Image

പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളി നടി സുരഭി

Published on 07 April, 2017
പുരസ്‌കാരം നേടുന്ന ആറാമത്തെ  മലയാളി നടി സുരഭി
സലാല: ഇത് സ്വപ്നമോ യാഥാര്‍ഥ്യമോ എന്ന് തനിക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടി സുരഭി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. സലാലയില്‍ തണല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പെങ്കടുക്കാനെത്തിയതായിരുന്നു സുരഭിയും വിനോദ് കോവൂരും. എയര്‍ പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയവരാണ് ദേശീയ അവാര്‍ഡ് ലഭിച്ച വിവരം സുരഭിയെ അറിയിച്ചത്.

ആദ്യത്തെ മുഴുനീള കഥാപാത്രമാണ് മിന്നാമിനുങ്ങിലേത്. ചിത്രീകരണം തുടങ്ങുംമുേമ്പ തിരക്കഥാകൃത്ത് മനോജ് തിരക്കഥ അയച്ചു തന്നിരുന്നു. തിരക്കഥ വായിച്ച ശേഷം അഭിനയിക്കാന്‍ ചെന്ന ആദ്യത്തെ സിനിമക്ക് തന്നെ സംസ്ഥാന, ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. എം.80 മൂസയിലെ പാത്തുവിനാണോ അവാര്‍ഡ് കിട്ടിയത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. സുരഭി എന്ന പേരിനേക്കാള്‍ മലയാളിക്ക് സുപരിചം പാത്തു എന്ന കഥാപാത്രത്തെയാണെന്നും സുരഭി പറഞ്ഞു.

അവാര്‍ഡ് ലഭിച്ച സ്ഥിതിക്ക് സെലക്ടീവ് ആകാനും നായിക നടിയായി മാത്രമേ അഭിനയിക്കൂ എന്ന വാശി പുലര്‍ത്താനും ഒന്നും ഉദ്ദേശ്യമില്ല. ഏത് വേഷമായാലും അതിെന്റ വൃത്തിക്ക് ചെയ്യാന്‍ സാധിക്കണമെന്ന ആഗ്രഹമാണ് ഉള്ളതെന്നും സുരഭി പറഞ്ഞു.

സംസ്ഥാന അവാര്‍ഡില്‍ ജൂറി പരാര്‍ശത്തില്‍ ഒതുക്കിയപ്പോള്‍ ദേശിയ അവാര്‍ഡ് നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന്‍ വിനോദ് കോവൂരും പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയായ സുരഭി വടകര വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ നിന്നും ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ഛായാഗ്രാഹകന്‍ വിപിന്‍ സുധാകറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. 

സുരഭിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

മികച്ച നടിയ്ക്കുള്ള ദേശിയ പുരസ്‌ക്കാരം എന്നിലേക്ക് എത്തുമ്പോള്‍ ഈ അംഗീകാരം എന്നെ പിന്തുണച്ച എല്ലാ മലയാളികള്‍ക്കും ആണ് ഞാന്‍ സമര്‍പ്പിക്കുന്നത്. M80 മൂസയിലെ പാത്തുവിനു നിങ്ങള്‍ നല്‍കിയ പൂര്‍ണ പിന്തുണയാണ് അഭിനയത്തില്‍ എന്നെ ഇവിടെ വരെ എത്തിച്ചത്.
മിന്നാമിനുങ്ങിലൂടെ ഇങ്ങനെ ഒരു ബഹുമതി കിട്ടുമ്പോള്‍ എന്നെ തിരഞ്ഞെടുത്ത എല്ലാ ജൂറി അംഗങ്ങളോടും എന്റെ വിനീതമായ നന്ദി അറിയിക്കുന്നു. എന്നും കൂടെ നില്‍ക്കുന്ന കുടുംബത്തോടും സഹപ്രവര്‍ത്തകരോടും പറഞ്ഞാല്‍ തീരാത്ത കടപ്പാട് ഉണ്ട്.
എന്നെ ഇവിടെ വരെ എത്തിച്ചത് നിങ്ങളുടെ പ്രാര്‍ഥനയും സപ്പോര്‍ട്ടും ഒന്ന് തന്നെയാണ്. ഇനിയും ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ട്, ഇതുവരെ നിങ്ങള്‍ നല്‍കിയ പിന്തുണ ഇനിയും ഏന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തംസുരഭി 

നീണ്ട പതിനാല് വര്‍ഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. 2003ല്‍ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ച മീരാ ജാസ്മിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം അവസാനം നേടിയ മലയാളി.

മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആറാമത്തെ  മലയാളി നടിയാണ് സുരഭി.
1968ല്‍ തുലാഭാരം എന്ന ചിത്രത്തിലൂടെ ശാരദയാണ് ആദ്യം മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തില്‍ ആദ്യം എത്തിക്കുന്നത്. പിന്നീട് 1972ല്‍ സ്വയംവരം എന്ന ചിത്രത്തിലൂടെ ശാരദ ഈ നേട്ടം ആവര്‍ത്തിച്ചു. പിന്നീട് നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ 1986ല്‍ മോനിഷ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 1993ല്‍ മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയും മികച്ച നടിയായി. 

വിനോദ് കോവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഞമ്മളെ പാത്തൂന് ഇങ്ങളെ സുരഭില ക്ഷമിക്ക് ദേശീയ പുരസ്‌കാരം. ഞമ്മക്ക് പെരുത്ത് സന്തോഷം. ഇന്ന് കാലത്ത് സലാലയില്‍ തണല്‍ സലാലയുടെ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ വന്ന സംഘാടകരാണ് അവാര്‍ഡ് വിവരം അറിയച്ചത്: സന്തോഷം കൊണ്ട് ഞമ്മളെ പാത്തു കരഞ്ഞു. സംസ്ഥാന അവാര്‍ഡില്‍ ജൂറി പരാമര്‍ശം ആയപ്പോള്‍ ഞമ്മള് ഓളോട് പറഞ്ഞിനി ദേശീയ തലത്തില്‍ ഞമ്മള് നേടുംന്ന്. ആ പ്രാര്‍ത്ഥന പടച്ചോന്‍ കാത്തു. ഞമ്മളെ പാത്തു ആരാ മോള്‍. 
പുരസ്‌കാരം നേടുന്ന ആറാമത്തെ  മലയാളി നടി സുരഭി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക