കൊല്‍ക്കത്ത : കന്നുകാലികളെ മോഷ്ടിക്കാന്‍
ശ്രമിച്ചെന്ന് ആരോപിച്ച് പശ്ചിമബംഗാളില്‍ മൂന്ന് മുസ്ളിംയുവാക്കളെ
തല്ലിക്കൊന്നു. ഉത്തര്‍ദിനാജ്പുര്‍ ജില്ലയില്‍ ദുര്‍ഗാപുര്‍ ഗ്രാമത്തിലെ
ചോപ്രയിലാണ് സംഭവം. മുഹമ്മദ് നസിറുള്‍ ഹക്ക് (30), മുഹമ്മദ് സമിറുദ്ദീന് (32),
മുഹമ്മദ് നാസിര്‍ (33) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഹക്കിന്റെ ഉമ്മയുടെ
പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ്
ചെയ്തിട്ടില്ല.
കന്നുകാലിമോഷണത്തിനെത്തിയ 12 അംഗ സംഘത്തെ ഗ്രാമവാസികള്‍
പിടികൂടി മര്‍ദിക്കുകയായിരുന്നെന്നും ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടെന്നും ഉത്തര്‍
ദിനജ്പുര്‍ പൊലീസ് സൂപ്രണ്ട് അമിത്കുമാര്‍ ഭാരത് റാത്തോഡ് പറയുന്നു.
വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും
ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരിച്ച നിലയിലാണ് ഇവരെ ആശുപത്രിയില്‍
എത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വെള്ളിയാഴ്ചമുതല്‍ സ്ഥലത്ത്
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.