്റേദിവസം ജൂണ്‍ ഇരുപത്തിയാറാം തിയതി രാവിലെ പ്രതിപക്ഷത്തുള്ള നേതാക്കന്മാരെ അറസ്റ്റ് ചെയ്യാനും ആരംഭിച്ചു. കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളെ അടിയന്തിരാവസ്ഥയുടെ വിവരങ്ങള്‍ അറിയിച്ചത് പ്രസിഡന്റിന്റെ പ്രഖ്യാപനം കഴിഞ്ഞായിരുന്നു. ജനാധിപത്യ മര്യാദകള്‍ സമൂലം കാറ്റില്‍ പറത്തിക്കൊണ്ടിരുന്നു. വിദേശമാധ്യമങ്ങള്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെയും അടിയന്തിരാവസ്ഥയേയും പത്രസ്വാതന്ത്ര്യ വിലക്കുകളെയും വിമര്‍ശിക്കുന്നുണ്ടായിരുന്നു

1975 ജൂലൈ ഇരുപത്തിയഞ്ചാംതീയതി ജയപ്രകാശ് നാരായന്‍ ഡല്‍ഹിയില്‍ രാംലീല ഗ്രൗണ്ടില്‍ ഒരു രാഷ്ട്രീയ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയതലങ്ങളില്‍ സത്യാഗ്രഹത്തിനായി ആഹ്വാനം ചെയ്തു. പട്ടാളത്തിനോടും, പോലീസുകാരോടും, സര്‍ക്കാര്‍ ജോലിക്കാരോടും സര്‍ക്കാരിന്റെ അനീതി നിറഞ്ഞ യാതൊരു തീരുമാനങ്ങളെയും അനുസരിക്കേണ്ടതില്ലെന്നും പറഞ്ഞു. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ റയില്‍വേ ജോലിക്കാരുടെ ദേശീയ സമരത്തിനും തുടക്കമിട്ടു.

ഭരണഘടനയുടെ 352 വകുപ്പുപ്രകാരം ഭരണം നടത്താന്‍ അസാധ്യമാവുമ്പോള്‍ ജനാധിപത്യ നടത്തിപ്പിന് അപകടം സംഭവിക്കുമ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാമെന്നുണ്ട്. അടിയന്തിരാവസ്തയില്‍ കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ വെട്ടി കുറയ്ക്കാനും സാധിക്കും. തീരുമാനങ്ങള്‍ മുഴുവനും എടുക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തവുമായിരിക്കും. ഒരു പൗരനു നല്‍കിയിട്ടുള്ള മൗലികവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയും. അടിയന്തിരാവസ്ഥയില്‍ ഒരുവന്റെ മൗലികവകാശങ്ങള്‍ പുനഃസ്ഥാപിക്കാനായി കോടതിയെ സമീപിക്കാനും സാധിക്കില്ല.

പത്രക്കാര്‍ക്ക് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡില്‍നിന്ന് മുന്‍കൂട്ടി അനുവാദം വേണമായിരുന്നു. പത്രസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് പ്രസ്സ് സെന്‍സര്‍ഷിപ്പ് കര്‍ശനമാക്കി. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം തടഞ്ഞതുകൊണ്ടു പല പത്രങ്ങളും മുഖ പ്രസംഗം ഇല്ലാതെ പ്രസിദ്ധീകരിച്ചു. അച്ചടിച്ച പത്രങ്ങള്‍ പൊലീസുകാരെ ഉപയോഗിച്ച് കത്തിച്ചു കളഞ്ഞു. ഇരുന്നൂറില്‍പ്പരം പത്രങ്ങളുടെയും ആയിരത്തില്‍പ്പരം മാസികകളുടെയും പ്രവര്‍ത്തനങ്ങള്‍ നിലപ്പിച്ചു. പത്രസ്വാതന്ത്ര്യം തടഞ്ഞതില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സും സ്റ്റേറ്റ്‌സ്മാന്‍ പത്രങ്ങളും എതിര്‍ത്തിരുന്നു. പലപ്പോഴും സെന്‍സര്‍ഷിപ്പ് കാരണം വാര്‍ത്തകള്‍ നീക്കം ചെയ്തതു കൊണ്ട് പത്രത്തിന്റെ പേജുകള്‍ ശൂന്യമായി അച്ചടിക്കാതെ പ്രസിദ്ധികരിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ അവസരങ്ങള്‍ പാഴാക്കാതെ അധികാരം ദുര്‍വിനിയോഗം ചെയ്തുകൊണ്ടിരുന്നു. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയെല്ലാം അറസ്റ്റു ചെയ്തു. ഏകദേശം ഒരു ലക്ഷത്തി പതിനോരായിരം ജനങ്ങളെ ജയിലിനുള്ളിലാക്കിയിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള പീഡനങ്ങളും അതി ഭീകരമായിരുന്നു. പോലീസ് ക്യാമ്പുകളില്‍ അനേകരെ പീഡിപ്പിച്ചു കൊല്ലുകയുമുണ്ടായി.മതമൈത്രി നശിപ്പിക്കുന്ന ആര്‍.എസ്.എസ്, ജമാ ഇ ഇസ്ലാമി പോലുള്ള വര്‍ഗീയ സംഘടനകള്‍ നിരോധിച്ചു. പൊതുസമരങ്ങള്‍ക്കും ജാഥാകള്‍ക്കും ഹര്‍ത്താലുകള്‍ക്കും വിലക്ക് കല്‍പ്പിച്ചു.

ഇന്ദിരാഗാന്ധിയുടെ മകന്‍ സജ്ജയ ഗാന്ധിക്ക് അന്ന് ഔദ്യോഗികമായ സ്ഥാനമാനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം ഭരണ സംവിധാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. ഡല്‍ഹിയിലെ ചേരികള്‍ മുഴുവന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി. കിടക്കാന്‍ കൂരയില്ലാത്ത ആയിരക്കണക്കിന് പട്ടിണി പാവങ്ങളെയാണ് ചേരിയില്‍ നിന്നും മാറ്റിയത്. അനേകരെ നിര്‍ബന്ധിതമായി വന്ധീകരണം നടത്തി. നിര്‍ബന്ധിത വന്ധീകരണം അതിക്രൂരമായിരുന്നു. ഇരയായവരില്‍ തൊണ്ണൂറു ശതമാനം ജനങ്ങളും ദരിദ്രരായിരുന്നു. വന്ധീകരണത്തിനു തയ്യാറാകാത്തവരെ പോലീസ് വേട്ടയാടി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. പ്രതിഷേധിക്കുന്നവരില്‍ നിരവധി പേര്‍ വെടിവെപ്പിലും മരിച്ചു.

കേരളത്തിലും അടിയന്തിരാവസ്ഥമൂലം ജനങ്ങള്‍ക്ക് ഭീതിയും ഭയവും ദുരന്തങ്ങളുമുണ്ടായിരുന്നു. അന്ന് അച്യുത മേനോന്‍ മുഖ്യമന്ത്രിയും കെ കരുണാകരന്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. നക്‌സലൈറ്റ് പ്രവര്‍ത്തകര്‍, സിപിഎം പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ച് ആയിരക്കണക്കിന് പൗരന്മാരെ തടങ്കലിലാക്കി. അടിയന്തിരാവസ്ഥയെ പ്രതിഷേധിച്ചവരെയും മുന്നറിയിപ്പില്ലാതെ ജയിലഴികളില്‍ ആക്കിയിരുന്നു. നിരപരാധികളായ ജനങ്ങളെ അടിച്ചവശരാക്കിയിരുന്നു. ചിലര്‍ക്ക് ലോക്കപ്പ് മരണങ്ങളും ഉണ്ടായി. പ്രൊഫ. ഈച്ചിര വാരിയരുടെ മകന്‍ രാജന്‍ ഉള്‍പ്പടെ അനേകര്‍ പോലീസ് കസ്റ്റഡികളില്‍ അക്കാലങ്ങളില്‍ മരിച്ചിരുന്നു.

പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ട് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഭരണഘടനയുടെ നാല്പത്തിരണ്ടാം വകുപ്പ് ഭേദഗതി വരുത്തി. അലഹബാദ് കോടതി വിധിപോലുള്ള നിയമങ്ങള്‍ അസ്ഥിരപ്പെടുത്തി. ഒരു പ്രധാന മന്ത്രീയുടെയോ, പ്രസിഡണ്ടിന്റെയോ, വൈസ് പ്രസിഡണ്ടിന്റെയോ തിരഞ്ഞെടുപ്പിനെ കോടതിയ്ക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നുള്ള നിയമവും നടപ്പിലാക്കി. ഇന്ദിരാഗാന്ധിയുടെ നിലനില്‍പ്പിനാവശ്യമുള്ള ഭരണഘടനാ ഭേദഗതികളും പാര്‍ലമെന്റില്‍ പാസ്സാക്കികൊണ്ടിരുന്നു. ജനങ്ങളും നേതാക്കളും അടിയന്തിരാവസ്ഥയെ ഭയപ്പെട്ടിരുന്നമൂലം നിയമങ്ങള്‍ പാസ്സാക്കിയെടുക്കുന്ന സമയം പ്രതിപക്ഷങ്ങളില്‍നിന്ന് അധികം എതിര്‍പ്പുകളുണ്ടാകാറില്ലായിരുന്നു.

1977 മാര്‍ച്ചു ഇരുപത്തിയൊന്നിന് അടിയന്തിരാവസ്ഥ പിന്‍വലിച്ചു. അതിനു ഒരു മാസം മുമ്പ് പ്രസിഡന്റ് ഫക്രുദിന്‍ ആലി മരിച്ചു പോയതുകൊണ്ട് രാഷ്ടപതിയുടെ ചുമതലയുണ്ടായിരുന്ന ഉപരാഷ്ട്രപതി ബി.ഡി. ജെട്ടി യാണ് അടിയന്തിരാവസ്ഥ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിട്ടത്. എങ്കിലും ജയിലുകളിലായിരുന്ന പ്രതിപക്ഷ നേതാക്കന്മാര്‍ കൂടുതല്‍ കരുത്തോടെ ജനപിന്തുണ ആര്‍ജിച്ചിരുന്നു. ഇരുപത്തിയൊന്നു മാസത്തെ അടിയന്തിരാവസ്ഥയ്ക്കുശേഷം 1977 മാര്‍ച്ചില്‍ ഇന്ദിരാ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. ജയിലില്‍ നിന്നും എല്ലാ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും മോചിപ്പിച്ചു. തിരഞ്ഞെടുപ്പ് നടത്താന്‍ സമയക്കുറവായിരുന്നെങ്കിലും പ്രതിപക്ഷങ്ങള്‍ യോജിച്ചുകൊണ്ട് ജനതാപാര്‍ട്ടിയെന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചു. ജയപ്രകാശ് നാരായനെ പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യവും അടിയന്തിരാവസ്ഥയുമായിരുന്നു തിരഞ്ഞെടുപ്പുകാലങ്ങളില്‍ ദേശീയ വിഷയങ്ങളായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നത്. പൊതു ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് സര്‍ക്കാരിനോട് കടുത്ത അമര്‍ഷമുണ്ടായിരുന്നു. കോണ്‍ഗ്രസ്സ് അല്ലാത്തവരുടെ വോട്ടുകള്‍ വിഭജിക്കാതെ ഒന്നിച്ചുനിന്ന് പോരാടാനായിരുന്നു സര്‍വ്വ പാര്‍ട്ടികളും തീരുമാനിച്ചത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പരാജയപ്പെട്ടു. അത്തവണ നടത്തിയ തിരഞ്ഞെടുപ്പില്‍ പുതിയതായി രൂപംകൊണ്ട ജനതാ പാര്‍ട്ടി 345 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് 187 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ഇന്ദിരാ ഗാന്ധി 'റായി ബറേലി'യിലും മകന്‍ സജ്ജയ ഗാന്ധി അമേത്തിയായിലും പരാജയപ്പെട്ടു. പുതിയ സര്‍ക്കാര്‍ പാസാക്കിയ നിയമ ഭേദഗതിപ്രകാരം ഭാവിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ ഒന്നടങ്കം തീരുമാനം എടുക്കണമെന്നായിരുന്നു. ആഭ്യന്തര സമാധാനത്തിനു കോട്ടംതട്ടിയാല്‍ അടിയന്തിരാവസ്ഥ ഒരു പ്രതിവിധിയല്ലെന്നും നിയമത്തിലുള്‍പ്പെടുത്തി. ആയുധം വെച്ചുള്ള വിപ്‌ളവങ്ങളുണ്ടായാലേ അടിയന്തിരാവസ്ഥയ്ക്ക് പ്രാബല്യമുള്ളൂവെന്നുള്ള നിയമവും പാസാക്കി.

അടിയന്തിരാവസ്ഥ രാജ്യത്തിന് അത്യന്താപേക്ഷിതമായിരുന്നുവെന്നു ചിന്തിച്ചിരുന്നവരുമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ 'ഇരുപതു ഇനം' പദ്ധതികള്‍ രാജ്യപുരോഗതിക്കായുള്ള കര്‍മ്മ പരിപാടികളായിരുന്നു. അതുമൂലം രാജ്യത്തിന്റെ കൃഷിയുത്ഭാദനം വര്‍ദ്ധിച്ചു. പുതിയതായ വ്യവസായങ്ങളും ഫാക്റ്ററികളും ഉടലെടുത്തു. ഉത്പ്പാദനമേഖലകളിലും കാര്യമായ പുരോഗതിയുണ്ടായി. കയറ്റുമതികള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. വിദേശ നാണയ സംഭരണം വര്‍ദ്ധിച്ചു. ഹിന്ദു മുസ്ലിം വര്‍ഗീയ ലഹളകള്‍ക്ക് ശമനമുണ്ടായി. 1960 മുതല്‍ 1970 വരെ വര്‍ഗീയ ലഹളകള്‍ ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെടുകയെന്നത് സാധാരണമായിരുന്നു. രാഷ്ട്രീയ വര്‍ഗീയ ലഹളകള്‍ക്ക് ശമനം വന്നു. കൊലപാതക രാഷ്ട്രീയവും ഇല്ലായിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു. കൈക്കൂലി മേടിക്കാന്‍ ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നു. കൃത്യ സമയങ്ങളില്‍ ജോലിക്കാര്‍ ഓഫിസുകളില്‍ ഹാജരായിക്കൊണ്ടിരുന്നു. നിയമം അനുസരിച്ചും പൗരധര്‍മ്മങ്ങള്‍ മാനിച്ചും ജനജീവിതം തുടര്‍ന്നിരുന്നു. പൗര ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് ഭയരഹിതരായി വഴികളില്‍ സഞ്ചരിക്കാമായിരുന്നു. രാഷ്ട്രീയക്കാരുടെ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും ഹര്‍ത്താലുകള്‍ക്കും കുറവുണ്ടായിരുന്നു. സ്‌കൂളുകളും ഹോസ്പിറ്റലുകളും സമരങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. ജനങ്ങളുടെയിടയില്‍ അച്ചടക്ക ബോധം ഉണ്ടാവുന്നതിനും കാരണമായി.

അടിയന്തിരാവസ്ഥയുടെ മറവില്‍ നടത്തിയ ബലമായ വന്ധീകരണം ചില കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. ദരിദ്ര കുടുംബങ്ങളില്‍ പത്തും അതിലധികവും മക്കളെ സൃഷ്ടിക്കുന്നവരുണ്ടായിരുന്നു. ഇങ്ങനെ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയല്ലാതെ അവര്‍ക്ക് വേണ്ട വിദ്യാഭ്യാസമോ ആഹാരമോ നല്‍കില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ബലമായ വന്ധീകരണം ആവശ്യവുമായിരുന്നു. നിയന്ത്രണമില്ലാതെ മക്കളെ സൃഷ്ടിക്കുന്നവരെ അടിയന്തിരാവസ്ഥ നല്ലയൊരു പാഠം പഠിപ്പിച്ചുവെന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്.

അടിയന്തിരാവസ്ഥയുടെ ഭീകരത സംബന്ധിച്ചും അനുകൂലിച്ചും എഴുത്തുകാര്‍ പുസ്തകങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. സാഹിത്യമേഖലകളും കലകളും വികസിക്കുകയും ചെയ്തു. ചിലര്‍ രണ്ടാം സ്വാതന്ത്ര്യ സമരമായും അടിയന്തിരാവസ്ഥയെ ചിത്രീകരിച്ചു. സല്‍മാന്‍ റഷ്ദിയുടെ മിഡ് നൈറ്റ് ചില്‍ഡ്രന്‍,('Midnight Children') വി എസ് നൈപാള്‍സ്‌ന്റെ ഇന്ത്യ എ വൂണ്ടഡ് കണ്‍ട്രി (India: A wounded Country') എന്നീ ഗ്രന്ഥങ്ങള്‍ കണക്കില്ലാതെ വിറ്റഴിഞ്ഞിരുന്നു. അടിയന്തിരാവസ്ഥയെ സംബന്ധിച്ച സിനിമകളും അന്നത്തെ ഇന്ത്യയുടെ സ്ഥിതിഗതികളെ വിവരിച്ചിട്ടുണ്ട്. ഗാന്ധി ശിക്ഷ്യന്‍ വിനോബാ ഭാവെ അടിയന്തിരാവസ്ഥയെ പുകഴ്ത്തിയിരുന്നു. ജനങ്ങളില്‍ അച്ചടക്കം സൃഷ്ടിക്കാന്‍ സാധിച്ചുവെന്നായിരുന്നു അടിയന്തിരാവസ്ഥയെ വിനോബാ ഭാവെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എതിരാളികള്‍ അദ്ദേഹത്തെ സര്‍ക്കാരിന്റെ വിശുദ്ധനെന്നു വിളിച്ചവഹേളിച്ചു. പ്രസിദ്ധ മറാട്ടി എഴുത്തുകാരന്‍ പുരുഷോത്തം ലക്ഷ്മണ്‍ (Purushottam Laxman) വിനോബാഭാവെയെ 'വാനരോബാ'യെന്നു (വാനരന്‍) പരിഹസിച്ചുകൊണ്ട് അപകീര്‍ത്തികരമായ ലേഖനങ്ങള്‍ എഴുതിയിരുന്നു.
ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥയും (ജോസഫ് പടന്നമാക്കല്‍)ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥയും (ജോസഫ് പടന്നമാക്കല്‍)ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥയും (ജോസഫ് പടന്നമാക്കല്‍)ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥയും (ജോസഫ് പടന്നമാക്കല്‍)ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥയും (ജോസഫ് പടന്നമാക്കല്‍)ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥയും (ജോസഫ് പടന്നമാക്കല്‍)ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥയും (ജോസഫ് പടന്നമാക്കല്‍)ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥയും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
George V 2017-03-20 07:42:29
അടിയന്തിരാവസ്ഥയെക്കുറിച്ചു വളരെ നന്നായി ഒരു സമ്പൂർണ വിവരണം എന്ന് തന്നെ പറയാവുന്ന രീതിയിൽ എഴുതിയിരിക്കുന്നു. നന്ദി ശ്രീ ജോസഫ്. എന്തായിരുന്നു ഈ അടിയന്തിരാവസ്ഥ എന്ന് പുതു തലമുറയ്ക്ക് മനസ്സിലാക്കാൻ വളരെ സഹായകം. ഇമലയാളി കമന്റ് കോളത്തിൽ കിടന്നു പരസ്പരം ചീത്ത വിളിക്കുന്ന കോൺഗ്രസ് ഫാൻസും ബി ജെ പി ഫാൻസും ഇതൊക്കെ വായിച്ചു നോക്കുന്നത് നന്നായിരിക്കും. എല്ലാ വിധ ആശംസകളും.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക