Image

മണിചിത്രത്താഴ് മോഷ്ടിച്ചതോ ; ആരോപണവുമായി കഥാകൃത്ത്

Published on 26 May, 2017
മണിചിത്രത്താഴ് മോഷ്ടിച്ചതോ ; ആരോപണവുമായി കഥാകൃത്ത്

റീലിസ് ചെയ്ത് രണ്ട് പതിറ്റാണ്ടിനിപ്പുറം മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം മണിചിത്രത്താഴിനെതിരെ മോഷണാരോപണം. 1983ല്‍ കുങ്കുമം മാസികയില്‍ പ്രസിദ്ധീകരിച്ച വിജനവീഥി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ അണിയിച്ചൊരുക്കിയത് എന്ന നോവലിസ്റ്റ് അശ്വതി തിരുന്നാള്‍ പറയുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ നോവല്‍ പുന:പ്രസിദ്ധീകരിച്ചുകൊണ്ടാണ് കഥാകൃത്ത് പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
നാഗവല്ലി, നകുലന്‍, സണ്ണി അങ്ങനെ മലയാളിയുടെ മനസ്സില്‍ അനശ്വരമായി നില്‍ക്കുന്ന ഒരു പിടി കഥാപാത്രങ്ങള്‍. 1993 ഡിസംബര്‍ 25ന് വെള്ളിത്തിരയില്‍ എത്തിയ മണിചിത്രത്താഴിന് ഇന്നും ആരാധകര്‍ ഏറെയുണ്ട്. മധുമുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത ചിത്രം വിജയഗാഥകള്‍ക്കൊപ്പം ഏറെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. നാഗവല്ലിയായും ഗംഗായും തിളങ്ങിയ ശോഭനയ്ക്ക് വേണ്ടിയുള്ള ഡബ്ബിംഗ് മുതല്‍ ചിത്രത്തിന്റെ പാട്ടുകളെ കുറിച്ചും കഥയെകുറിച്ചുമെല്ലാം പല കാലത്തും പല പല വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന അവകാശവാദവുമായി എത്തിയിരിക്കുന്നു തിരുവനന്തപുരം സ്വദേശി അശ്വതി തിരുന്നാള്‍. മണിചിത്രത്താഴ് എന്ന സിനിമ 1983 ല്‍ പുറത്തിറങ്ങിയ വിജയവീഥി എന്ന തന്റെ നോവലില്‍ നിന്ന് പകര്‍ത്തിയതാണെന്നാണ് കഥാകൃത്തിന്റെ ആരോപണം. 10ലധികം സിനിമകളുടെ സഹസംവിധായകനായിരുന്ന ശശികുമാര്‍ പിന്നീട് ആത്മീയ വഴിയിലെത്തി അശ്വതി തിരുന്നാള്‍ ആയി മാറുകയായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ആദ്യ നോവലായ വിജനവീഥി പ്രസിദ്ധീകരിച്ച അതേ കുങ്കുമം മാസികയില്‍ പുനപ്രസീദ്ധീകരണത്തിന് ഒരുങ്ങുകയാണ് ഇദ്ദേഹം. ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന് അരികിലെത്തി നില്‌ക്കെ ചിത്രത്തിന്റെ പേരിലുള്ള പുതിയ ആരോപണത്തെ കുറിച്ച് അണിയറക്കാര്‍ ആരും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക