Image

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ അഭിനന്ദനങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 March, 2012
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ അഭിനന്ദനങ്ങള്‍
ഷിക്കാഗോ: സീറോ മലബാര്‍ സഭയ്‌ക്ക്‌ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ എന്ന സ്വതന്ത്രപദവി ലഭിച്ചശേഷം സഭാ മെത്രാന്മാരുടെ സിനഡ്‌ തെരഞ്ഞെടുപ്പിലൂടെ വന്ന പ്രഥമ മേജര്‍ ആര്‍ച്ച്‌ ബിഷപ്പും നാലാമത്തെ കര്‍ദ്ദിനാളും എസ്‌.ബി കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്ററിന്റെ സ്‌നേഹാദരവുകളോടുകൂടിയ പ്രാര്‍ത്ഥനാശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു.

സഭയുടെ ഔദ്യോഗിക അംഗീകാരമുള്ള വ്യക്തികളെന്ന നിലയില്‍ കര്‍ദ്ദിനാള്‍മാര്‍ക്ക്‌ ഒട്ടേറെ പ്രത്യേകതകളുള്ള അധികാരങ്ങള്‍ ലഭിക്കുന്നു. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ വോട്ടു ചെയ്യുന്ന പ്രധാന അധികാരത്തിനപ്പുറം യൂറോപ്പ്‌ മുഴുവന്‍ സഞ്ചരിക്കാവുന്ന കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ പാസ്‌പോര്‍ട്ടും, വത്തിക്കാന്‍ വിമാനത്താവളത്തില്‍ റെഡ്‌ കാര്‍പെറ്റ്‌ സ്വീകരണവും ലഭിക്കും.

ക്രൈസ്‌തവ വിശ്വാസങ്ങളും പാരമ്പര്യങ്ങളും അകമേയും പുറമെയും നിന്ന്‌ വെല്ലുവിളികളും പരീക്ഷണങ്ങളും ഭീഷണികളും നേരിടുമ്പോള്‍ സഭയെ നയിക്കുക എന്നത്‌ കടുത്ത വെല്ലുവിളിയും ഭാരിച്ച ഉത്തരവാദിത്വവുമാണ്‌. അദ്ദേഹത്തിലുള്ള ക്രിസ്‌തുവിന്റെ സാമൂഹിക വീക്ഷണവും, സൂക്ഷ്‌മതയുള്ള കാര്യനിര്‍വ്വഹണവും വാക്കുകളിലും പെരുമാറ്റത്തിലുമുള്ള കൃത്യതയും വ്യക്തതയും സുതാര്യവുമായ ആശയങ്ങളും ജനഹൃദയങ്ങളില്‍ തുളച്ചുകയറുന്ന പ്രസംഗങ്ങളിലെ വാക്കുകളും സര്‍വ്വോപരി പ്രകടമായ കര്‍മ്മ പദ്ധതികളോടുകൂടിയ സമീപനങ്ങളും സഭയുടെ കാലഘട്ടത്തിനനുയോജ്യനായ മേല്‍പ്പട്ടക്കാരനാക്കി മാറ്റിയിരിക്കുന്നു.

തന്റെ ആത്മീയ ജീവിതത്തിലും സഭാ ശുശ്രൂഷയിലും, ശുശ്രൂഷാ മനോഭാവത്തിലധിഷ്‌ഠിതമായ ആധികാരികതയിലൂടെ ജനഹൃദയങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങി ഊഷ്‌മളമായ വ്യക്തിബന്ധങ്ങളും സ്‌നേഹബന്ധങ്ങളും സ്ഥാപിക്കുന്നതില്‍ എക്കാലവും ശ്രദ്ധാലുവായ ഒരു ആത്മായാചാര്യനാണ്‌ മാര്‍ ആലഞ്ചേരി. ഒരു യുഗത്തിന്റെ തന്നെ ഇതിഹാസം രചിച്ചുകൊണ്ട്‌ ലാളിത്യത്തിന്റേയും നന്മയുടേയും സന്മനസിന്റേയും ഒത്തൊരുമയുടേയും സമവായത്തിന്റേയും ഉത്തമ മാതൃകയും ദൂതുവാഹകനുമായി സീറോ മലബാര്‍ സഭയുടെ അമരക്കാരനായി പടികയറിയിട്ട്‌ ഒരു വര്‍ഷം തികയുന്നതിനു മുമ്പാണ്‌ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവി തേടിയെത്തിയത്‌. ഇത്‌ അദ്ദേഹത്തിന്റെ എളിമയ്‌ക്കുമേലും യശ്ശസിനുമേലും മറ്റൊരു സ്വര്‍ണ്ണ കിരീടം കൂടി ചാര്‍ത്തിയിരിക്കുന്നു.

ലോകമെമ്പാടുമുള്ള 40 ലക്ഷത്തോളം വരുന്ന സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ കാര്യങ്ങളും സഭയെ തന്നെയും അതിന്റെ വൈവിധ്യപൂര്‍ണ്ണമായ അതിവിശാലമായ പ്രവര്‍ത്തന മേഖലകളെയെല്ലാം കോര്‍ത്തിണക്കി ഒരേ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നതിനും, അതിന്റെ മതാത്വകവും സാമൂഹിക ദര്‍ശനങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുവാന്‍, ചേരിചേരാ നയത്തിലൂടെയും, സമവായത്തിലൂടെയും സഭയെ പുതിയ മാനങ്ങളിലേക്കും ഉയരങ്ങളിലേക്കും നയിക്കുന്നതിനും ശക്തമായ നേതൃത്വത്തിനു ചുക്കാന്‍ പിടിക്കാന്‍ വലിയ ഇടയന്‌ കഴിയട്ടെ എന്ന്‌ ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മേജര്‍ ആര്‍ച്ച്‌ ബിഷപ്പും കര്‍ദ്ദിനാളുമായ ആലഞ്ചേരി പിതാവിനെ ഹൃദയപൂര്‍വ്വം ആശംസിക്കുകയും അഭിനനന്ദിക്കയും ചെയ്‌തു. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ അഭിനന്ദനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക