Image

കെയ്റ്റ്‌ലിന്‍ ജെന്നര്‍ക്ക് പേരിലാണ് എല്ലാം (ഏബ്രഹാം തോമസ്)

Published on 17 May, 2017
കെയ്റ്റ്‌ലിന്‍ ജെന്നര്‍ക്ക് പേരിലാണ് എല്ലാം (ഏബ്രഹാം തോമസ്)
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് കെയ്റ്റ്‌ലിന്‍ ജെന്നറോട് ചോദിച്ചാല്‍ പേരിലാണ് എല്ലാം എന്നവര്‍ മറുപടി നല്‍കും. ഒരു വര്‍ഷം മുന്‍പ് അവര്‍ ശസ്ത്രക്രിയ നടത്തി ഭിന്നലിംഗമായി. തന്നെ ഇനി എല്ലാവരും കെയ്റ്റ്‌ലിന്‍ എന്ന് മാത്രമേ വിളിക്കാവൂ എന്നവര്‍ ആവശ്യപ്പെടുന്നു.

കെയ്റ്റ്‌ലിന്റെ ലിംഗം മാറിയതോടെ കുട്ടികള്‍ക്ക് കെയ്റ്റ്‌ലിന്‍ എന്ന് പേര് നല്‍കാന്‍ മാതാപിതാക്കള്‍ മടികാണിക്കുകയാണെന്ന് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ (എസ്എസ്എ) വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെയ്റ്റ്‌ലിന്‍ മാത്രമല്ല ആ പേരിന്റെ വ്യത്യസ്ത സ്‌പെല്ലിംഗുകള്‍ ഉള്ള മറ്റ് മൂന്ന് പേരുകളും ഇപ്പോള്‍ ആര്‍ക്കും വേണ്ട.

'ഇങ്ങനെയേ സംഭവിക്കുവാന്‍ സാധ്യത ഉണ്ടായിരുന്നുള്ളൂ. കെയ്റ്റ്‌ലിനോടുള്ള പ്രിയം നഷ്ടപ്പെട്ടുവരികയായിരുന്നു. ഇപ്പോള്‍ പേര് വിവാദവും ആയി. ബേബി നെയിം വിസാര്‍ഡ് ഡോട്ട് കോമിന്റെ സ്ഥാപക ലോറ വാറ്റന്‍ ബെര്‍ഗ് പറയുന്നു.

കഴിഞ്ഞ വര്‍ഷം മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാന്‍ ഏറ്റവുമധികം താല്‍പര്യപ്പെട്ട 1000 പേരുകള്‍ എസ്എസ്എ പുറത്തുവിട്ടു. ഈ വിവരം പ്രസിദ്ധപ്പെടുത്തിയാല്‍ പൊതു പ്രവര്‍ത്തകര്‍ക്ക് പ്രയോജനകരമാവും എന്ന് കരുതിയാണ് ഏജന്‍സി എല്ലാവര്‍ഷവും ഇങ്ങനെ ചെയ്യുന്നത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പെണ്‍കുട്ടികള്‍ക്ക് എമ്മ എന്ന പേര് നല്‍കാനാണ് മാതാപിതാക്കള്‍ താല്‍പര്യം കാണിച്ചത്. പിന്നാലെ എത്തിയത് ഒളിവിയ, ആവ (ഏവ), സോഫിയ, ഇസബെല്ല എന്നീ പേരുകളും.

നാലാം വര്‍ഷവും ഏറ്റവുമധികം മാതാപിതാക്കള്‍ ഇഷ്ടപ്പെട്ടത് ആണ്‍കുട്ടികള്‍ക്ക് നോവ (നോഹ്) എന്ന പേരാണ്. പിന്നെ ലിയാം, വില്യം, മേസണ്‍, ജെയിംസ് ഇവയ്ക്കും ആവശ്യക്കാരുണ്ടായി. ഓരോ വര്‍ഷവും പ്രിയം കൂടുന്നവയും പ്രിയം കുറയുന്നവയുമായ േപരുകളുടെ സൂചികയും ഏജന്‍സി നല്‍കാറുണ്ട്. ഏറ്റവുമധികം ഡിമാന്‍ഡുള്ള ആയിരം പേരുകളില്‍ നിന്ന് കെയ്റ്റ്‌ലിനും ആ പേരിന്റെ വ്യത്യസ്ത സ്‌പെല്ലിംഗുകള്‍ ഉള്ള മറ്റ് മൂന്ന് പേരുകളും പുറത്തായി.

ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ സ്പ്രൂസ് ജെന്നര്‍ താന്‍ ഒരു ഭിന്ന ലിംഗക്കാരിയാണ് എന്ന് വെളിപ്പെടുത്തിയപ്പോള്‍ ലോകം അമ്പരന്നു. കാള്‍മി കെയ്റ്റ്‌ലിന്‍ എന്നാവശ്യപ്പെട്ട് അവര്‍ വാനിറ്റി ഫെയര്‍ മാസികയുടെ പുറംതാളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ജെന്നര്‍ ഭിന്നലിംഗമായത് മാത്രമായിരിക്കില്ല കെയ്റ്റ്‌ലിനോടുള്ള പ്രിയം നഷ്ടപ്പെടാന്‍ കാരണമെന്ന് വാറ്റന്‍ ബെര്‍ഗ് പറയുന്നു. തങ്ങളുടെ കുട്ടികളുടെ പേരില്‍ വിവാദം ഉണ്ടാകാതിരിക്കുവാന്‍ മാതാപിതാക്കള്‍ തല്‍പരരാകുന്നതായിരിക്കാം കാരണം. രാഷ്ട്രീയ നേതാക്കളുടെ പേര് കുട്ടികള്‍ക്ക് നല്‍കാതിരിക്കുന്നതും ഇതിനാലാണ്. ഡോണള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകര്‍ പോലും തങ്ങളുടെ കുട്ടികള്‍ക്ക് ഡോണള്‍ഡ് എന്ന് പേര്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. പേര് തിരഞ്ഞെടുക്കുമ്പോള്‍ ഒരു വിവാദവും ഒപ്പം കൂട്ടാന്‍ നാം ആഗ്രഹിക്കാറില്ല. വാറ്റന്‍ ബെര്‍ഗ് തുടര്‍ന്നു പറഞ്ഞു.

സാന്ദര്‍ഭികമായി പറയട്ടെ, ഡോണള്‍ഡ് 45 സ്ഥാനങ്ങള്‍ താണ് 488–ാം നമ്പരായി. ഹിലറി പെണ്‍കുട്ടികളുടെ ആദ്യ ആയിരം പട്ടികയ്ക്ക് പുറത്തായത് 2009 ലാണ്. ഇനിയും തിരികെ എത്തിയിട്ടില്ല.
കെയ്റ്റ്‌ലിന്‍ ജെന്നര്‍ക്ക് പേരിലാണ് എല്ലാം (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക