Image

ശോഭാ സുരേന്ദ്രന് സിപിഎം നേതാവ് ഷാഹിദ കമാല്‍ എഴുതിയ തുറന്ന കത്ത്

Published on 10 August, 2017
ശോഭാ സുരേന്ദ്രന് സിപിഎം നേതാവ് ഷാഹിദ കമാല്‍ എഴുതിയ തുറന്ന കത്ത്

പ്രിയപ്പെട്ട ശ്രീമതി. ശോഭാ സുരേന്ദ്രന് ഒരു തുറന്ന കത്ത്.
നിങ്ങളും ഒരു സ്ത്രീയാണ് ഞാനും ഒരു സ്ത്രീയാണ്. നമ്മളൊക്കെ രാഷ്ട്രീയ സാമൂഹൃ പ്രവര്‍ത്തകരുമാണ്. നാഴികയ്ക്ക് നാല്പതു വട്ടം BJP പറയുന്നത് ഭാരതത്തിന്റെ സംസ്‌ക്കാരത്തെ പറ്റിയും, പൈതൃകത്തെ പറ്റിയുമാണ്.

ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ഒരു ഭാരതീയ മുസ്ലിം സ്ത്രീയായ ഞാന്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ മതേതര സമൂഹത്തിന് നന്നായി അറിയാം. അതിലൊന്നും നിങ്ങളുടെ ഭാഷ ഉള്ളതായി ഞാന്‍ കേട്ടിട്ടില്ല.

അതുകൊണ്ടു തന്നെ പലപ്പോഴും നിങ്ങള്‍ സംസാരിക്കുന്നത്, നിങ്ങളുടെ കുടുംബ ഭാഷയും സംസ്‌കാരവും ഉപയോഗിച്ചാണ്. പുരുഷന്മാരെ കാണുമ്പോള്‍ എന്തെന്നില്ലാത്ത നിങ്ങളുടെ എല്ലില്ലാത്ത നാക്കിന്റെ ആവേശം കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് പറ്റിയതാണോ? 

നമുക്ക് ആരേയും വിമര്‍ശിക്കാം, കുറ്റപ്പെടുത്താം, എതിര്‍ക്കാം സഭ്യമായ ഭാഷ ഉപയോഗിച്ച്.' ചുട്ടയിലെ ശീലം ചുടല വരെ ' എന്നല്ലേ? കട്ടിക്കാലത്ത് അമ്മിഞ്ഞ പാലിനോടൊപ്പം അമ്മ പകര്‍ന്നു തരുന്നതാണ് മക്കള്‍ പ്രത്യേകിച്ചും, പെണ്‍കുട്ടികള്‍ പഠിക്കുന്നത്. അവിടുന്ന് പഠിക്കാത്തത് വിവാഹശേഷം ഭര്‍തൃ ഗൃഹത്തില്‍ നിന്ന് പഠിക്കുകയെന്നത് ഭാരതീയ സംസ്‌കാരത്തിന്റെ മറ്റൊരു വശമാണ്.

പിതാവിന്റെ പ്രായം ഉള്ളവരെ ചെകിട്ടത്തടിക്കണം, തെക്കോട്ടു കെട്ടിയെടുക്കണം, ഒരു ചെറുപ്പക്കാരന്റെ പേര്് പട്ടിക്ക് ഇടണംതുടങ്ങി എന്തൊക്കെയാണ് നിങ്ങള്‍ ദിവസവും പുലമ്പുന്നത്. നിങ്ങളുടെ വീട്ടില്‍ നിങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാള്‍ ഉണ്ടല്ലോ?അതിന് സഖാവ്. സുധീഷ് മിന്നിയുടെ പേരിട്ടാല്‍, ആ പേരിന്റെ ഊര്‍ജ്ജം ഉള്‍കൊണ്ട് എങ്കിലും നിങ്ങളെ അദ്ദേഹം നിലയ്ക്ക് നിര്‍ത്തും എന്ന് തോന്നുന്നു.

മാധ്യമ മാനിയ പിടിച്ച് ദിവസവും വാര്‍ത്തകളില്‍ വരാനാണ് ഈ അദ്യാസപ്രകടനമെങ്കില്‍ നിങ്ങള്‍ ഓരോ നിമിഷവും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ നിന്നുംതൂത്ത് എറിയുകയാണന്ന സത്യം ഓര്‍ക്കുക.
ഞാന്‍ അറിയുന്ന, എന്റെ സുഹൃത്തുക്കളായ ധാരാളം BJP ക്കാരുണ്ട്. നിങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിക്ക്ബാധ്യതയാണന്നാണ് അവരുടെ അഭിപ്രായം. സ്വയം സേവകയുടെ അര്‍ത്ഥം അറിയാത്തതുകൊണ്ട് സ്വയം അങ്ങ് സേവിക്കുകയാണ് പോലും.

 പൊതുപ്രവര്‍ത്തകര്‍ എന്നും എപ്പോഴും മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരാണ്. താങ്കള്‍ മാതൃക ആകുന്നില്ലായെന്ന് മാത്രമല്ല, ഞാന്‍ ഉള്‍പ്പെടുന്ന സ്ത്രീ സമൂഹത്തിന് അപമാനവും, ബാധ്യതയുമാണ്. അത് നിങ്ങളെ ഓര്‍മ്മപെടുത്തേണ്ടത് സ്ത്രീ എന്ന നിലയിലും പൊതു പ്രവര്‍ത്തക എന്ന നിലയിലും എന്റെ കടമയാണ്.

ഇനി ഇതിന്റെ പേരില്‍ എന്റെ ചെകിട്ടത്തടിക്കണം എന്നു തോന്നിയാല്‍ പറയുകയല്ല വേണ്ടത് നേരെ എന്റടുത്ത് വരണം. അന്ന് നിന്റെ ചെകിട്ടത്ത് നോക്കി ഒന്നു ഞാനങ്ങ് തരും. അതോടെ ആ അസുഖം ഭേദമാകും.

എഴുത്തുകാരി ശാരദക്കുട്ടി

വയസ്സായവരെ എല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്? 'കുറെകാലമായില്ലേ ഇനീ പോയി ചത്തൂടെ' എന്നൊക്കെയാണോ നിങ്ങള്‍ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അര്‍ഥമാക്കുന്നത്?

'വെളിവറ്റൊരഴുക്കു കുണ്ടില്‍ വീണളിവു ദുര്‍ജ്ജന പാപ ചേതന' എന്ന് കുമാരനാശാന്‍ എഴുതിയത് ശോഭാസുരേന്ദ്രന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സത്യമായി. വലിയ മാളങ്ങളില്‍ നിന്നിറങ്ങി വന്നു വിഷസര്‍പ്പങ്ങള്‍ വാ തുറന്നു വിഷം ചീറ്റിയിട്ടു തിരിയെ മാളങ്ങളിലേക്ക് പോകും.

സമീപവാസികള്‍ വിഷവായു ശ്വസിച്ചു ശ്വാസം മുട്ടനുഭവിക്കും. വീടും മുറ്റവും അടിച്ചു കഴുകി ചാണകം തളിച്ചത് കൊണ്ട് മാത്രം കാര്യമില്ല. സ്വന്തം വായയും മനസ്സും വൃത്തിയാക്കുവാന്‍ ഒരു ചൂല് ഉള്ളില്‍ കരുതുന്നത് കൂടി നല്ലതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക