Image

ജര്‍മനിയില്‍ അന്താരാഷ്‌ട്ര കംപ്യൂട്ടര്‍ എക്‌സിബിഷന്‍ മാര്‍ച്ച്‌ ആറിന്‌ ആരംഭിക്കും

ജോസ്‌ കുമ്പിളുവേലില്‍ Published on 05 March, 2012
ജര്‍മനിയില്‍ അന്താരാഷ്‌ട്ര കംപ്യൂട്ടര്‍ എക്‌സിബിഷന്‍ മാര്‍ച്ച്‌ ആറിന്‌ ആരംഭിക്കും
ഹാന്നോവര്‍: ജര്‍മനിയിലെ വ്യവസായ നഗരമായ ഹാന്നോവറില്‍ അന്താരാഷ്‌ട്ര കംപ്യൂട്ടര്‍ എക്‌സിബിഷന്‍ (സീ.ബിറ്റ്‌) മാര്‍ച്ച്‌ ആറിന്‌ ആരംഭിക്കും. ആധുനിക ലോകത്തിന്റെ ഹൃദയത്തുടിപ്പായി മാറിയ കംപ്യൂട്ടറിന്റെയും മറ്റു സാങ്കേതിക വിദ്യകളുടെയും ഏറ്റവും പുതിയതും നൂതനവുമായ ആവിഷ്‌ക്കാരങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്‌ടുള്ള ഡിജിറ്റല്‍ സംവിധാനങ്ങളുടെ അവതരണമായിരിക്കും ഇത്തവണത്തെ ഹൈലൈറ്റ്‌സ്‌. കംപ്യൂട്ടര്‍ കൂടാതെ ടെലികമ്യൂണിക്കേന്‍ രംഗത്തെ പുതിയ വിപ്ലവത്തിന്റെ അണിയറ രഹസ്യങ്ങളും ഇപ്രാവശ്യത്തെ സിബിറ്റ്‌ മേളയില്‍ മിഴിതുറക്കും.

ആറിന്‌ (ചൊവ്വ) വൈകുന്നേരം ജര്‍മന്‍ ചാന്‍സലര്‍ ഡോ. അംഗലാ മെര്‍ക്കല്‍ മേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യും. ബ്രസീലിയന്‍ പ്രസിഡന്റ്‌ ഡില്‍മ റൗസെഫ്‌ മുഖ്യാതിഥിയായിരിക്കും. നീഡര്‍സാക്‌സണ്‍ മുഖ്യമന്ത്രിയുള്‍പ്പടെ 2000 ക്ഷണിക്കപ്പെട്ട പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ബ്രസീലാണ്‌ ഈ വര്‍ഷത്തെ പങ്കാളിത്ത രാജ്യം.115 രാജ്യങ്ങളില്‍ നിന്നായി 4500 ഓളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. 60 രാജ്യങ്ങളില്‍ നിന്നുള്ള 5000 ഓളം മാധ്യമപ്രതിനിധികള്‍ മേളയിലെ വിരുന്ന്‌ ലോകത്തെ അറിയിക്കാന്‍ ഹാന്നോവറില്‍ എത്തും.

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്‌, കൊച്ചിയിലെ കാല്‍പ്പിന്‍ എന്നിവ ഉള്‍പ്പടെ 40 ഓളം കംപ്യൂട്ടര്‍ കമ്പനികള്‍ മേളയില്‍ പ്രദര്‍ശകരായി എത്തുന്നുണ്‌ട്‌. ഹാള്‍ ആറിലാണ്‌ ഇന്ത്യന്‍ പവലിയന്‍ ഒരുക്കുന്നത്‌. മാര്‍ച്ച്‌ ഏഴിന്‌ വൈകുന്നേരം ഏഴിന്‌ ഇന്ത്യ ഡേ ഡിന്നര്‍ സംഘടിപ്പിക്കുന്നുണ്‌ട്‌. ജര്‍മന്‍ ഇന്ത്യന്‍ ബിസിനസ്‌ സെന്റര്‍ ഹാന്നോവര്‍ ആണ്‌ പരിപാടിയുടെ സംഘടാകര്‍. മേള മാര്‍ച്ച്‌ 10ന്‌ സമാപിക്കും.
ജര്‍മനിയില്‍ അന്താരാഷ്‌ട്ര കംപ്യൂട്ടര്‍ എക്‌സിബിഷന്‍ മാര്‍ച്ച്‌ ആറിന്‌ ആരംഭിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക