Image

രമേശ് സ്മാരക പ്രവാസി പുരസ്‌കാരം ഇ.എം. കബീറിന്

Published on 10 May, 2017
രമേശ് സ്മാരക പ്രവാസി പുരസ്‌കാരം ഇ.എം. കബീറിന്


കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഏര്‍പ്പെടുത്തിയ രമേശ് സ്മാരക പ്രവാസി പുരസ്‌കാരം ഇ.എം. കബീറിന്. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മേയ് 19ന് (വെള്ളി) ഹവല്ലി ഖാഡ്‌സിയ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന മയൂഖം 2017 വേദിയില്‍ പുരസ്‌കാരം സമ്മാനിക്കും.

കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന അന്തരിച്ച ആര്‍.രമേശിന്റെ സ്മരണാര്‍ഥം കല കുവൈറ്റ് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. 

കഴിഞ്ഞ 30 വര്‍ഷക്കാലമായി സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്കിടയില്‍ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് ഇ.എം. കബീര്‍. 1985ല്‍ ദമാമിലെത്തിയ കബീര്‍ നിരവധി കാന്പയിനുകള്‍ക്ക് നേതൃത്വം നല്‍കി. കാന്‍സര്‍ രോഗ ബാധിതരായ നിരവധി പേര്‍ക്ക് സഹായം നല്‍കുന്നതിനും അവരെ ബോധവത്കരിക്കുന്നതിനുമായി നടത്തിയ കാന്പയിനിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ പൂന്തുറ സ്വദേശിയായ കബീര്‍, ദമാമിലെ പുരോഗമന, സാംസ്‌കാരിക സംഘടനായ നവോദയ സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍, ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ നവോദയ രക്ഷാധികാര സമിതി അംഗമാണ്.

പത്ര സമ്മേളനത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍, ജനറല്‍ സെക്രട്ടറി ജെ.സജി, ട്രഷറര്‍ രമേശ് കണ്ണപുരം, സാം പൈനുംമൂട്, ജിതിന്‍ പ്രകാശ്, സജീവ് എം. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക