Image

പൊതു മാപ്പും പ്രസിഡന്റ് ട്രംപിന്റെ വിശദീകരണവും (ഏബ്രഹാം തോമസ്)

Published on 24 July, 2017
പൊതു മാപ്പും   പ്രസിഡന്റ് ട്രംപിന്റെ വിശദീകരണവും  (ഏബ്രഹാം തോമസ്)
പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് ബന്ധുക്കള്‍ക്കും കീഴ് ഉദ്യോഗസ്ഥന്മാര്‍ക്കും പൊതുമാപ്പ് നല്‍കാനുള്ള പരിപൂര്‍ണ്ണ അധികാരം ഉണ്ടെന്ന് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. വേണ്ടി വന്നാല്‍ തനിക്ക് തന്നെയും മാപ്പ് നല്‍കുവാന്‍ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്നും ഇതിനും റഷ്യ അയല്‍രാജ്യങ്ങളോട് ആക്രമണ മനോഭാവം വച്ചു പുലര്‍ത്തുന്നുവെന്നും ആരോപിച്ച് റഷ്യക്കെതിരെ നിരോധനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസിലെ രണ്ട് പാര്‍ട്ടിയിലെയും നേതാക്കള്‍ ആലോചിക്കുന്നതായി വാര്‍ത്ത പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ട്വീറ്റ്.

ഈ അവസരത്തില്‍ മാപ്പ് നല്‍കുവാനുള്ള തന്റെ അധികാരം ഉപയോഗിക്കേണ്ടതില്ലെന്നും അവസരം വന്നാല്‍ പ്രയോഗിക്കാന്‍ തയാറാണെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. ഫെഡറല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. എന്നാല്‍ പ്രസിഡന്റിന് തനിക്ക് തന്നെ മാപ്പ് നല്‍കാന്‍ കഴിയുമോ എന്ന വിഷയത്തില്‍ നിയമജ്ഞര്‍ സംശയം പ്രകടിപ്പിച്ചു. ട്രംപിന്റെ ട്വിറ്ററില്‍ പരിപൂര്‍ണ്ണ അധികാരം എന്ന പ്രയോഗം പ്രസിഡന്റിന്റെ അധികാരത്തിന് പരിധിയില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് സൂചനയാണ് ട്രംപ് നല്‍കുന്നത്.

എല്ലാവരും സമ്മതിക്കും പ്രസിഡന്റിന് മാപ്പ് നല്‍കാന്‍ പരിപൂര്‍ണ്ണ അധികാരം ഉണ്ടെന്ന്. ഇപ്പോള്‍ ചോര്‍ച്ച മാത്രമാണ് ഞങ്ങള്‍ക്കെതിരെയുള്ള കുറ്റം വ്യാജ വാര്‍ത്ത. ട്രംപ് ട്വിറ്ററിലെഴുതി.

ഒരു സ്‌പെഷല്‍ കൗണ്‍സല്‍ ട്രംപിന്റെ അനുയായികളും പ്രചാരണ വിഭാഗവും റഷ്യയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്ന ആരോപണം അന്വേഷിക്കുന്നത് തീവ്രമാക്കിയപ്പോള്‍ ട്രംപും ഉപദേശകരും മാപ്പ് ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തു എന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇതേ പത്രത്തില്‍ വന്ന പീറ്റ് സെഷന്‍സ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ റഷ്യന്‍ അംബാസഡര്‍ സെര്‍ഗി കിസ് ലിയാക്കുമായി ചര്‍ച്ച ചെയ്തു എന്ന വാര്‍ത്തയെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. താന്‍ ഈ വാര്‍ത്ത പലതവണ നിഷേധിച്ചിട്ടും പത്രം വാര്‍ത്തയുമായി മുന്നോട്ടു പോയി എന്ന് ട്രംപ് പറഞ്ഞു. കിസ് ലിയക്കും അദ്ദേഹത്തിന്റെ മോസ്‌കോയിലെ ഓഫീസു മായി നടത്തിയ വാര്‍ത്താ വിനിമയങ്ങള്‍ ഈ പത്രം കൈക്കലാക്കിയതായി അവകാശപ്പെട്ടിരുന്നു. പത്ര റിപ്പോര്‍ട്ടില്‍ നീരസം വ്യക്തമാക്കിയ ട്രംപ് സെഷന്‍സിന്റെ നടപടിയെക്കുറിച്ച് പരാമര്‍ശിച്ചില്ല.

ഈ വാര്‍ത്താ ചോര്‍ച്ചകള്‍ നിയമ വിരുദ്ധമാണ്. കോമിയുടേതുപോലെ. ഇത് അവസാനിപ്പിക്കണം ട്രംപ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ കൊണ്ടുവരുന്ന നിയമ നിര്‍ദേശം റഷ്യക്കെതിരെ യുള്ള നിരോധനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യുവാനോ ടെര്‍മിനേറ്റ് ചെയ്യുവാനോ ഉള്ള പ്രസിഡന്റിന്റെ നീക്കത്തിന് കൂച്ചു വിലങ്ങിടും. ട്രംപ് അധികാരത്തില്‍ എത്തി ആറുമാസം പിന്നിടുമ്പോള്‍ ഇങ്ങനെ ഒരു നീക്കത്തിന് ഭരണ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സഹകരിക്കുന്നത് അസാധാരണമാണ്.

ട്രംപിന്റെ പ്രചരണ സംഘം റഷ്യന്‍ അധികാരികളുമായി നടത്തിയ സമ്പര്‍ക്കതി നെയും ട്രംപ് ഉപദേശകര്‍ റഷ്യന്‍ അധികാരികളുമായി ചില നിരോധനങ്ങളില്‍ അയവ് വരുത്തുന്നതിനെക്കുറിച്ച് നടത്തിയ സംഭാഷണങ്ങളുടെയും അന്വേഷണം പ്രസിഡന്‍സിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട് എന്ന് നിരീക്ഷകര്‍ കരുതുന്നു.

ഈ നിയമ നിര്‍ദേശം ട്രംപ് വീറ്റോ ചെയ്യുമോ എന്ന ചോദ്യവും ഉയരുന്നു. ഒരു പുത്തന്‍ ഉണര്‍വുള്ള റഷ്യയുമായി സ്വീകാര്യമായ ബന്ധം ഉണ്ടാവണമെന്ന് ട്രംപിന്റെ നയവും അത് വേണ്ടെന്ന് ശഠിക്കുന്ന നിയമസഭാ സമാജികരും തമ്മിലുള്ള ഏറ്റുമുട്ടലിനാണ് കളമൊരുങ്ങുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക