Image

ഐപാഡ് 3 മാര്‍ച്ച് ഏഴിന്

Published on 01 March, 2012
ഐപാഡ് 3 മാര്‍ച്ച് ഏഴിന്
മാര്‍ച്ച് ഏഴിന് വാര്‍ത്താലേഖകരെ ആപ്പിള്‍ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത് ഐപാഡിന്റെ പുതിയ വേര്‍ഷന്‍ അവതരിപ്പിക്കാന്‍ തന്നെയാണതെന്ന് മാധ്യമങ്ങള്‍ കരുതുന്നു.

തിരഞ്ഞെടുത്ത ചില മാധ്യമങ്ങള്‍ക്ക് ആപ്പിള്‍ അയച്ചിരിക്കുന്ന അറിയിപ്പില്‍, ഐപാഡില്‍ വിരലമര്‍ത്തുന്ന ചിത്രമാണുള്ളത്. 'We have something you really have to see. And touch' എന്നാണ് ക്ഷണപത്രത്തിലെ ചിത്രത്തില്‍ എഴുതയിരിക്കുന്നത്. സ്വാഭാവികമായും ഐപാഡ് 3 തന്നെയാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ യെര്‍ബ ബ്യേന ആര്‍ട്‌സ് സെന്ററിലാണ് ആപ്പിള്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. എന്നാല്‍, എന്ത് ഉത്പന്നമാണ് തങ്ങള്‍ അവതരിപ്പിക്കുകയെന്ന്, പതിവുപോലെ ഒരു സൂചനയും ആപ്പിള്‍ നല്‍കുന്നില്ല.

 ഐപാഡാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടിങിന്റെ മാസ്മരലോകം തുറന്നത്. അതിന് ശേഷം ഒട്ടേറെ കമ്പനികള്‍ ടാബ്‌ലറ്റുകള്‍ ഇറക്കിയെങ്കിലും, ഐപാഡ് സൃഷ്ടിച്ച തരംഗം മറ്റൊന്നിനും സാധ്യമായില്ല. ഇതിനകം ലോകത്താകമാനം 50 മില്യണ്‍ ഐപാഡുകളാണ് ആപ്പിള്‍ വിറ്റു കഴിഞ്ഞത്.

ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിലുള്ള ടാബ്‌ലറ്റുകളാണ് ഇപ്പോള്‍ ഐപാഡിനോട് മത്സരിക്കാന്‍ വിപണിയിലുള്ളത്. താമസിയാതെ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് 8 ഒഎസിലുള്ള ടാബ്‌ലറ്റുകളും രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക