Image

തീവ്രപരിചരണ വിഭാഗത്തില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്ന്‌ മനുഷ്യാവകാശ കമീഷന്‍

Published on 15 April, 2017
തീവ്രപരിചരണ വിഭാഗത്തില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്ന്‌  മനുഷ്യാവകാശ കമീഷന്‍



തിരുവനന്തപുരം: സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ എല്ലാ ആശുപത്രിയുടെയും തീവ്രപരിചരണ വിഭാഗത്തിലും ഓപറേഷന്‍ തിയറ്ററിലും സി.സി.ടി.വി കാമറകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന്‌ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. രോഗിക്ക്‌ നല്‍കുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ മുറിക്ക്‌ പുറത്ത്‌ കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക്‌ തത്സമയം കാണാന്‍ കഴിയണമെന്നും കമീഷന്‍ ആക്ടിങ്‌ അധ്യക്ഷന്‍ പി. മോഹനദാസ്‌ നിര്‍േദശിച്ചു. 

സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗങ്ങള്‍, ഓപറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളില്‍ അടച്ചിട്ട മുറികളില്‍ നടക്കുന്ന രഹസ്യചികിത്സ രോഗികളുടെ ബന്ധുക്കളില്‍ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ്‌ കമീഷെന്‍റ ഇടപെടല്‍.

മരിച്ച രോഗികള്‍ക്കുവരെ ചില സ്വകാര്യ ആശുപത്രികള്‍ വെന്‍റിലേറ്ററിന്‌ വാടക വാങ്ങുന്നതായി ആക്ഷേപമുണ്ട്‌. പണത്തിനുവേണ്ടി മരിച്ചവരെ തീവ്രപരിചരണ വിഭാഗത്തില്‍ രഹസ്യമായി ചികിത്സിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്‌. 

ബില്ലിനുവേണ്ടി അനാവശ്യ ശസ്‌ത്രക്രിയകളും പതിവാണ്‌. ഇത്തരം ആക്ഷേപങ്ങള്‍ സി.സി.ടി.വി സ്ഥാപിച്ചാല്‍ ഒഴിവാക്കാനാവും. ചികിത്സച്ചെലവുകള്‍ ഏകീകരിക്കാന്‍ പുതിയ നിയമത്തിന്‌ കഴിയുമെന്ന്‌ ഉത്തരവില്‍ പറയുന്നു. 

ഇതുവഴി ചികിത്സച്ചെലവ്‌ ഗണ്യമായി കുറക്കാനാവും. ചികിത്സ മേഖലയിലെ അനഭിലഷണീയ പ്രവണതകള്‍ തടയാനും കഴിയും. ഇത്തരം പ്രവണത അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കാറാണ്‌ പതിവ്‌.
താന്‍ നല്‍കുന്ന ചികിത്സ ബന്ധുക്കള്‍ തത്സമയം കാണുണ്ടെന്ന്‌ വരുമ്പോള്‍ ഡോക്ടര്‍ക്ക്‌ കൂടുതല്‍ ഉത്തരവാദിത്തമുണ്ടാകുമെന്നും ചികിത്സപ്പിഴവ്‌ ഒഴിവാക്കാനാവുമെന്നും ചികിത്സക്കിടയില്‍ രോഗി മരിക്കുന്ന സന്ദര്‍ഭങ്ങള്‍ കുറക്കാനാവുമെന്നും പി. മോഹനദാസ്‌ പറഞ്ഞു. 

ഒമാനില്‍ ഡോക്ടറായ സജീവ്‌ ഭാസ്‌കര്‍ സമര്‍പ്പിച്ച പരാതിയിലാണ്‌ നടപടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക