Image

ലോകത്തിലെ ഏറ്റവും നല്ല വിദ്യാഭ്യാസ നഗരത്തില്‍ വിയന്നയ്‌ക്ക്‌ അഞ്ചാം സ്ഥാനം

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 28 February, 2012
ലോകത്തിലെ ഏറ്റവും നല്ല വിദ്യാഭ്യാസ നഗരത്തില്‍ വിയന്നയ്‌ക്ക്‌ അഞ്ചാം സ്ഥാനം
വിയന്ന: വിദ്യാര്‍ഥികള്‍ക്ക്‌ ജീവിക്കുവാന്‍ ലോകത്തെ ഏറ്റവും മാതൃകാപരമായ സ്ഥലങ്ങളില്‍ അഞ്ചാം സ്ഥാനം വിയന്ന കരസ്ഥമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റേറ്റിംഗില്‍ പ്രശസ്‌തമായ Quacquarelli Symonds പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ്‌ വിയന്നയ്‌ക്ക്‌ ഈ നേട്ടം കൈവരിക്കാനായത്‌.

യൂറോപ്പില്‍ വിയന്നയ്‌ക്ക്‌ തൊട്ടുമുന്‍പില്‍ ലണ്‌ടനും പാരീസുമാണ്‌ ഈ ബഹുമതിക്ക്‌ അര്‍ഹത നേടിയത്‌. തൊഴില്‍പരമായ പ്രവര്‍ത്തനങ്ങള്‍, പഠനത്തിനുള്ള ചെലവുകള്‍, ജീവിത നിലവാരം എന്നീ ഘടകങ്ങള്‍ പ്രധാനമായും കണക്കിലെടുത്താണ്‌ റേറ്റിംഗ്‌ നല്‍കിയിരിക്കുന്നത്‌.

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം മാത്രം കണക്കിലെടുക്കുമ്പോള്‍ ബോസ്റ്റണും ലണ്‌ടനുമാണ്‌ മുന്‍പിലെങ്കില്‍ ജീവിതനിലവാരം, സംസ്‌കാര സമ്പന്നത, പഠനത്തിനുള്ള ചെലവ്‌ എന്നിവയും കണക്കിലെടുക്കുമ്പോള്‍ വിയന്ന മുന്‍പന്തിയിലാണെന്ന്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടശേഷം വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു.

വിനോദ സഞ്ചാരികളുടെ ഇഷ്‌ടഭൂമിയും ലോകത്തിലെ ഉന്നത ജീവിത നിലവാരം പുലര്‍ത്തുന്ന നഗരവുമെന്ന അംഗീകാരത്തിനുപുറമെയാണ്‌ വിയന്നയ്‌ക്ക്‌ ഈ തിലകക്കുറി കൂടി നല്‍കപ്പെട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക