Image

പൊതുമാപ്പ്: ഹെല്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും

Published on 28 March, 2017
പൊതുമാപ്പ്: ഹെല്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും
    ജിദ്ദ: ഇന്ത്യക്കാരായ അനധികൃത താമസക്കാരെ സഹായിക്കാന്‍ 11 ഹെല്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്. കോണ്‍സുലേറ്റില്‍ നടന്ന വോളണ്ടിയര്‍മാരുടെയും സന്നദ്ധ സംഘടനാ നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിലേക്ക് തിരിച്ചുപോവാനുള്ള എല്ലാ സഹായവും കോണ്‍സുലേറ്റ് നല്‍കും. കോണ്‍സുലേറ്റിലും വിവിധ പ്രദേശങ്ങളിലും ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. നാട്ടിലേക്ക് പോകാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്കുള്ള ഫോം വിതരണം, അതിന്റെ ശേഖരണം എന്നിവ ഹെല്‍പ് ഡെസ്‌കുകള്‍ വഴി നടത്തും. അപേക്ഷ സമര്‍പ്പിക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ കോണ്‍സുലേറ്റ് പുറത്തിറക്കും. തബൂക്ക്, യാന്പു, മദീന, മക്ക, ഖുന്‍ഫുദ, ത്വാഇഫ്, അല്‍ബാഹ, ബിഷ, അബഹ, ജീസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് പറഞ്ഞു.

നിതാഖാത്ത് കാലത്ത് നല്‍കിയ സഹകരണം വോളന്റിയര്‍മാരും സംഘടനാ നേതാക്കളും വാഗ്ദാനം ചെയ്തു. വിദൂര ഗ്രാമങ്ങളില്‍ നിന്നു നാട്ടിലേക്ക് പോവാനായി ജിദ്ദയില്‍ എത്തുന്നവര്‍ക്ക് താമസം, ഭക്ഷണം എന്നിവ ഒരുക്കണമെന്ന് വോളന്റിയര്‍മാര്‍ ആവശ്യപ്പെട്ടു. ചുരുങ്ങിയ ചെലവില്‍ ടിക്കറ്റ് ലഭ്യമാക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്നും അംഗങ്ങള്‍ നിര്‍ദേശിച്ചു. 

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലുള്ള സൗദിയുടെ തെക്ക്, വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ അനധികൃത താമസക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വോളന്റിയര്‍മാരും സംഘടനാ നേതാക്കളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക