Image

ബ്രിട്ടനില്‍ ഭീകരാക്രമണ ഭീഷണി

Published on 03 April, 2017
ബ്രിട്ടനില്‍ ഭീകരാക്രമണ ഭീഷണി

      ലണ്ടന്‍: ബ്രിട്ടനില്‍ ശക്തമായ ആക്രമണം നടത്താന്‍ ഭീകരാവാദ സംഘടന തയാറെടുപ്പ് നടത്തുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. രാജ്യത്തെ വിമാനത്താവളങ്ങളും ആണവ നിലയങ്ങളുമാണ് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നുമാണ് സൂചന. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

വിമാനത്താവളങ്ങളിലെയും ആണവ നിലയങ്ങളിലെയും സുരക്ഷാ സന്നാഹങ്ങള്‍ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ഭീകരര്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞുവെന്നാണ് വിവരം. എയര്‍പോര്‍ട്ടില്‍ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും തിരിച്ചറിയാനുള്ള സ്‌കാനര്‍ ബൈപാസ് ചെയ്യാനുള്ള മാര്‍ഗമാണ് കണ്ടെത്തിയിരിക്കുന്നത്. 

നിലവിലുള്ള ഇലക്ട്രോണിക് സുരക്ഷാ പരിശോധനയിലൂടെ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്താന്‍ സാധിക്കാത്ത തരത്തിലുള്ള ആധുനിക മാര്‍ഗമാണ് ഭീകരര്‍ ഉപയോഗിക്കാന്‍ പോകുന്നതെന്നാണ് മുന്നറിയിപ്പ്.

ഹാക്കര്‍മാരെ ഉപയോഗിച്ച് ആണവ നിലയങ്ങളിലെ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇസ് ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും ബോംബ് സ്ഥാപിച്ച് സ്‌ഫോടനം നടത്താനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് രഹസ്വാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക