Image

മല്യയും ലോകകടക്കാരും (പകല്‍ക്കിനാവ്-49: ജോര്‍ജ് തുമ്പയില്‍)

Published on 23 April, 2017
മല്യയും ലോകകടക്കാരും (പകല്‍ക്കിനാവ്-49: ജോര്‍ജ് തുമ്പയില്‍)
ഒരു കോടി രൂപ എന്നൊക്കെ പറയുന്നത് ഒന്നുമല്ലെന്ന് ഇന്ത്യക്കാര്‍ക്ക് മനസ്സിലാക്കി കൊടുത്തത് വ്യവസായി വിജയ് മല്യയാണ്. കാരണം, അദ്ദേഹത്തിന് വിവിധ ബാങ്കുകളില്‍ തിരിച്ചടയ്ക്കാനുള്ള കടം 7000 കോടി രൂപയാണത്രേ. ഇത് ബാങ്കുകള്‍ പറയുന്ന കാര്യമാണ്. ഇതില്‍ പലതും പെരുപ്പിച്ചു പറയുന്നുമുണ്ടാകാം. എന്നാല്‍ ഔദ്യോഗികമായി പറയുന്നത് രണ്ടായിരം കോടി രൂപ പലിശയും കൂടി ചേര്‍ത്തുവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന 9000 കോടി രൂപയെക്കുറിച്ചാണ്. (100 കോടിയാണ് ഒരു ബില്യണ്‍. അതു വച്ചു നോക്കുമ്പോള്‍ 90 ബില്യണ്‍. ഇനി ഡോളര്‍ മൂല്യത്തിലേക്ക് കണക്കാക്കിയാല്‍ വെറും 1400 കോടി ഡോളറിന്റെ ഇടപാട്. അതിനാണ് ഇവിടെ കിടന്ന് ഈ കുര കുരയ്ക്കുന്നത്. ബില്യണ്‍ രീതിയിലേക്ക് മാറ്റിയാല്‍ വെറും 14 ബില്യണ്‍ ഡോളര്‍ മാത്രം.) 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയില്‍ 162-മത്തെതും, ഇന്ത്യയിലെ ധനികന്മാരില്‍ 41-ാമതും ആയിരുന്നു വിജയ് മല്യ.17 ബാങ്കുകളില്‍ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസില്‍ കക്ഷി രാജ്യത്തു നിന്നു തന്നെ മുങ്ങിയിരുന്നു. പിന്നീട് പൊങ്ങിയത് ബ്രിട്ടനില്‍. 1.2 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യസഭ എം.പി, ചെയര്‍മാന്‍ യുണൈറ്റഡ് ബ്രീവറീസ് ഗ്രൂപ്പ്, കിംങ്ഫിഷര്‍ എയര്‍ലൈന്‍സ്, ഫോഴ്‌സ് ഇന്ത്യ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ അങ്ങനെ വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയുമൊക്കെ മുതലാളിയാണ് ഇപ്പോള്‍ ഏതു നിമിഷവും ജയിലില്‍ പോകാവുന്ന സ്ഥിതിയില്‍ നില്‍ക്കുന്നത്.

എന്നാല്‍, ലോകചരിത്രത്തിലേക്ക് നോക്കിയാല്‍ മല്യയുടേത് ഒരു കടമേ അല്ലെന്നു വേണമെങ്കില്‍ പറയാം. മാനവചരിത്രം പരിശോധിച്ചാല്‍ ലേമാന്‍ ബ്രദേഴ്‌സ് ഹോള്‍ഡിങ് കമ്പനിയുടെ കടമാണ് ഏറ്റവും വലുത്. 691 ബില്യണ്‍ ഡോളേഴ്‌സ്. 2008-ലായിരുന്നു ഇത്. ഈ സംഭവത്തെത്തുടര്‍ന്നാണ് ലോകമാകെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടതെന്നു പറഞ്ഞാലും തെറ്റില്ല. അമേരിക്കയിലായിരുന്നു സംഭവം. ചരിത്രത്തിലെ ഏറ്റവും വലിയ കടങ്ങളുടെ കൂട്ടത്തില്‍ ഒന്നാമതായിരുന്നു ഈ സംഭവം. അന്നു തുടങ്ങിയ പ്രതിസന്ധി ഇന്നു പത്തു വര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോഴും മാറിയിട്ടില്ലെന്നു സാരം. ഈ ഉലച്ചിലില്‍ അമേരിക്കയും ഗള്‍ഫും യൂറോപ്പും അടക്കം ഏതാണ്ട് നൂറിലധികം രാജ്യങ്ങളാണ് പ്രതിസന്ധിയുടെ മൂര്‍ച്ച അറിഞ്ഞത്.

ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള കടങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്, വാഷിങ്ടണ്‍ മ്യൂച്ചലാണ്. അത് ലേമാന്‍ ബ്രദേഴ്‌സിന്റെ ഏതാണ്ട് പകുതിയേ വരു. അതും 2008-ലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ സെപ്തംബര്‍ 26-ന് 327 ബില്യണ്‍ ഡോളര്‍ കടം വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടെന്ന കാരണത്താല്‍ വാഷിങ്ടണ്‍ മ്യൂച്ചലിന്റെ കാര്യത്തില്‍ തീരുമാനമായി. 5400 ബ്രാഞ്ചുകളും 14200 എ.റ്റി.എമ്മുകളും ഉള്ള സ്ഥാപനമായിരുന്നു ഇത്. 1963-ല്‍ സ്ഥാപിച്ച വേള്‍ഡ് കോം എന്ന സ്ഥാപനം തകര്‍ന്നത് 2002-ലായിരുന്നു. 104 ബില്യണ്‍ ഡോളറിന്റെ ബാങ്ക് കടം. തിരിച്ചടയ്ക്കാന്‍ ഒരു നിവൃത്തിയില്ലാതെ വന്നു. അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കടക്കാരായി നിലകൊണ്ടു. എംസിഐ എന്നായിരുന്നു പിന്നീട് ഇതിന്റെ പേര്. ജനുവരിയില്‍ വേരിസണ്‍ വാങ്ങിയതോടെ, പേരും നാളുമൊക്കെ ഇല്ലാതായി. കമ്പനിയുടെ സ്ഥാപകനും സിഇഒ-യുമായിരുന്ന ബെര്‍നാര്‍ഡ് എബേഴ്‌സ് ഇപ്പോഴും ജയിലില്‍ തന്നെ.

നാലാം സ്ഥാനത്ത് ജനറല്‍ മോട്ടേഴ്‌സാണ്. ബാങ്കുകള്‍ക്ക് കൊടുക്കാനുണ്ടായിരുന്ന കടം 91 ബില്യണ്‍ ഡോളര്‍. 2009-ലായിരുന്നു അത്. പക്ഷേ, കടക്കെണിയില്‍ വീഴാതെ കമ്പനി പിടിച്ചു നിന്നു. 34 രാജ്യങ്ങളില്‍ ശാഖകളുള്ള കമ്പനിക്ക് 2,44,500 ജീവനക്കാരാണുള്ളത്. കടങ്ങളൊക്കെ ഇപ്പോഴും വീട്ടിക്കൊണ്ടിരിക്കുന്നു. അഞ്ചാം സ്ഥാനത്ത് സിഐറ്റി ഗ്രൂപ്പ്. ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്ന കടം 71 ബില്യണ്‍ ഡോളര്‍. ലേമാന്‍ ബ്രദേഴ്‌സിനു വീഴ്ച പറ്റിയപ്പോള്‍ താഴെ പോയ മറ്റൊരു കമ്പനി ഇതായിരുന്നു. കണ്‍സ്യൂമര്‍ ഫിനാന്‍സ് കമ്പനി സ്ഥാപിച്ചിട്ട് 1908-നു ശേഷം പ്രതിസന്ധിയില്‍ പെട്ടത് 2005-ലായിരുന്നു. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കമ്പനി കിട്ടാക്കടത്തിന്റെ പേരില്‍ കടക്കെണിയില്‍ പെട്ട് ഇല്ലാതായി.
ആറാം സ്ഥാനത്ത് ഹൂസ്റ്റണിലുള്ള എന്‍റോണ്‍ കോര്‍പ്പറേഷന്‍ എന്ന അമേരിക്കന്‍ എനര്‍ജി കമ്പനിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈദ്യുത, പ്രകൃതി വാതക, കമ്മ്യൂണിക്കേഷന്‍ കമ്പനിയായിരുന്നു ഇത്. കൂടുതല്‍ പണം മുടക്കി കൂടുതല്‍ വ്യവസായങ്ങളിലേക്ക് തിരിഞ്ഞതോടെ കമ്പനി കടത്തിലായി. 65.5 ബില്യണ്‍ ഡോളര്‍ ബാങ്കു കടം പലിശ വര്‍ദ്ധിച്ചതോടെ മുന്നോട്ടു പോകാന്‍ പറ്റാത്ത സ്ഥിതിയായി പോയി. 2001-ല്‍ കമ്പനി തകര്‍ന്നു. എന്‍റോണിന്റെ ആസ്തികള്‍ മുഴുവന്‍ ജപ്തി ചെയ്യപ്പെട്ടു. 23 ബില്യണ്‍ ബാദ്ധ്യത ഇപ്പോഴുമുണ്ട്. ഇന്ത്യാനയിലെ കണ്‍സ്യൂമര്‍ ഫിനാന്‍സ് കമ്പനികളിലൊന്നായിരുന്ന കോണ്‍സെകോയ്ക്ക് 2002-ല്‍ തകരുമ്പോള്‍ കടം 61 ബില്യണ്‍ ഡോളറായിരുന്നു. ചിക്കാഗോ കോടതിയില്‍ നിന്നു തലയൂരാന്‍ കഴിയാതായതോടെ പ്രമുഖരെല്ലാം ജയിലില്‍ പോയി. ഇപ്പോഴും കേസ് നടക്കുന്നു. ഓട്ടോമൊബൈല്‍ രംഗത്തെ മികച്ച പേരുകളിലൊന്നായിരുന്നു ക്രിസ്ലെര്‍ ഗ്രൂപ്പ്. ബാങ്ക് കടം 39 ബില്യണ്‍ ഡോളര്‍. ഇറ്റലിയിലെ ഫിയറ്റുമായി ചേര്‍ന്ന് കടം വീട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പുതിയ കമ്പനി ഉണ്ടാക്കി അതില്‍ ഓഹരി നിലനിര്‍ത്താനുള്ള ശ്രമമായിരുന്നുവെങ്കിലും ബാങ്കുകള്‍ പിടിമുറുക്കി.

ഒമ്പതാം സ്ഥാനത്തുള്ള തോണ്‍ബര്‍ഗ് മോര്‍ട്ട്‌ഗേജ് കമ്പനിക്ക് 36.5 ബില്യണ്‍ ഡോളറാണ് കടം. ന്യൂ മെക്‌സിക്കോ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനി ലേമാന്‍ ബ്രദേഴ്‌സ് തകര്‍ന്നതോടെ അതിന്റെ പാത പിന്തുടരുകയായിരുന്നു. പത്താം സ്ഥാനത്തുള്ള കമ്പനി, സാന്‍ ഫ്രാന്‍സിസ്‌ക്കോയില്‍ നിന്നുള്ള പസഫിക്ക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്ക് കമ്പനിയായിരുന്നു. കടം 36.1 ബില്യണ്‍ ഡോളര്‍. ഫോര്‍ച്യൂണ്‍ ലിസ്റ്റില്‍ 2005-ല്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായിരുന്നു ഇത്. എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞതോടെ, കടക്കെണിയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു.

ഇതു വച്ചൊക്കെ നോക്കിയാല്‍ വിജയ് മല്യയുടെ ഗ്രൂപ്പിന്റെ 9000 കോടി ഇന്ത്യന്‍ രൂപയൊന്നും ഒന്നുമേയില്ല. ലോക ചരിത്രത്തിലെ ആദ്യ ആയിരം കടക്കാരുടെ ലിസ്റ്റില്‍ പോലും മല്യ വരില്ല. അതു കൊണ്ടു തന്നെ അമേരിക്കക്കാരുടെയും യൂറോപ്യരുടെയും റെക്കോര്‍ഡ് തകര്‍ക്കാന്‍ മല്യയ്‌ക്കോ, സഹാറ ഗ്രൂപ്പിന്റെ ചെയര്‍മാനും ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന സുബ്രതോ റോയ്‌ക്കോ അടുത്തെങ്ങും കഴിയില്ലെന്നതാണ് വാസ്തവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക