Image

അസംബ്ലീസ് ഓഫ് ഗോഡ് ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

രാജു തരകന്‍ Published on 22 June, 2017
അസംബ്ലീസ് ഓഫ് ഗോഡ് ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് മലയാളം സഭകളുടെ ഫാമിലി കോണ്‍ഫറന്‍സ് 2017 ജൂലൈ 20-23 വരെ ഡാളസിലെ മെസ്കീറ്റില്‍ Hamton Inn & Suites കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 21 മത് അജിഫ്‌ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നാളിതുവരെ ഡാളസില്‍ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും അനുഗ്രഹീതമായ ആത്മീയ സംഗമത്തിനുള്ള വേദിയായി ഈ കോണ്‍ഫറന്‍സ് മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

കേരളത്തിന്റെ തനതു സംസ്കാരത്തില്‍ നിന്നും വ്യത്യസ്ഥമായി അമേരിക്കന്‍ സംസ്കാരത്തില്‍ എത്തിയിട്ടും ക്രിസ്തു കാണിച്ചുതന്ന മാതൃകയില്‍ തുടരുവാനും അതില്‍ നിലനില്‍ക്കുവാനും അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് സമൂഹം കാണിക്കുന്ന താല്‍പര്യം ഈ കോണ്‍ഫറന്‍സില്‍ പ്രതിഫലിക്കുകതന്നെ ചെയ്യും. സുവിശേഷവെളിച്ചം ഭാവിതലമുറയിലേക്ക് കൈമാറുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന കോണ്‍ഫറന്‍സായിരിക്കും നടക്കുവാന്‍ പോകുന്നത്.

“ഇതാ ഞാന്‍ സകലവും പുതുതാക്കുന്നു” (Behold I make everything new) വെളി.21:5 എന്നതാണ് തെരഞ്ഞെടുത്തിരിക്കുന്ന കോണ്‍ഫറന്‍സ് തീം.

അനുഗ്രഹീതരായ കര്‍ത്തൃദാസന്മാര്‍ വചനശുശ്രൂഷയ്ക്ക് എത്തിച്ചേരും. പാസ്റ്റര്‍മാരായ രവി മണി, ജോഷ്വാ ജോണ്‍സ്, മൈക്കിള്‍ ഡിസാനെ, ജോനഥാന്‍ പൊക്ലൂഡ, വി.റ്റി.ഏബ്രഹാം, ഡോ.വി.ജെ.സാംകുട്ടി, നിക്‌സണ്‍ കെ.വര്‍ഗീസ്, സാമുവല്‍ വില്‍സണ്‍ എന്നിവരെക്കൂടാതെ ഇന്ത്യയില്‍ നിന്നും അമേരിക്ക, ക്യാനഡയില്‍ നിന്നുള്ള ദൈവദാസന്മാരും വചനശുശ്രൂഷ നിര്‍വ്വഹിക്കും.

Christian Cuevas (English Worship) Br.Samuel, wilson Malayalam Worship) എന്നിവരുടെ നേതൃത്വത്തില്‍ സംഗീതശുശ്രൂഷയും ആരാധനയും നടക്കും.

യുവസമൂഹത്തിനും കുട്ടികള്‍ക്കും ഈ കോണ്‍ഫറന്‍സില്‍ നടക്കുന്ന വിവിധ മീറ്റിംഗുകള്‍ വേറിട്ട ആത്മീയ അനുഭവങ്ങള്‍ പ്രദാനം ചെയ്യും. നാല് ദിനരാത്രങ്ങള്‍ നീളുന്ന ഈ കോണ്‍ഫറന്‍സില്‍ തന്റെ ദൗത്യനിര്‍വ്വഹണത്തിനായ് കര്‍ത്താവ് ലോകമെമ്പാടും അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത ദൈവദാസന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ബൈബിള്‍ പഠനക്ലാസുകള്‍, വിജ്ഞാനപ്രദമായ സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രഭഷണങ്ങള്‍, ഊഷ്മളമായ കൂട്ടായ്മ, ഉത്തേജനാത്മമായ ഉണര്‍വ്വ്‌യോഗങ്ങള്‍, അനുഗ്രഹീത ഗായകര്‍ പങ്കെടുക്കുന്ന ഗാനശുശ്രൂഷ എന്നിവ ഈ കോണ്‍ഫറന്‍സിന്റെ പ്രത്യേകതകളാണ്. വളരെയധികം ദൈവമക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ കോണ്‍ഫറന്‍സില്‍ അതിവിപുലമായ സൗകര്യങ്ങളാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിവിധ സ്റ്റേജുകളില്‍ പ്രചരണ പരിപാടികള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.

കോണ്‍ഫറന്‍സ് നാഷണല്‍ കണ്‍വീനറായി റവ.കെ.സി.ജോണ്‍, നാഷണല്‍ സെക്രട്ടറിയായി കൊച്ചുമോന്‍ വര്‍ഗീസ്, നാഷണല്‍ ട്രഷററായി ജേക്കബ് കൊച്ചുമ്മനും പ്രവര്‍ത്തിക്കുന്നു. ആലീസ് ജോണ്‍ നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്ററായും റവ.അഷീഷ് മാത്യു നാഷണല്‍ യൂത്ത് കോര്‍ഡിനേറ്ററായും നേതൃത്വം നല്‍കുന്നു.

ലോക്കല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പാസ്റ്റര്‍ മാത്യു വര്‍ഗീസ് (മിനിസ്റ്റേഴ്‌സ് കോര്‍ഡിനേറ്റര്‍), തോമസ് വര്‍ഗീസ് (ജനറല്‍ കോര്‍ഡിനേറ്റര്‍), ബിജു ദാനിയേല്‍ (ഇവന്റ് കോര്‍ഡിനേറ്റര്‍), സജി മാലിയില്‍ (ലോക്കല്‍ സെക്രട്ടറി), ബിനോയ് ഫിലിപ്പ് (ലോക്കല്‍ ട്രഷറാര്‍), ഷീബാ ഏബ്രഹാം (യൂത്ത് കോര്‍ഡിനേറ്റര്‍) എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു.

കോണ്‍ഫറന്‍സ് രജിസ്‌ട്രേഷനും മറ്റുവിവരങ്ങള്‍ക്കുമായി www.agifna.com സന്ദര്‍ശിക്കുക.
E-mail:agifna2017@gmail.com, Ph: 281 494 6296

വാര്‍ത്ത അയച്ചത് : രാജു തരകന്‍
അസംബ്ലീസ് ഓഫ് ഗോഡ് ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക