Image

മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു, ആ 'നല്ല ദിനങ്ങള്‍' വന്നണഞ്ഞോ? (ദല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 24 May, 2017
മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു, ആ 'നല്ല ദിനങ്ങള്‍' വന്നണഞ്ഞോ? (ദല്‍ഹി കത്ത് : പി.വി.തോമസ്)
നരേന്ദ്രമോഡി ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുവാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷം ഈ വെള്ളിയാഴ്ച(മെയ് 26) പൂര്‍ത്തിയാകും. അതായത് അഞ്ച് വര്‍ഷത്തെ കാലാവധി തീരുവാന്‍ ഇനി രണ്ട് വര്‍ഷം കൂടെ മാത്രം. ഭരണകാലത്തിന്റെ പകുതിയില്‍ ഏറെ മോഡി പിന്നിട്ടു കഴിഞ്ഞു.
എന്താണ് മോഡിയുടെ ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും? അദ്ദേഹം വാഗ്ദാനങ്ങള്‍ നിറവേറ്റിയോ? അതോ അവ വെറും പാഴ് വാക്കുകള്‍ ആയിരുന്നുവോ? ഹിന്ദുത്വ അജണ്ടക്ക് ആണോ അതോ എല്ലാവരുടെയും വികസനത്തിനും സല്‍ഭരണത്തിനും ആണോ അദ്ദേഹം പ്രാധാന്യം നല്‍കിയത്? ഇവയൊക്കെ ഇന്ന് ജനം വിചാരണ ചെയ്യുകയാണ്. ഈ ജനവിചാരണ നടന്നു കൊണ്ടിരിക്കുകയാണ് നിയമസഭ തെരഞ്ഞെടുപ്പുകളിലൂടെ, ഉപതെരഞ്ഞെടുപ്പുകളിലൂടെ, പ്രാദേശികസ്വയംഭരണ തെരഞ്ഞെടുപ്പുകളിലൂടെ. ഇതാണ് ജനാധിപത്യ അര്‍ത്ഥത്തില്‍ ശരിയായ ജനവിധി.

പക്ഷേ, രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയമീമാംസ ശാസ്ത്രീയമായി പഠിച്ച് അവലോകനം ചെയ്യുന്നവരും മോഡിയെ വിചാരണ ചെയ്യും. അതിനും വളരെയേറെ പ്രസക്തി ഉണ്ട്. തെരഞ്ഞെടുപ്പ് വിജയങ്ങളും പരാജയങ്ങളും മാത്രം അല്ല ഒരു ജനാധിപത്യ ഭരണത്തിന്റെ അന്തസത്ത നിര്‍ണ്ണയിക്കുന്നത്. കാരണം ഒരു സാധാരണ സമ്മതിദായകന്‍ രാഷ്ട്രീയവും ചരിത്രവും സാമ്പത്തീക ശാസ്ത്രവും പഠിച്ച് മനസിലാക്കി പ്രതികരിക്കുകയോ പ്രവര്‍ത്തിക്കുകയോ വേണമെന്നില്ല. അവര്‍ വോട്ട് ചെയ്ത് ഒരു ഗവണ്‍മെന്റിനെ അധികാരത്തിലേറ്റിയത് ഒരു സഹതാപ തരംഗത്തിലൂടെയോ, കാശിന്റെയോ, കള്ളിന്റെയോ, ജാതി മത പരിഗണനയിലൂടെയോ ആയിരിക്കാം. അല്ലെങ്കില്‍ യഥാര്‍ത്ഥ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ആയിരിക്കാം. ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്ന മോഡി ഗവണ്‍മെന്റിന് വെറും 31 ശതമാനം വോട്ട് മാത്രമെ 2014-ല്‍ ലഭിച്ചുവെന്നും വിഭജിത പ്രതിപക്ഷത്തിന് മൊത്തം 69 ശതമാനം വിഭജിത പ്രതിപക്ഷത്തിന് മൊത്തം 69 ശതമാനം വോട്ട് ലഭിക്കുകയുണ്ടായി. എന്ന വാദത്തിനൊന്നും ഇപ്പോള്‍ പ്രസക്തിയില്ല, അത് ഒരു യാഥാര്‍ത്ഥ്യം ആണെങ്കില്‍ പോലും. നമ്മുടെ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജയിച്ചവന്‍ ജയിച്ചു - ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ്- എന്നതാണഅ നിയമം. അപ്പോള്‍ മോഡിയും ബി.ജെ.പി.യും എന്‍.ഡി.എ.യും 2014-ല്‍ വിജയിച്ചു. മൂന്നു വര്‍ഷത്തെ ഭരണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. എന്ത് നേടി? എന്ത് നഷ്ടപ്പെട്ടു? ഇതാണ് ചോദ്യം.

മോഡി എന്നതാണ് ബി.ജെ.പി.യുടെ മൂന്നാം വാര്‍ഷിക ആഘോഷത്തിന്റെ മുഖ്യ വിഷയം. മോഡി എന്ന് വച്ചാല്‍ മെയ്ക്കിങ്ങ് ഓഫ് ഡെവലപ്പട് ഇന്‍ഡ്യ-എം.ഓഫ്. ഡി.ഐ.(മോഡി) എന്നര്‍ത്ഥം. ഇത് വളരെ സില്ലി ആയിട്ട് തോന്നാമെങ്കിലും ഇതാണ് ഗവണ്‍മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ച ആഘോഷ വിഷയം. അത് എന്തും ആകട്ടെ. മെയ് 26 മുതല്‍ 900 സ്ഥലങ്ങളില്‍ ഈ മോഡി എന്ന വിഷയം പ്രഖ്യാപിക്കപ്പെടും. ഒപ്പം 'സബക്കാ സാത്ത്, സബക്കാ വികാസ് എന്ന ശീര്‍ഷക ഗാനവും. ഇരുപത് ദിവസം നീങ്ങുനില്‍ക്കുന്ന മൂന്നാം വാര്‍ഷിക ദിനാഘോഷ പരിപാടികള്‍ മോഡി തന്നെ ഗുവാഹട്ടിയില്‍ ഉദ്ഘാടനം ചെയ്യും. ഗുവാഹട്ടിക്ക് ഒരു രാഷ്ട്രീയ പ്രാധാന്യം ഉണ്ട്. ആസാമിന്റെ തലസ്ഥാനമായ ഇവിടെ അധികാരം പിടിച്ചെടുത്ത മോഡി ബി.ജെ.പി.യുടെ വടക്ക്- കിഴക്കന്‍ പ്രവശ്യയിലെ അധികാര പ്രവേശനം ഇവിടെ നിന്നും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ്. മോഡിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായും ഉള്‍പ്പെടെ 450 ബി.ജെ.പി. നേതാക്കന്മാര്‍ ആണ് ഈ 900 ആഘോഷ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്. ബി.ജെ.പി.ക്കും മോഡി-ഷാ മാര്‍ക്കും ആഘോഷിക്കുവാനുള്ള എല്ലാ വിധ അര്‍ഹതയും അവകാശവും ഉള്ള ഒരു അവസരവും ആണ് ഇതു എന്നതില്‍ സംശയം ഇല്ല, ചില കാര്യങ്ങള്‍ ഒഴിച്ചാല്‍. അത് വഴിയെ വിശദീകരിക്കാം.
2014-ല്‍ കേവല ഭൂരിപക്ഷത്തില്‍ നിന്നും പത്തിലേറെ സീറ്റുകള്‍ കൂടുതല്‍ നേടി നരേന്ദ്രമോഡി എന്ന വിസ്മയത്തില്‍ അഴിമതിയിലും ഭരണമില്ലായ്മയുടെയും മുഖമുദ്രയായി മാറിയ മന്‍മോഹന്‍ സിംങ്ങിന്റെ പത്തു വര്‍ഷത്തെ ഭരണത്തെ മാറ്റിയാണ് എന്‍.ഡി.എ. എന്ന ബി.ജെ.പി. അധികാരത്തില്‍ എത്തിയത്. ആ വരവ് ഗംഭീരം ആയിരുന്നു. മോഡി ഒരു പുതിയ ഇതിഹാസവും. അദ്ദേഹത്തിന്റെ ആര്‍.എസ്.എസ്. പശ്ചാത്തലവും 2002-ലെ ഗുജറാത്ത് വംശഹത്യയും മോഡിക്ക് എതിരായി നിന്നില്ല. അത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ചു. ജനവിധി രാഷ്ട്രീയ കണക്ക് കൂട്ടലുകളെയും ഒരു പക്ഷേ, ചരിത്ര ധാര്‍മ്മികതയെയും തെറ്റിച്ചു. അത് രാഷ്ട്രീയ-ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠിച്ച് വിലയിരുത്തട്ടെ.

മോഡിയുടെ മൂന്നു വര്‍ഷത്തെ ഭരണത്തെ വിലയിരുത്തുമ്പോള്‍ അതില്‍ വിദേശ കാര്യവും, ആഭ്യന്തര രംഗവും, ആഭ്യന്തര സുരക്ഷയും, രാജ്യരക്ഷയും, കാര്‍ഷികമേഖലയും, വ്യവസായ മേഖലയും, സാമ്പത്തീക മേഖലയും വിദ്യാഭ്യാസ രംഗവും എല്ലാം ഉള്‍പ്പെടും. അധികാരത്തില്‍ വന്നയുടനെ തന്നെ മോഡി വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിന് വലിയ പ്രാധാന്യം നല്‍കി. അത് വളരെ നല്ലതും ആയിരുന്നു. പക്ഷേ, അവ ഉദ്ദേശിച്ച ഫലം നല്‍കിയോ എന്നതാണ് പ്രശ്‌നം. നവാസ് ഷെറിഫ് മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. മോഡി ഷെറിഫിനെ പാക്കിസ്ഥാനില്‍ പോയി ഒരു മിന്നല്‍ സന്ദര്‍ശനത്തിലൂടെ അത്ഭുതപ്പെടുത്തി. നല്ലതു തന്നെ. മോഡി ഏഷ്യന്‍ രാജ്യങ്ങളും അമേരിക്കയും, യൂറോപ്പും, ആഫ്രിക്കയും, ഓസ്‌ട്രേലിയയും സന്ദര്‍ശിച്ചു. അതും വളരെ നല്ലത് തന്നെ. ഈ രാജ്യങ്ങളുമായിട്ടുള്ള രാഷ്ട്രീയ-വ്യാപാര ബന്ധങ്ങള്‍ ദൃഢപ്പെടുത്തി. പക്ഷേ, ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ ബന്ധങ്ങള്‍ക്ക് ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് മാത്രം അല്ല അധോഗതിയും ഉണ്ടായി. ഇന്‍ഡോ-പാക്ക് , ഇന്‍ഡോ-ചൈന ബന്ധങ്ങള്‍ വളരെ വഷളായി. കാശ്മീരില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നിട്ടും (കൂട്ടുകക്ഷി) സ്ഥിതിഗതികള്‍ അറുവഷളായി. കാശ്മീര്‍ ഇന്ന് ഒരു യുദ്ധഭൂമിയാണ്. അവിടെ വെടിനിര്‍ത്തല്‍ ലംഘനവും ഭീകരാക്രമണവും നിത്യസംഭവങ്ങള്‍ ആണ്. കാശ്മീര്‍ ജനതയില്‍ നല്ലൊരു വിഭാഗം ഇന്‍ഡ്യ വിരുദ്ധര്‍ ആയിരിക്കുന്നു പരസ്യമായി തന്നെ. ഭീകരരെ പട്ടാളം വളഞ്ഞ് പിടിച്ചാല്‍ ജനം ഭീകകര്‍ക്ക് ഒപ്പം  ആണ്. പട്ടാളത്തിനെതിരെയുള്ള കല്ലേറ് യുദ്ധം കുപ്രസിദ്ധം ആണ്. മോഡി ഗവണ്‍മെന്റിന്റെ കാശ്മീര്‍ നയം അമ്പേ പാളി.

ഭീകരതാവളങ്ങള്‍ക്കെതിരെ അതിര്‍ത്തി കടന്ന് ഇന്‍ഡ്യസേന നടത്തിയ സര്‍ജിക്കല്‍ സ്്‌ട്രൈക്ക് ആണ് നാണയ നിര്‍വീര്യകരണം പോലെ മോഡി ഗവണ്‍മെന്റിന്റെ ഒരു സാഹസിക നീക്കം. അതിനുശേഷം പാര്‍ക്ക് ഭീകരര്‍ പാക്കിസ്ഥാന്‍, പട്ടാളത്തിന്റെ സഹായത്തോടെ എത്രയെത്ര കൗണ്ടര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തി? എത്ര യെത്ര ജവാന്മാര്‍ കൊല്ലപ്പെട്ടു. തലകള്‍ കൊയ്യപ്പെട്ടു? സര്‍ജിക്കല്‍ സ്‌ട്രൈക്ക് വെറും ഒരു രാഷ്ട്രീയ പ്രഹസനം ആയിരുന്നു. അതുകൊണ്ട് ഭീകരവാദം അവസാനിച്ചില്ല. വളരുകമാത്രമേ ചെയ്തുള്ളൂ. നാണയ നിര്‍വീര്യകരണം കൊണ്ട് അഴിമതി നിന്നോ? ഇല്ല. ലോക്പാല്‍ ബില്‍ എവിടെ? വിദേശത്തുള്ള കള്ളപ്പണം ഇന്‍ഡ്യയിലെത്തിച്ചോ? ഇല്ല. സാമ്പത്തീകരംഗത്തെ വളര്‍ച്ച കാര്യമായി വര്‍ദ്ധിച്ചിട്ടില്ല. കാര്‍ഷികരംഗവും തഥൈവ.
പക്ഷേ, ആഭ്യന്തര രംഗത്ത് മതസൗഹാര്‍ദ്ദത താറുമാറായി. പശുവിന്റെ പേരില്‍ എത്രയെത്ര കൊലകള്‍. ആര് ഇതിന് ഉത്തരവാദിത്വം പറയും? വാഗ്ദാനം ചെയ്ത ഇന്‍ക്യൂസീവ് ഗ്രോത്ത് സ്വാഗതാര്‍ഹം തന്നെ. പക്ഷേ, മനുഷ്യാവകാശവും ആത്മാഭിമാനവും തച്ചുടച്ചുള്ള വികസനം വേണ്ട. അത് ഭൂരിപക്ഷം മതഫാസിസം ആണ്.

എത്രയെത്ര കോളേജ് കാമ്പസുകള്‍ ആണ് പ്രക്ഷോഭണത്തിന്റെ ആയുധപ്പുരകള്‍ ആയത് ദേശീയതയുടെ അതിര്‍ സ്ഫുരണത്തിന്റെ പേരില്‍. ജാതി വിവേചനത്തിന്റെ പേരില്‍. ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റി, ഹൈദ്രബാദ് യൂണിവേഴ്‌സിറ്റി, ജാദവ്പുര്‍ യൂണിവാഴ്‌സിറ്റി, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, എന്നിവ ഇവയില്‍ ചുരുക്കം. രോഹിത് വെമൂലയും(ആത്മഹത്യചെയ്തു), കന്നയ്യകുമാറും(അറസ്റ്റ് ചെയ്യപ്പെട്ട് തീഹാര്‍ ജയിലില്‍ അടക്കപ്പെട്ടു), ചില ഉദാഹരണങ്ങള്‍ മാത്രം. ഝാര്‍ഖണ്ഡിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലും എത്ര പേരെയാണ് ഗോഹത്യയുടെ പേരില്‍, കച്ചവടത്തിന്റെ പേരില്‍ പച്ചക്ക് കൊല ചെയ്തത്. ഇവയൊക്കെ ഇന്നും തുടരുന്നു. ഇത് പരിപൂര്‍ണ്ണമായ മനുഷ്യാവകാശ ലംഘനമാണ്. മതഭ്രാന്താണ്. പ്രാചീനം ആണ്. ഇത് നിറുത്തണം. മോഡിക്ക് അത് സാധിക്കുമോ? അല്ലെങ്കില്‍ അവിടന്ന് എന്ത് ഭരണാധികാരി ആണ്? ഗുജറാത്തില്‍ പരാജയപ്പെട്ട രാജധര്‍മ്മം ആവര്‍ത്തിക്കരുത്.

മോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനം ആയിരുന്നു കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്നത്. ഇതില്‍ ഗവണ്‍മെന്റ് അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഈ വര്‍ഷം സൃഷ്ടിക്കപ്പെട്ട തൊഴിലുകള്‍ 1.1 ശതമാനം മാത്രം ആണ്. ഗവണ്‍മെന്റിന്റെ ലേബര്‍ ബ്യൂറോയുടെ കണക്ക് പ്രകാരം!

പക്ഷേ, മോഡിക്കുള്ള ഏറ്റവും വലിയ ആശ്വാസം കാര്യങ്ങള്‍ ഇങ്ങനെയൊക്കം ആയിട്ടും അദ്ദേഹം തെരഞ്ഞെടുപ്പിന് പിറകെ തെരഞ്ഞെടുപ്പ് വിജയിക്കുകയാണ്. 2014 ന് ശേഷം തെരഞ്ഞെടുപ്പ് ഡല്‍ഹി, ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പുകള്‍ മാത്രം ആണ്. ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയവും തനിച്ച് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗോവയിലും മണിപ്പൂരിലും ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ സാധിച്ചതും ഉത്തരാഖണ്ഡില്‍ ഭരണം കോണ്‍ഗ്രസില്‍ നിന്നും തിരിച്ചു പിടിച്ചതും മോഡിയുടെ വന്‍വിജയം ആണ്. ഒടുവില്‍ ഡല്‍ഹിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ തറപറ്റിച്ചതും.

തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പല കാരണങ്ങള്‍ ഉണ്ട്. ഞാന്‍ ഇവിടെ ഇലക്ട്രോണിക്ക് വോട്ടിംങ്ങ് യന്ത്രങ്ങളെ പഴി ചാരുന്നില്ല. ക്ഷമിക്കണം. തെരഞ്ഞെടുപ്പില്‍ പ്രധാന കക്ഷിക്ക് ഒരു എതിരാളി വേണം. ഇവിടെ ഇപ്പോള്‍ അങ്ങനെ ഒന്ന് ഇല്ല. കോണ്‍ഗ്രസിന് നന്ദി. മറ്റൊന്ന് ഭൂരിപക്ഷ മതധ്രൂവീകരണം. ഇത് അപകടം ആണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് വിജയങ്ങള്‍ മൂന്നു വര്‍ഷത്തെ ഭരണ വിജയമായി ആഘോഷിക്കരുത്. സമ്മതിദായകരുടെ രാഷ്ട്രീയ-ചരിത്രബോധവും അപഗ്രഥനപാടവവും മറക്കരുത്. മൂന്നു വര്‍ഷത്തെ ഭരണത്തിനുള്ളില്‍ മോഡി നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് പറയുകയല്ല. പക്ഷേ, മൈലുകള്‍ പോകേണ്ടതായിരിക്കുന്നു. സാമുദായിക മൈത്രിയും മനുഷ്യാവകാശ സംരക്ഷണവും ഓര്‍മ്മ വേണം.

മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു, ആ 'നല്ല ദിനങ്ങള്‍' വന്നണഞ്ഞോ? (ദല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക