Image

മഴത്തുള്ളിയിലെ കാവ്യം (കവിത- രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 30 May, 2017
മഴത്തുള്ളിയിലെ കാവ്യം (കവിത- രാജന്‍ കിണറ്റിങ്കര)
ഓരോ മഴത്തുള്ളികളും

ഓരോ കവിതകളാണ്

 

അനന്ത വിഹായസ്സില്‍

മേഘപടര്‍പ്പില്‍

കാറ്റിലലയുമ്പോള്‍ 

വേര്‍പാടിന്റെ

ഒരു നിശാകാവ്യം...

 

നനഞ്ഞു കുതിര്‍ന്നു

മുറ്റത്തെ പൂഴിമണ്ണില്‍

പതിയുമ്പോള്‍

അമ്മയെ പുല്‍കുന്ന

കുഞ്ഞിന്റെ

സ്‌നേഹ കാവ്യം...

 

തൊടിയിലെ ചേമ്പിലയില്‍

ഉതിര്‍ന്നു വീഴാതെ

നൃത്തം ചെയ്യുമ്പോള്‍

ആരും കൊതിക്കുന്നൊരു

ആര്‍ദ്ര കാവ്യം ...

 

പുതുമഴയില്‍ കുതിര്‍ന്നു

പടികടന്നു വരുന്ന

കാമുകിയുടെ

കവിളില്‍ അടരുന്ന 

മുത്ത് മണികളില്‍

വിരിയുന്ന പ്രേമകാവ്യം..

 

നിറഞ്ഞൊഴുകുന്ന

കര്‍ക്കിടക പുഴയില്‍

തുള്ളിക്കൊരുകുടമായി

ആര്‍ത്തു പെയ്യുമ്പോള്‍

രൗദ്രമായൊരു

പ്രളയ കാവ്യം...

 

ഒടുവില്‍, ജന്മദൗത്യം

പൂര്‍ത്തിയാക്കി

കടലില്‍ അലിയുമ്പോള്‍

ഹൃദയത്തിലൊഴുകുന്ന

നിര്‍വൃതിയുടെ

ആത്മ കാവ്യങ്ങള്‍.........

 

Join WhatsApp News
വിദ്യാധരൻ 2017-05-31 08:34:03
ഒരു ചേമ്പിനിലയിൽ പറ്റിനിൽക്കും
ഒരു മഴത്തുള്ളിയിൽ കാണ്മതെന്ത്!
അരുണന്റെകിരണത്തിലൊളിഞ്ഞിരിക്കും
ഇന്ദ്രചാപമോ വർണ്ണരാജികളോ?
പ്രണയികൾക്കെന്നും കുളിർമയേകി
അണയുന്നു നീ കാര്മുകിലിൽനിന്നും 
തപ്തമാം അകതാരിൽ കുളിർമയേകി
പുണരുകയെന്നേയും മഴത്തുള്ളികളെ
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക