Image

അമേരിക്കയില്‍ വായനാദിനത്തിനു തുടക്കമിട്ട് ലാനയുടെ ആഘോഷം

Published on 23 June, 2017
അമേരിക്കയില്‍ വായനാദിനത്തിനു തുടക്കമിട്ട് ലാനയുടെ ആഘോഷം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വായനക്കാരില്ല, എഴുത്തുകാരേയുള്ളൂ എന്നു വിലപിക്കുമ്പോള്‍ അതിനു മറുപടിയായി വായനാദിനാഘോഷം സംഘടിപ്പിച്ചുകൊണ്ട് ലാന പുതിയ ചരിത്രം കുറിച്ചു. ലാന സെക്രട്ടറി ജെ. മാത്യൂസ് മുന്‍കൈ എടുത്ത് കേരളാ സെന്ററില്‍ സംഘടിപ്പിച്ച വായനാ ദിനാചരണത്തില്‍ സാഹിത്യ, സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ കേരളത്തില്‍ സാക്ഷരതാ വിപ്ലവം സംഘടിപ്പിച്ച പി.എന്‍. പണിക്കരുടെ ഓര്‍മ്മയ്ക്കായാണ് അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 18ന് കേരളത്തില്‍ വായനാദിനം ആചരിക്കുന്നത്. 1995ല്‍ അന്തരിച്ച ആ അക്ഷരനായകന് ആദരാഞ്ജലി അര്‍പ്പിച്ച് തുടക്കം കുറിച്ച യോഗം അമേരിക്കയിലെ ഈ രംഗത്തെ തുടക്കമായി സംഘാടകര്‍ വിശേഷിപ്പിച്ചു.

പി.എന്‍. പണിക്കര്‍ എന്ന മിഡില്‍ സ്‌കൂള്‍ അധ്യാപകന്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് 1945ല്‍ തുടക്കമിടുമ്പോള്‍ കേരളത്തില്‍ 50ല്‍ കൂടുതല്‍ ലൈബ്രറികകളില്ലായിരുന്നുവെന്നു ജെ. മാത്യൂസ് ചൂണ്ടിക്കാട്ടി. അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അതു 6000 ആയിരുന്നു. നാടിന്റെ മുക്കിലും മൂലയിലും ലൈബ്രറികള്‍ ഉണ്ടാവുകയും ജനം ആവേശപൂര്‍വ്വം പുസ്തക താളുകളില്‍ പുതിയ ലോകം കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ വായനയുടെ പ്രസക്തിയും അതിലുണ്ടായ മാറ്റവുമാണ് കേന്ദ്രബിന്ദുവായത്. ടിവിയും സ്മാര്‍ട്ട് ഫോണും അടക്കിവാഴുന്ന ആധുനിക കാലത്ത് ലൈബ്രറികള്‍ അനാഥമായി. ആവശ്യമുള്ള അറിവ് വിരല്‍ തുമ്പില്‍ ലഭിക്കുന്ന സ്ഥിതി വന്നു. അതോടെ വായന ഒരു തപസ്യ പോലെ ആത്മീയാനുഭവമായി അനുഭവിച്ച പഴയ തലമുറ ഫലത്തില്‍ അന്യം നില്‍ക്കുന്നു. എങ്കിലും വായന ഒരിക്കലും മരിക്കില്ലെന്ന് പലരും സമാശ്വസിച്ചു. വായനയുടെ രീതി മാറി. പക്ഷെ വായന ഇപ്പോഴുമുണ്ട്. എന്നാല്‍ മുന്‍കാലങ്ങളിലെപ്പോലെ കണ്ടതെന്തും വായിക്കുന്ന പ്രവണത ഇല്ലാതായി. സാഹിത്യ വായന ഇരുപത് ശതമാനത്തിലേറെ കുറഞ്ഞു. ചിന്താ ലോകം ചുരുങ്ങി, ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

ഷില്ലോംഗില്‍ നാല്‍പ്പതു വര്‍ഷത്തിലേറെയായി വൈദീകനായ ഫാ. സഖറിയാസ് ജോര്‍ജിന്റെ പ്രസംഗം ആവേശം പകര്‍ന്നു. പതിനാലാം വയസ്സില്‍ കേരളം വിട്ട് അവിടെ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹത്തിന് കിട്ടിയ ആദ്യ നിര്‍ദേശം മലയാളം മറക്കുക എന്നതായിരുന്നു. 77 ഭാഷയില്‍ സംസാരിക്കുന്നവരാണ് സെമിനാരിയില്‍. ഓരോരുത്തരും സ്വന്തം ഭാഷ പറഞ്ഞാല്‍ എന്താകും സ്ഥിതി? അങ്ങനെ ഇംഗ്ലീഷ് ഭാഷ സംസാര ഭാഷയായി. കൂടാതെ അവിടുത്തെ ഭാഷകളും. എന്നാലും പഴയ ഓര്‍മ്മയില്‍ നിന്നു മലയാളം പറയുകയാണെന്നദ്ദേഹം പറഞ്ഞു.

ഇടയ്ക്കിടെ അവിടെ ഭൂകമ്പം വരും. അപ്പോഴൊക്കെ വരുന്ന വാക്ക് അമ്മേ എന്നും ഈശോയെ എന്നും തന്നെ. എത്ര മറന്നാലും മാതൃഭാഷ വിട്ടു പോകില്ല.

സെമിനാരിയില്‍ ഒരുവര്‍ഷം വാശിക്ക് 101 പുസ്തകങ്ങള്‍ വായിച്ചത് അദ്ദേഹം അനുസ്മരിച്ചു. ദിവസം 16-18 മണിക്കൂര്‍ വായന. വായന മനുഷ്യനെ പൂര്‍ണ്ണനാക്കുന്നു എന്ന ഫ്രാന്‍സീസ് ബേകന്റെ ചിന്തയും അദ്ദേഹം പങ്കുവെച്ചു.

അറിവിന്റെ അഭാവമാണ് ഭിന്നതയ്ക്ക് കാരണമെന്നു എഴുത്തുകാരനായ ജോണ്‍ വേറ്റം ചൂണ്ടിക്കാട്ടി. (അന്യത്ര കാണുക).

വായനയും അറിവും ഒരുകാലത്ത് ചിലരുടെ മാത്രം കുത്തകയായിരുന്നുവെന്നു രാജു തോമസ് ചൂണ്ടിക്കാട്ടി. പ്രിന്റിംഗ് പ്രസ് വന്നതോടെ ആ സ്ഥിതി മാറി.

വായന ഇല്ലാതാകുമെന്നു കരുതുന്നില്ലെന്ന് ജോസ് ചെരിപുറം ചൂണ്ടിക്കാട്ടി. അറിവിനു വേണ്ടിയുള്ള ജിജ്ഞാസയില്‍ നിന്നാണ് വായന ആരംഭിക്കുന്നത്. മീന്‍ കൊട്ട ചുമന്നു നില്‍ക്കുന്ന സ്ത്രീ താഴെക്കിടക്കുന്ന പത്രം വായിക്കുന്നത് കണ്ടത് സായിപ്പ് അതിശയത്തോടെ വിവരിച്ചിട്ടുണ്ട്.

മൂത്ത ജ്യേഷ്ഠന്‍ വായനാ ലോകത്തേക്ക് കൈപിടിച്ച് നടത്തിയതും പി.എന്‍. പണിക്കര്‍ തങ്ങളുടെ ഗ്രാമീണ ലൈബ്രറിയില്‍ വന്നതും കഥാകൃത്ത് മാലിനി അനുസ്മരിച്ചു. പ്രിയപ്പെട്ട ആരോ നമ്മെ കാത്തിരിക്കുന്നതുപോലുള്ള അനുഭവമാണ് പുസ്തകത്തോട് തോന്നുക. വായന ഇല്ലാതാകില്ല. ഇന്ന് അമ്മിക്കലും ഉരകല്ലും ഒന്നും അത്ര പ്രചാരത്തിലില്ല. അതുകൊണ്ട് അരയ്ക്കലും പൊടിക്കലും ഇല്ലാതായില്ല. വായനയുടെ രീതിയിലും അതുപോലെ മാറ്റം വന്നു.

പ്രതിദിനം 30-40 മൈല്‍ നടക്കാന്‍ പി.എന്‍. പണിക്കര്‍ മടിച്ചിരുന്നില്ലെന്നു ഡോ. എന്‍. പി. ഷീല ചൂണ്ടിക്കാട്ടി. തന്റെ നിയോഗത്തോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധം അത്ര ആഴമായിരുന്നു. വായിച്ചില്ലെങ്കില്‍ വളയുമെന്നു കുഞ്ഞുണ്ണി മാഷ് പറഞ്ഞു. ബേക്കന്‍ പറഞ്ഞതും ഇതുതന്നെ. വായന ഗുരുവാണ്. വായനയ്ക്ക് പ്രേരിപ്പിക്കുന്നതും ഗുരുവാണ്.

ലക്ഷ്യബോധമുള്ള ആഴത്തിലുള്ള ആശയവത്തായ കൃതികളുടെ സ്ഥാനത്ത് പൊട്ട കൃതികളാണ് ഇന്ന് ഉണ്ടാകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പത്രാധിപന്മാര്‍ അതു പ്രസിദ്ധീകരിക്കരുത്.

തന്റെ ഗ്രാമത്തില്‍ ഗ്രന്ഥശാല ഉണ്ടായത് പി.എന്‍. പണിക്കരുടെ പ്രോത്സാഹനത്തിലാണെന്ന് സാംസി കൊടുമണ്‍ പറഞ്ഞു. അവിടെ വായിച്ചാണ് അറിവിന്റെ ലോകത്തേക്ക് താന്‍ പിച്ചവെച്ചത്. കിട്ടുന്നതെന്തും വായിക്കും. മനസ്സിലായില്ലെങ്കിലും വായിക്കും. ലൈബ്രറിയിലെ പുസ്തകങ്ങള്‍ മുഴുവന്‍ വാശിക്ക് വായിച്ചു.

അവിടെ ഇന്നിപ്പോള്‍ പുസ്തകങ്ങള്‍ ചിതലരിക്കുന്നു. മനുഷ്യകഥാനുഗായികളായ പുസ്തകങ്ങള്‍ അവഗണിക്കപ്പെടുന്നു.

പുസ്തക വായനയും പ്രണയവുമൊക്കെ ആഘോഷമാക്കിയ യൗവ്വനകാലം പി.ടി. പൗലോസ് അനുസ്മരിച്ചു.

പുതിയ തലമുറ വായിക്കുന്നുണ്ട്. പക്ഷെ അത് സാഹിത്യമാണെന്നു പറയാനാവില്ലെന്നു സന്തോഷ് പാലാ ചൂണ്ടിക്കാട്ടി. ജനശ്രദ്ധയില്‍പ്പെടാതെ തന്നെ വായനയില്‍ മുഴുകുന്ന ധാരാളം പേര്‍ അമേരിക്കയിലുണ്ട്.

വായനയുടെ മാസ്മരികതയില്‍ വീണുപോയാല്‍ പിന്നെ അതില്‍ നിന്നു പിന്നോക്കം പോകില്ലെന്നു വര്‍ഗീസ് ചുങ്കത്തില്‍ പറഞ്ഞു. നാട്ടുകാരനായ പി.എന്‍. പണിക്കരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചത് പ്രിന്‍സ് മാര്‍ക്കോസ് അനുസ്മരിച്ചു.

ന്യൂയോര്‍ക്കില്‍ ഒക്‌ടോബറില്‍ നടക്കുന്ന ലാന കണ്‍വന്‍ഷനില്‍ വായനയ്ക്ക് പ്രത്യേക സമ്മാനം നല്കുമെന്ന് ജെ. മാത്യൂസ് അറിയിച്ചു. ഇവിടുത്തെ എഴുത്തുകാരുടെ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക.

ഇമലയാളിയിലെ വായനാവാരത്തില്‍ പങ്കെടുക്കാന്‍ എഴുത്തുകാരോട് ജോര്‍ജ് ജോസഫ് അഭ്യര്‍ത്ഥിച്ചു. see: http://emalayalee.com/varthaFull.php?newsId=144680

അലക്‌സ് എസ്തപ്പാന്‍, ഇമ്മാനുവേല്‍ സെബാസ്റ്റ്യന്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

അമേരിക്കയില്‍ വായനാദിനത്തിനു തുടക്കമിട്ട് ലാനയുടെ ആഘോഷംഅമേരിക്കയില്‍ വായനാദിനത്തിനു തുടക്കമിട്ട് ലാനയുടെ ആഘോഷംഅമേരിക്കയില്‍ വായനാദിനത്തിനു തുടക്കമിട്ട് ലാനയുടെ ആഘോഷംഅമേരിക്കയില്‍ വായനാദിനത്തിനു തുടക്കമിട്ട് ലാനയുടെ ആഘോഷംഅമേരിക്കയില്‍ വായനാദിനത്തിനു തുടക്കമിട്ട് ലാനയുടെ ആഘോഷംഅമേരിക്കയില്‍ വായനാദിനത്തിനു തുടക്കമിട്ട് ലാനയുടെ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക