Image

രാജ്യസ്‌നേഹം പീരങ്കികുഴലിലൂടെ (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 11 August, 2017
 രാജ്യസ്‌നേഹം പീരങ്കികുഴലിലൂടെ (ഡല്‍ഹികത്ത് : പി.വി.തോമസ് )
അധികാരം തോക്കിന്റെ കുഴലിലൂടെ വരുന്നുവെന്നത് പ്രസിദ്ധമായ മാവോ സൂക്തങ്ങളില്‍ ഒന്ന് ആണ്. ഇപ്പോള്‍ ഇന്‍ഡ്യയിലെ പ്രസിദ്ധമായ ഒരു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സ് ലര്‍ വിശ്വസിക്കുന്നു. കലാശാല വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം പീരങ്കിയുടെ കുഴലിലൂടെ ആണ് വരുന്നത് എന്ന്.

സംഭവം ഇങ്ങനെയാണ്. ജൂലൈ 23-ാം തീയതി ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവാഴ്സ്റ്റിയില്‍ കാര്‍ഗില്‍ വിജയ്ദിവസം ആഘോഷിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും വൈസ് ചാന്‍സ് ലര്‍ ജഗ്‌ദേഷ് കുമാറിനെയും കൂടാതെ വിശിഷ്ടാത്ഥികളായി രണ്ട് കേന്ദ്രമന്ത്രിമാരും ഉണ്ടായിരുന്നു. മുന്‍കരസേനാ മേധാവി വി.കെ. സിംങ്ങും ധര്‍മ്മേന്ദ്രപ്രധാനും. പ്രസംഗത്തിനിടെ വൈസ് ചാന്‍സലര്‍ക്ക് പെട്ടെന്ന് ഒരു ബോധോദയവും ഉള്‍വിളിയും ഉണ്ടായി. സര്‍വ്വകലാശാല വളപ്പില്‍ യുദ്ധ ടാങ്ക് സ്ഥാപിക്കണം. അതിന് അദ്ദേഹത്തിന് ഒരു കാരണവും ഉണ്ട്. യുദ്ധ ടാങ്ക് വെടിയുടെയും പടയുടെയും ഒക്കെ ചിഹ്നം ആണെങ്കിലും വൈസ് ചാന്‍സലറുടെ അഭിപ്രായത്തില്‍ ക്യാമ്പസില്‍ അതില്‍ ഒരെണ്ണം ഉണ്ടെങ്കില്‍ അതു വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളില്‍ രാജ്യസ്‌നേഹവും പട്ടാളക്കാരോടുള്ള പ്രതിപത്തിയും വളര്‍ത്തുവാന്‍ സഹായിക്കും. ഇങ്ങനെയുള്ള ഒരു യുദ്ധടാങ്ക് ക്യാമ്പസില്‍ സ്ഥാപിക്കുവാന്‍ കേന്ദ്രമന്ത്രിമാര്‍ തന്നെ സഹായിക്കണമെന്നും ബഹുമാന്യനായ വൈസ് ചാന്‍സലര്‍ കേണപേക്ഷിച്ചു.

ഇതിന് അദ്ദേഹത്തിന് സദസില്‍ നിന്നും നല്ല പ്രതികരണവും ലഭിച്ചു. ഉദാഹരണമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. അദ്ദേഹം പറഞ്ഞു അദ്ദേഹം സ്വതന്ത്രചിന്തയിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലും എല്ലാം വിശ്വസിക്കുന്നുണ്ടെങ്കിലും എല്ലാത്തിനും ഒരു അതിര് ഉണ്ട്. രാജ്യസ്‌നേഹം ഉണ്ടായിരിക്കണം എല്ലാവരിലും. പ്രത്യേകിച്ചും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളില്‍. മാത്രവുമല്ല എല്ലാവരും പട്ടാളത്തെ സ്‌നേഹിക്കും. ദേശീയ പതാകയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യണം. ആരും പട്ടാളത്തിനെതിരായി ഒറ്റവാക്യം ഉരിയാടിപ്പോകരുത്. അങ്ങനെ പോകുന്നു ക്രിക്കറ്റ് കളിക്കാരന്റെ ക്യാമ്പസിലെ ഉദ്‌ബോധനം. നല്ലതു തന്നെ.

മുന്‍കരസേനാ മേധാവിയും കേന്ദ്രമന്ത്രിയുമായ സിങ് പറഞ്ഞു: ഈ ലോകത്ത് ഒരു ശക്തിക്കും ഇന്‍ഡ്യയെ കീഴടക്കുവാന്‍ സാധിക്കുകയില്ല ഇവിടെ തന്നെയുള്ള ദേശദ്രോഹികളുടെ സഹായം ഇല്ലാതെ.

ഇതെല്ലാം എന്തിന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവാഴ്‌സിറ്റിയുടെ ക്യാമ്പസില്‍ നിരത്തുന്നു? കാരണം ഉണ്ട്. ഈ ക്യാമ്പസ് ദേശദ്രോഹികളുടെ വിളനിലം ആണെന്നാണ് വലതുപക്ഷ സംഘപരിവാറിന്റെ കണ്ടെത്തല്‍.

മുന്‍മേജര്‍ ജനറല്‍ ജി.ഡി.ബക്ഷി പ്രാംസംഗകരില്‍ ഒരാള്‍ ആയിരുന്നു. അദ്ദേഹം അത്യധിക ദേശസ്‌നേഹിയാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷം ഈ സര്‍വ്വകലാശാലയ്ക്ക് മേലുള്ള വിജയം ആയി അദ്ദേഹം പ്രഖ്യാപിച്ചു. ഇനിയും ഉണ്ട് മറ്റ് ചില കോട്ടകള്‍ കൂടെ കീഴടക്കുവാന്‍. അദ്ദേഹം പ്രഖ്യാപിച്ചു. ഇവയില്‍ പ്രധാനം ആണ് ജാദവ്പൂര്‍, ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവാഴ്സ്റ്റി തുടങ്ങിയവ. കാരണം ഇവയെല്ലാം സ്വതന്ത്രചിന്തയുടെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും പോര്‍നിലങ്ങള്‍ ആണ്. അവയെ പട്ടാളം കൈകാര്യം ചെയ്തുകൊള്ളും, മുന്‍ മേജര്‍ ജനറല്‍ നിസംശയം പറഞ്ഞു. അവിടെ നിന്നും ഉയര്‍ന്നു വന്ന പല ആശയങ്ങളും തികച്ചും ജനാധിപത്യ വിരുദ്ധം, യുവജന-വിദ്യാര്‍ത്ഥി വിരുദ്ധം ആയിരുന്നു.

ഉദാഹരണം, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവാഴ്‌സിറ്റിയിലെ കാര്‍ഗില്‍ വിജയ്ദിവസ ആഘോഷം കാര്‍ഗില്‍ വിജയം പോലെ സുപ്രധാനം ആയിരുന്നു. ഓരോ വിദ്യാര്‍ത്ഥിയും ഈ ഇന്‍ഡ്യ വിരുദ്ധ ആഭ്യന്തര യുദ്ധത്തില്‍ ഒരു ക്ഷത്രിയനെപ്പോലെ പൊരുതണം. ഇതിനു ശേഷം നമ്മള്‍ ഒരു സാഹചര്യം സൃഷ്ടിക്കണം. അതായത് ജനങ്ങള്‍ രാജ്യ സ്‌നേഹികള്‍ ആകണം. അഥവാ ഇനി അവര്‍ അങ്ങനെ ആയില്ലെങ്കില്‍ നമ്മള്‍ അവരെ അതിന് നിര്‍ബ്ബന്ധിതര്‍ ആക്കണം!

സത്യം പറഞ്ഞാല്‍ എനിക്ക് ഇതൊന്നും മനസിലാകുന്നില്ല. എന്താണ് ഈ നിര്‍ബ്ബന്ധിത ദേശസ്‌നേഹം? എന്താണ് ഈ അടിച്ചേല്‍പിക്കപ്പെട്ട പട്ടാളസ്‌നേഹം? ഇതൊന്നും നമുക്ക് ഇല്ലേ? ഇതൊന്നും നമ്മുടെ രാജ്യത്തെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ഇല്ലേ? ഉണ്ട്.ഇല്ലെങ്കില്‍ ഇതില്‍ കാര്യമായ എന്തോ തകരാര്‍ ഉണ്ട്.

ഇതിനെക്കുറിച്ച് പല നിരീക്ഷകരും പരിഹാസ്യാത്മകമായ നിരൂപണങ്ങള്‍ നടത്തുകയുണ്ടായി. ഇതില്‍ ഒന്ന് ലളിത് മോഹന്‍ എന്ന വിമര്‍ശകന്‍ ദ റ്റൈംസ് ഓഫ് ഇന്‍ഡ്യയില്‍ എഴുതിയത് ആയിരുന്നു. അദ്ദേഹം ചോദിച്ചു എന്തിന് സര്‍വ്വകലാശാല ക്യാമ്പസില്‍ ഒരു യുദ്ധടാങ്ക് മാത്രം ആയിട്ട് പ്രദര്‍ശിപ്പിക്കണം. എന്തുകൊണ്ട് ഒരു പോര്‍ വിമാനവും വിമാനവാഹിനി യുദ്ധക്കപ്പലും ആയിക്കൂട? വിമാനവാഹിനി യുദ്ധക്കപ്പലില്‍ വേണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍പന്തും കളിക്കാം! എന്തുകൊണ്ട് വിശാലമായ സന്ധ്യസമൃദ്ധമായ യൂണിവാഴ്‌സിറ്റി ക്യാമ്പസില്‍ ഒരു വനയുദ്ധ പരിശീലനകേന്ദ്രം സ്ഥാപിച്ചുകൂട? എന്തുകൊണ്ട് അദ്ധ്യാപകര്‍ക്ക് മിലിറ്ററി റാങ്കുകള്‍ നല്‍കിക്കൂട? പ്രൊഫസര്‍ കേണല്‍ മല്‍ഹോത്ര എന്നുതുടങ്ങി? എന്തുകൊണ്ട് അവര്‍ക്ക് കൈ തോക്കുകള്‍ നല്‍കികൂട? പക്ഷേ, അത് എങ്ങനെ ഉപയോഗിക്കണം എന്നും പഠിപ്പിക്കണം. ഓരോ പീരിയഡും കഴിയുമ്പോള്‍ ഓരോ വെടിയൊച്ചയും അഭികാമ്യം അല്ലേ? അതുപോലെ വിദ്യാര്‍ത്ഥികളെ കേഡറ്റ് എന്ന് വിളിക്കുക. അവര്‍ക്ക് ഒരു യൂണിഫോം നല്‍കുക. കറുത്ത തൊപ്പി, വെളുത്ത ഷര്‍ട്ട്, തവിട്ട് കാല്‍സ്ര. അവര്‍ ദിവസം ആരംഭിക്കേണ്ടത് സൂര്യ നമസ്‌ക്കാരത്തോടെ ആയിരിക്കണം. അതുപോലെ അദ്ധ്യാപകര്‍ക്ക് ഒരു സല്യൂട്ട് ചെയ്തിട്ടും. അത് പടിഞ്ഞാറല്‍ സമ്പ്രദായത്തില്‍ അല്ല. ഇന്‍ഡ്യന്‍ പ്രണാമം.

യുദ്ധടാങ്കിന്റെ നിഴലില്‍ നില്‍ക്കുന്ന സര്‍വ്വകലാശാല ക്യാമ്പസില്‍ ഒരു നിയമം ഉണ്ടായിരിക്കണം. അതായത് എല്ലാ വിദ്യാര്‍ത്ഥികളും ഒരു പോലെ ചിന്തിക്കണം. വിരുതാഭിപ്രായം രാജ്യദ്രോഹം ആയി കണക്കാക്കപ്പെടും. ഒരൊറ്റ സര്‍വ്വകലാശാല പോലും സ്വതന്ത്രചിന്താഗതിയെ പരിപോഷിപ്പിക്കുവാന്‍ പാടില്ല. അങ്ങനെചെയ്താല്‍ കന്നയ്യകുമാര്‍മാര്‍ രോഹിത് വെമൂലമാര്‍ ആയിമാറേണ്ടതായിട്ട് വരും! സര്‍വ്വകലാശാലകളില്‍ തിങ്ക് ടാങ്കുകള്‍ വേണ്ട. ടാങ്കുകള്‍മാത്രം മതി! ബിഗ് ബ്രദര്‍ സദാ സമയം നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കും. ഹാ എത്ര മുധുര മനോജ്ഞം ഈ സര്‍വ്വകലാശാല ക്യാമ്പസുകള്‍!

വൈസ് ചാന്‍സലറുടെ ഈ ചിന്താഗതി വലതുപക്ഷ പിന്തിരിപ്പന്‍ നിലപാടിന്റെ ഭാഗം ആണ്. സര്‍വ്വകലാശാലകളില്‍ യുദ്ധടാങ്കിന് എന്ത് കാര്യം? അവിടെ പൊട്ടിത്തെറിക്കേണ്ടത് വൈരുദ്ധ്യാത്മക ഭൗതീകവാദം പോലെയുള്ള സിദ്ധാന്തങ്ങളും കാതലായ ആത്മീയ വാദവും ആണ്. യുദ്ധത്തിന്റെ പ്രതീകമായ പീരങ്കി അല്ല. യുവ മനസുകള്‍ ചിന്തയുടെയും വെല്ലുവിളിയുടെയും എതിര്‍പ്പിന്റെയും തീച്ചൂളകള്‍ ആകട്ടെ. അതില്‍ നിന്നും ഈ നൂറ്റാണ്ടിന് അനുയോജ്യമായ തത്വശാസ്ത്രം ഉരുത്തിരിയട്ടെ. സങ്കുചിതമായ ദേശസ്‌നേഹത്തെയും പൊള്ളയായ ദേശീയതയെയും അവര്‍ ചോദ്യം ചെയ്യട്ടെ. കാലവും തലമുറയും ഒരു വെല്ലുവിളിയോടെ മുമ്പോട്ട് പോകട്ടെ. സര്‍വ്വകലാശാലകളെ പട്ടാളവല്‍ക്കരിക്കരുത്. സ്വതന്ത്രചിന്തക്ക് കൂച്ചു വിലങ്ങ് ഇടരുത്. പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വ്വതങ്ങള്‍ ആകട്ടെ യുവമനസുകള്‍. കാലഹരണപ്പെട്ട, യുദ്ധടാങ്കിന്റെ അര്‍ബ്ബുദം ബാദിച്ച ദേശ്‌നേഹികളായ വൈസ്ചാന്‍സലര്‍മാര്‍ യുവതി-യുവാക്കന്മാര്‍ക്ക് കടല്‍ക്കിഴവന്മാരെ പോലെ ഒരു ഭാരം ആകാതിരിക്കട്ടെ. രാജ്യസ്‌നേഹം പീരങ്കികുഴലിലൂടെ അല്ല ഹൃദയത്തിലൂടെ വരട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക