Image

കോട്ടയം രൂപതയുടെ എന്‍ഡോഗമി പ്രാക്ടീസ് നിയമ വിരുദ്ധം: കേരള ഹൈക്കോടതി

Published on 07 May, 2017
കോട്ടയം രൂപതയുടെ എന്‍ഡോഗമി പ്രാക്ടീസ് നിയമ വിരുദ്ധം: കേരള ഹൈക്കോടതി
പ്രസിദ്ധമായ ബിജു ഉതുപ്പ് കേസില്‍ കോട്ടയം രൂപത മെത്രാന്റെ അപ്പീല്‍ തള്ളുകയും കീഴ്കോടതികളുടെ രൂപതക്കെതിരായ വിധികള്‍ അംഗീകരിക്കുകയും ചെയ്തുകൊണ്ട് ഹൈക്കോടതി ജനുവരി 30, 2017 - നു വിധി പ്രസ്താവിച്ചു. 70 പേജുള്ള ദീര്‍ഘമായ ഒരു ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

എന്‍ഡോഗാമിയുടെ പേരില്‍ ക്‌നാനായ സമുദായത്തിന് പുറത്തുനിന്നു വിവാഹം ചെയ്യുന്ന ക്‌നാനായക്കാരെയും അവരുടെ കുടുംബത്തെയും സമുദായത്തില്‍ നിന്നും കോട്ടയം രൂപതയില്‍ നിന്നും പുറത്താക്കുന്നത് ഇന്ത്യയിലെ നിയമങ്ങള്‍ക്കെതിരാണ് എന്ന് കോടതി വിധിച്ചു. ഇങ്ങനെയുള്ള നടപടികള്‍ ക്രൈസ്തവ വിശ്വാസ സത്യങ്ങള്‍ക്കും കാനോനിക നിയമങ്ങള്‍ക്കും എതിരാണെന്നും കോടതി കണ്ടെത്തി. ഇന്‍ഡ്യന്‍ ഭരണഘടന ഒരിന്ത്യന്‍ പൗരന് നല്‍കിയിരിക്കുന്ന പൗരാവകാശങ്ങളുടെ ലംഘനം കൂടിയാണ് ഈ നടപടി.

മുകളില്‍ പറഞ്ഞിരിക്കുന്ന കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ബിജു ഉതുപ്പിനെയും, സ്വവംശ വിവാഹനിഷ്ഠ (എന്‍ഡോഗമി) പാലിക്കാതെ വിവാഹിതരായ ബിജുവിന്റെ മാതാപിതാക്കളെയും, സഹോദരീ സഹോദരന്മാരേയും ക്‌നാനായ സമുദായത്തിലെയും കോട്ടയം രൂപതയിലേയും അംഗങ്ങളായി ഹൈക്കോടതി അംഗീകരിച്ചു. ഇതിന്റെ വെളിച്ചത്തില്‍ ബിജു ഉതുപ്പിന് ക്‌നാനായ ഇടവകയില്‍ നിന്ന് വിവാഹക്കുറി ലഭിക്കുവാന്‍ അവകാശമുണ്ടെന്നും കോടതി വിധിച്ചു.

കേരള ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ കോട്ടയം രൂപത സുപ്രീം കോടതിയില്‍ അപ്പീലിന് പോകുമോ എന്ന് എല്ലാവരും ഉറ്റു നോക്കുകയാണ്.

അമേരിക്കയിലെ KANA -യുടെയും കേരളത്തിലെ KCNS -ന്റെയും കമ്മിറ്റി അംഗങ്ങള്‍ കോട്ടയം രൂപത ഈ ഹൈക്കോടതി വിധിയെ മാനിച്ചുകൊണ്ട് ക്‌നാനായ സമുദായത്തിലും സഭയിലും കാലോചിതമായ മാറ്റങ്ങള്‍ക്കു തയ്യാറാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സുപ്രീം കോടതിയില്‍ ഒരു അപ്പീല്‍ കൊടുക്കുന്നത് കൊണ്ട് പ്രയോജനമുണ്ടെന്നും അവര്‍ കരുതുന്നില്ല. ക്‌നാനായ സമുദായത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ വത്തിക്കാന്‍ നിയമിച്ച Mulhall പിതാവിന്റെ നിര്‍ദേശങ്ങള്‍ ഹൈക്കോടതി വിധിക്കനുസരിച്ചായിരിക്കുകയും വേണം എന്ന് അവര്‍ പ്രസ്താവിച്ചു. കാരണം വിശ്വാസപരമല്ലാത്ത കാര്യങ്ങളില്‍ സഭയുടെ നിലപാടുകള്‍ നാടിന്‍റെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കണം.

ഗഅചഅ യുടെ പ്രതിനിധികള്‍ ചിക്കാഗോ സിറോ-മലബാര്‍ രൂപതയുടെ പിതാക്കന്മാരെ സന്ദര്‍ശിക്കുകയും ഹൈക്കോടതി വിധിയുടെ വെളിച്ചത്തില്‍, സാമൂഹ്യ നിയമങ്ങള്‍ക്കും കാനോന്‍ നിയമങ്ങള്‍ക്കും ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍ക്കുമെതിരായ 2014 - ലെ കല്പന പിന്‍വലിച്ചു പുതിയ കല്പന പുറപ്പെടുവിക്കുവാന്‍ ആവശ്യപ്പെടുകയുണ്ടായി. കൂടാതെ, KCCNA - പോലുള്ള സമുദായ സംഘടനകള്‍ അവരുടെ ഭരണഘടനയും നടപടിക്രമങ്ങളും ഈ വിധിക്കനുസരിച്ചു മാറ്റിയെഴുതണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അലക്‌സ് കാവുംപുറത്ത്
നാഷണല്‍ കോഓര്‍ഡിനേറ്റര്‍, കാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക