Image

കേരളത്തിന്റെ ടെറസില്‍!(പകല്‍ക്കിനാവ്-46 : ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 03 April, 2017
കേരളത്തിന്റെ ടെറസില്‍!(പകല്‍ക്കിനാവ്-46 : ജോര്‍ജ് തുമ്പയില്‍)
നാട്ടില്‍ വിമാനം ലാന്‍ഡ് ചെയ്തിറങ്ങിയപ്പോള്‍ പൊള്ളുന്ന ചൂട്. ആവി തിളച്ചു കയറുന്ന അന്തരീക്ഷം. മാനത്ത് മഴക്കാറുണ്ട്. പക്ഷേ, എവിടെയും മഴ പെയ്യുന്ന മട്ടില്ല. പാമ്പാടി വീട്ടിലേക്ക് വന്നു കയറും മുന്നേ റിലയന്‍സിന്റെ ജിയോ സ്വന്തമാക്കി. എപ്പോഴൊക്കെ നാട്ടില്‍ വരുന്നുവോ, അപ്പോഴൊക്കെയും അമേരിക്കന്‍ ബന്ധങ്ങള്‍ മുഴുവന്‍ താത്ക്കാലികമായി സ്വിച്ച് ഓഫ് ചെയ്തിട്ടായിരുന്നു വരവ്. എന്നാല്‍, ഇനി അതൊന്നും ആവശ്യമില്ലെന്നു റിലയന്‍സിന്റെ ജിയോ നെറ്റ് സെറ്റര്‍ തെളിയിച്ചു. നല്ല സ്പീഡ്, എവിടെ ചെന്നാലും റേഞ്ച്. പാമ്പാടി എന്നല്ല, ബന്ധുജനങ്ങളെ സന്ദര്‍ശിക്കാന്‍ കുമളിയിലും തമിഴ്‌നാട്ടിലും വയനാട്ടിലുമൊക്കെ പോയപ്പോഴും ജിയോയുടെ സിഗ്നല്‍ കൂടെ നിന്നു. വാട്‌സ് ആപ്പും ജിമെയ്‌ലും നന്നായി  ഉപയോഗിക്കാന്‍ പറ്റി. നല്ല കാര്യം.

അതിനിടയ്ക്കാണ് മംഗളം ചാനല്‍ ലോഞ്ചിങ്ങും, മന്ത്രി ശശീന്ദ്രന്റെ രാജിയും. ഞാന്‍ നാട്ടില്‍ വരുമ്പോള്‍ ഗതാഗത വകുപ്പു മന്ത്രി ഏ.കെ ശശീന്ദ്രനായിരുന്നു, ഇപ്പോഴിതാ പത്തു ദിവസങ്ങള്‍ പിന്നിട്ടില്ല, അതിനു മുന്നേ മന്ത്രി മാറി. മംഗളം വാര്‍ത്താ ചാനല്‍ ലോഞ്ചിങ്ങില്‍ സ്റ്റിങ് ഓപ്പറേഷന്‍ (ഹണി ട്രാപ്പ് എന്നൊക്കെ പറയുന്നു) നടത്തിയതിനെത്തുടര്‍ന്നാണ് ശശീന്ദ്രന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. അങ്ങനെ പുതിയ മന്ത്രി എത്തി. കുട്ടനാട് എംഎല്‍എ ആയിരുന്ന തോമസ് ചാണ്ടി. പണ്ട്, കോണ്‍ഗ്രസ് ആയിരുന്നു, പിന്നീട് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആയി കേരളത്തില്‍ ഇടതു പക്ഷത്തായി. ഇപ്പോള്‍ മന്ത്രിയുമായി. കേരളത്തിലെ പല എസി ലോ ഫ്‌ളോര്‍ വണ്ടികളും കട്ടപ്പുറത്താണെന്നു സുഹൃത്തുമായുള്ള സംഭാഷണത്തില്‍ നിന്നും മനസ്സിലായി. കട്ടപ്പുറത്ത് എന്നു പറഞ്ഞാല്‍ ഒന്നോ രണ്ടോ അല്ല, ഇരുന്നൂറിലേറെയാണത്രേ. പത്രത്തില്‍ വിശദമായി വാര്‍ത്തയുണ്ടായിരുന്നു. കൊള്ളാം. എന്തായാലും ഒരു കാര്യം ഉറപ്പ്, കട്ടപ്പുറത്ത് നിന്നു കട്ടപ്പുറത്തേക്കു തന്നെയാണ് കെഎസ്ആര്‍ടിസിയുടെ യാത്ര. നഷ്ടങ്ങള്‍ നികത്താനുള്ള പുതിയ മാജിക്ക് തോമസ് ചാണ്ടി മന്ത്രി കൊണ്ടു വരുമെന്നു കാണാം. ഈ മന്ത്രി എംഎല്‍എ ആയിരുന്നപ്പോള്‍ പുളിങ്കുന്നിലും കുട്ടനാട്ടിലെ പല പ്രദേശങ്ങളില്‍ നിന്നും പോക്കറ്റില്‍ നിന്നും കാശെടുത്തു വീശി സ്ഥലം മേടിച്ചാണ് വാട്ടര്‍ ടാങ്ക് ഉണ്ടാക്കി പ്രദേശത്തെ ജലദൗര്‍ലഭ്യം ഒഴിവാക്കിയത്. അങ്ങനെയുള്ള എംഎല്‍എ-ആണ് ഇപ്പോള്‍ മന്ത്രിയായിരിക്കുന്നത്. അപ്പോള്‍ പിന്നെ പോക്കറ്റില്‍ നിന്നു കാശെടുത്ത് കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആര്‍ടിസി പുറത്തിറക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് വിവരം. കാരണം, അദ്ദേഹത്തിന്റെ ആസ്തിയായി വെളിപ്പെടുത്തിയിരിക്കുന്നത് 90 കോടി രൂപയാണ്. കേരളത്തില്‍ ഇതാദ്യമായാണ് ഒരു പ്രവാസി മന്ത്രിയാകുന്നത്. അതു കൊണ്ട്, എല്ലാ പ്രവാസികള്‍ക്കും വേണ്ടി എന്റെ വക അദ്ദേഹത്തിന്റെ അഭിവാദ്യങ്ങള്‍.

അങ്ങനെ കേരളരാഷ്ട്രീയം മീനചൂടില്‍ വെന്തുരുകുന്നു. അതിനിടയ്ക്ക് കേള്‍ക്കുന്നു മറ്റൊരു ചൂടു വാര്‍ത്ത. എസ്ബിടി എന്ന ബാങ്ക് ഇല്ലാതായിരിക്കുന്നു. അതിനെ ചുറ്റിപ്പറ്റി എന്തൊക്കെ ഓര്‍മ്മകളാണുണ്ടായിരുന്നത്. ഇനി എസ്ബിടി വെറും ചരിത്രം മാത്രം. എസ്ബിടി-എസ്ബിഐ ലയനം പ്രാബല്യത്തില്‍ വന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ബ്രാഞ്ചുകളുള്ള വമ്പന്മാരുടെ പട്ടികയില്‍ എസിബിഐ ഇടംപിടിക്കുകയാണ്. അതു നല്ല കാര്യം തന്നെ. എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ 18000 ബ്രാഞ്ചുകളുമായാണ് എസ്ബിഐ ലോകത്തിലെ തന്നെ ഏറ്റവും വലിയ അമ്പത് ബാങ്കുകളില്‍ ഒന്നാവുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്റ് ജയ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല എന്നീ ബാങ്കുകളാണ് എസ്ബിഐയില്‍ ലയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എസ്ബിഐയെ ഉയര്‍ത്താനാണ് അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചത്. എസ്ബിഐയുടെ നിക്ഷേപം 5,00,845 കോടിയായി ഉയര്‍ന്നു എന്നതാണ് ലയനത്തിന്റെ മറ്റൊരു പ്രത്യേകത. ആഗോള മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ ഊറ്റം കൊള്ളാനാവുമെങ്കിലും നാട്ടിലെ കാര്യം എന്താകുമോ എന്തോ? എസ്ബിഐ സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയീടാക്കാനും തീരുമാനമുണ്ട്. എസ്ബിടി ഉള്‍പ്പെടെയുള്ളവ എസ്ബിഐയില്‍ ലയിച്ചതോടെ മറ്റ് അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ഉപഭോക്താക്കളും ഇനി മുതല്‍ ഈ പിഴ നല്‍കേണ്ടിവരും. മെട്രോ നഗരങ്ങളില്‍ 5000ഉം നഗരങ്ങളില്‍ 3000ഉം ഗ്രാമങ്ങളില്‍ ആയിരം രൂപയും അക്കൗണ്ടില്‍ ശേഷിക്കണമെന്നാണ് പുതിയ നിയമം. ഇല്ലെങ്കില്‍ 20 മുതല്‍ 100 രൂപ വരെയാണ് പിഴ. പിഴ അനുഭവിക്കാന്‍ പൗരന്മാരുടെ ജീവിതം ബാക്കിയാണല്ലോ. അതിനെതിരേയാണോ എന്നറിയില്ല, എസ്ബിടി ജീവനക്കാര്‍ റാന്തല്‍ വിളക്കേന്തിയുള്ള പ്രതിഷേധ സമരം സംഘടിപ്പിക്കുന്നതും കണ്ടു. ലയനത്തെ എതിര്‍ക്കുന്നവരാണത്. ഈ എതിര്‍പ്പ് ആരോടാണ്? എന്തിനാണ്? അതൊന്നും അവര്‍ക്കും വലിയ നിശ്ചയമില്ലെന്നു തോന്നുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭീതിയാണെങ്കില്‍ വോളന്ററി റിട്ടയര്‍മെന്റാണല്ലോ ബാങ്ക് ഓഫര്‍. പിന്നെ എന്തിനാണാവോ?

ഓട്ടപ്പാച്ചിലിനിടയില്‍ സമയം കിട്ടിയപ്പോള്‍ ടേക്ക് ഓഫ് എന്ന സിനിമ കോട്ടയം ആനന്ദ് തീയേറ്ററില്‍ കണ്ടു. ഈ സിനിമയുടെ സിനിമോട്ടോഗ്രാഫര്‍ സനു വറുഗീസിന്റെ സുഹൃത്തിന്റെ സുഹൃത്തുമൊത്തായിരുന്നു പ്രദര്‍ശനം കാണാന്‍ പോയത്. ക്ലീഷേ ആയ കഥാസന്ദര്‍ഭങ്ങളേ, കഥാപാത്രങ്ങളോ, സംഭാഷണങ്ങളോ ഇല്ലാതെ, പൂര്‍വമാതൃകകളില്ലാത്ത പാതയിലൂടെ സഞ്ചരിക്കുന്ന മഹേഷ് നാരായണ്‍ന്റെ ടേക്ക് ഓഫ് ഒരു ക്ലാസ് എന്റര്‍ടൈനര്‍ എന്ന നിലയില്‍ എക്കാലത്തും മലയാളസിനിമയ്ക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നു. 2014-ല്‍ ഇറാക്കിലെ തിക്രിത്തില്‍ ഐസിസ് 46 ഇന്ത്യന്‍ നഴ്‌സുമാരെ ബന്ധികളാക്കിയതും നയതന്ത്ര ഇടപെടലുകളിലൂടെ ഇന്ത്യാ ഗവണ്‍മെന്റ് അവരെ രക്ഷപ്പെടുത്തിയതുമായ യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചെടുത്ത ഈ സിനിമ, തീര്‍ത്തും ഡ്രൈ ആയ വണ്‍ലൈന്‍ ത്രെഡില്‍ നിന്നും വേറെ ലെവലിലേക്ക് പോവുന്നത് ആദ്യപകുതിയിലെ എക്‌സലന്റ് എന്ന് പറയാവുന്ന സ്‌ക്രിപ്റ്റിംഗിലൂടെയും രണ്ടാം പകുതിയിലെ ഇന്റര്‍നാഷണല്‍ എന്നുപറയാവുന്ന മെയ്കിംഗ് നിലവാരത്തിലൂടെയുമാണ്. കാഞ്ചനമാലയെയും ടെസ്സയെയും കളറാക്കിമാറ്റിയ പാര്‍വതിക്ക് അതിന്റെ നേരെ ഓപ്പോസിറ്റ് എക്‌സ്ട്രീമിലുള്ള സമീറയും ഒരുപാട് അംഗീകാരങ്ങള്‍ നേടിക്കൊടുക്കുമെന്നതില്‍ സംശയമില്ല. എന്നൊലാരു കാര്യം പറയാനുണ്ട്, ഏറെ പുരോഗമിച്ചിട്ടും ഇന്നും തീയേറ്റര്‍ ഏതാണ്ട് 30 വര്‍ഷം പിന്നിലാണെന്നു തോന്നി. ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ നില്‍ക്കുമ്പോഴുള്ള മൂത്രപ്പുരയിലെ നാറ്റം, തീയേറ്ററിനുള്ളില്‍ ടോയിലറ്റിലും അനുഭവിക്കേണ്ടി വന്നു. എന്തൊരു കഷ്ടകാലം !

നോയ്മ്പു കാലത്തിനിടയില്‍ അടുത്ത ആഴ്ച കൂടി കേരളത്തിലുണ്ടാവും. അതിനിടയ്ക്കുണ്ടാകുന്ന വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍ പങ്കുവയ്ക്കാം. എല്ലാവര്‍ക്കും ആശംസകള്‍.



കേരളത്തിന്റെ ടെറസില്‍!(പകല്‍ക്കിനാവ്-46 : ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
vayanakkaran 2017-04-03 20:20:43
Hallo, George, Thumpayil: How did you manage to get netset in your own name?. Are you a US citizen or Indian citizen/green card holder. Probably you got the netset or celphone in some body up in Kerala's name. My case I am a us citizen, oci card holder, pan card holder. Still in Kerala they did not give me a netseter or a celphone connection, saying that I am not a permanent resident of India and I do not have a residential address to prove by showing ration card, voters card, or adhar card. So each time I use my kerala frineds, netseter and celphone. Some body said that like a p tourist I can get cel phone from airport, but even I did not get it from airport. So, george you are clever man or you may got it through some ilegitimate way. If you can write it us like in a next column, so that everybody may know it. And also I can follow your clever method. Thank you George
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക