Image

മാഗ്‌നെറ് തുണയായി; നയാസ് പാഷ നാടണഞ്ഞു

Published on 20 April, 2017
മാഗ്‌നെറ് തുണയായി; നയാസ് പാഷ നാടണഞ്ഞു

കുവൈത്ത്: ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്താവത്തില്‍ കുഴഞ്ഞുവീണു അബോധാവസ്ഥയിലായ നയാസ് പാഷ ഒന്നരമാസത്തെ ആശുപത്രിവാസത്തിനുശേഷം ഒടുവില്‍ നാടണഞ്ഞു. കെ കഐംഎയുടെ സന്നദ്ധ സേവന വിഭാഗമായ മാഗ്‌നെറ് പ്രവര്‍ത്തകരുടെ സഹായമാണ് നയാസ് പാഷക്ക് കുവൈത്തിലും നാട്ടില്‍ പോകാനും തുണയായത് .

ബംഗളൂരു സ്വദേശിയായ നയാസ് പാഷ ഒന്നര മാസം മുന്‍പ് കുവൈത്ത് എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ് കൈപ്പറ്റിയ ശേഷം കാത്തു നില്‍ക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. പലവിധ രോഗങ്ങളാല്‍ ക്ഷീണിതനായിരുന്ന ഇദ്ദേഹത്തിന് പൊടുന്നനെ ഷുഗര്‍ കൂടിയതാണ് കുഴഞ്ഞുവീഴാന്‍ കാരണം. ഉടന്‍തന്നെ എയര്‍പോര്‍ട്ട് അധികൃതരുടെ സഹായത്തോടെ അധാന്‍ ആശുപത്രിയിലെത്തിച്ചു. 

എല്ലാ അവധി ദിവസങ്ങളിലും കുവൈത്തിലെ വിവിധ ആശുപത്രികളില്‍ സന്ദര്‍ശനവും രോഗീ പരിചരണവും പതിവാക്കിയ മാഗ്‌നറ്റ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ട നയാസ് പാഷക്ക് ഒന്നരമാസത്തോളം സ്വാന്തനവും സഹായവുമേകിയത് മാഗ്‌നെറ് പ്രവര്‍ത്തകരാണ്. 

രോഗം നിയന്ത്രണ വിധേയമാണെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്ന് നാട്ടിലേക് പോകാന്‍ നയാസ് വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ടിക്കറ്റ് എടുക്കാന്‍ പണം ഇല്ലാതിരുന്ന നയാസിന് മാഗ്‌നെറ് പ്രവര്‍ത്തകര്‍ തന്നെയാണ് തുക സമാഹരിച്ചു നല്‍കിയത്. 

തിങ്കളാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീല്‍ ചെയറിലും സ്ട്രക്ചറിലും നയസിനെ വിമാനത്താവളത്തില്‍ എത്തിക്കും വരെ മാഗ്‌നെറ് പ്രവര്‍ത്തകരായ അസീസ്, സത്താര്‍, ഹമീദ്, ഉമ്മര്‍,നസീര്‍,അസീസ് മൗലവി, ഫയാസ്, നൗഫല്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു 

കെ കെ എം എ യുടെ കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കുവൈത്തിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചു സേവനം നടത്തുന്ന മാഗ്‌നെറ് സ്തുത്യര്‍ഹമായ കാരുണ്യ പ്രവര്‍ത്തനമാണ് അനുഷ്ഠിക്കുന്നത് .പതിവുള്ള ആശുപത്രി സന്ദര്‍ശനത്തിനിടെ കണ്ടെത്തുന്ന നിരാലംബ രോഗികള്‍ക്കു സാധ്യമായ എല്ലാ സഹായങ്ങളും മാഗ്‌നെറ് നല്‍കുന്നു. ജാതിയോ മതമോ ദേശമോ ഭാഷയോ നോക്കാതെ മാഗ്‌നെറ് നല്‍കുന്ന സേവനത്തിനു താങ്ങായി പലപ്പോഴും ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും കൈകോര്‍ക്കുന്നു 

മാഗ്‌നെറ്റിന്റെ സേവനം ആശുപത്രിയില്‍ മാത്രം ഒതുങ്ങുന്നില്ല. അപകടത്തിലോ അല്ലാതെയോ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ ക്രമീകരണങ്ങളും ചെയ്തു നല്‍കും. രേഖകള്‍ ശരിയാക്കാന്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പലപ്പോഴും എവിടെയാണ് സമീപിക്കേണ്ടതെന്നോ എങ്ങനെയാണ് പൂര്‍ത്തീകരിക്കേണ്ടതെന്നോ അറിയില്ല. മാഗ്‌നെറ്റിന്റെ സജീവ പ്രവര്‍ത്തകരായ സംസം റഷീദ്, അഷ്‌റഫ് മാങ്കാവ്, ബഷീര്‍ തുടങ്ങിയവരാണ് ഈ കാര്യങ്ങള്‍ക്കു ഓടിയെത്തുന്നത്. ഇന്ത്യന്‍ എംബസിയില്‍ നിന്നുവേണ്ട സഹായങ്ങള്‍ക്ക് കൂട്ടായി കെ കഐംഎയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.സി. റഫീഖും സജീവമാണ്. ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും മാഗ്‌നെറ് ഈ സേവനങ്ങള്‍ നല്‍കുന്നു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക