Image

ബോബി : രസകരം സുന്ദരം

ആഷ എസ്‌ പണിക്കര്‍ Published on 20 August, 2017
ബോബി : രസകരം സുന്ദരം
തന്നേക്കാള്‍ ഏഴെട്ടു വയസിനു പ്രായം കൂടിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന ഒരു ഇരുത്തിയൊന്നുകാരന്‍. തുടര്‍ന്നുണ്ടാകുന്ന പൊല്ലാപ്പുകള്‍. ഇതൊക്കെയാണ്‌ ബോബി ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രം പറയുന്നത്‌.

ബോബി ചെയ്‌തതിനെ ന്യായീകരിക്കാന്‍ എന്ന പോലെ സച്ചിന്‍, ധനുഷ്‌, അഭിഷേക്‌ ബച്ചന്‍ ഇവര്‍ മൂന്നു പേരുടെയും കാര്യവും ചിത്രത്തില്‍ പറയുന്നുണ്ട്‌. ഈ പറഞ്ഞ മൂന്നു പേര്‍ക്കും ഒരു സാമ്യം ഉണ്ട്‌. തന്നേക്കാള്‍ പ്രായം കൂടിയ സ്‌ത്രീകളെയാണ്‌ ഇവര്‍ കല്യാണം കഴിച്ചിരിക്കുന്നത്‌. എന്നാലെന്ത്‌. തികച്ചും സന്തുഷ്‌ടമായ ജീവിതമാണ്‌ അവര്‍ നയിക്കുന്നത്‌.

ഈ ചിത്രത്തില്‍ പക്വതയില്ലാത്ത ഇരുപത്തിയൊന്നുകാരനും പക്വതയുള്ള ഇരുപത്തിയെട്ടുകാരിയായ നായികയും തമ്മില്‍ വിവാഹം കഴിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്‌ നര്‍മത്തിലൂടെ അവതരിപ്പിക്കുന്നത്‌. കേരളത്തിലും ഇപ്പോള്‍ ഇങ്ങനെയുള്ള ട്രെന്‍ഡ്‌ ഉണ്ടാകുന്നുണ്ട്‌. യുവജനങ്ങളുടെ മനസില്‍ മാറിയ കാഴ്‌ചപ്പാടുകളുടെ പ്രതിഫലനമാണിത്‌. എന്നാല്‍ വീട്ടുകാര്‍ക്ക്‌ ഇത്‌അംഗീകരിക്കാന്‍ വയ്യല്ലോ. അപ്പോഴാണ്‌ പ്രശ്‌നം . ഈ ചിത്രത്തിലും ഇതു തന്നെ കഥ.

കുടുംബപ്രശ്‌നങ്ങള്‍ മൂലം സെമിനാരിയില്‍ വൈദികവൃത്തി പഠിക്കാന്‍ വേണ്ടി എത്തപ്പെടുന്ന ആളാണ്‌ ഈ ചിത്രത്തിലെ നായകന്‍. അവിടെ ചില്ലറ പ്രശ്‌നങ്ങളുണ്ടാക്കുന്നതോടെ നായകനും കൂട്ടുകാരും സെമി#ാരിയുടെ പുറത്താകുന്നു. അങ്ങനെയിരിക്കെയാണ്‌ തന്നേക്കാള്‍ ഏഴു വയസിനു മൂത്ത നായികയെ നായകന്‍ കണ്ടു മുട്ടുന്നത്‌. അവര്‍ പിന്നീട്‌ ഒരു പ്രത്യേക സാഹചര്യത്തില്‍ വിവാഹിതരാകുന്നു. തുടര്‍ന്നുണ്ടാകുന്ന വഴിത്തിരിവുകളാണ്‌ ബോബി യില്‍ പറയുന്നത്‌.

മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്‌ജന്‍ നായകനാകുന്ന ആദ്യചിത്രം കൂടിയാണ്‌ ബോബി. ഇതിനു മുമ്പ്‌ ബ്‌ളാക്ക്‌ ബട്ടര്‍ഫ്‌ളൈസ്‌ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്ത നിരഞ്‌ജ്‌ അവതരിപ്പിച്ചിരുന്നു. നായകനായി എത്തുന്ന ആദ്യചിത്രമായിട്ടും മോശമല്ലാത്ത പ്രകടനം കാഴ്‌ചവയ്‌കകാന്‍ നിരഞ്‌ജനു കഴിഞ്ഞു. പ്രത്യേകിച്ച്‌ അമിതാഭിനയത്തിലേക്കു വഴുതി വീഴാതെ നിന്നു എന്നതും ശ്രദ്ധേയമാണ്‌.

നായികയായി എത്തിയ മിയയുടെ അഭിനയം എടുത്തു പറയേണ്ടതാണ്‌. പക്വതയെത്തിയ ഇരുപത്തിയേഴു കാരിയായി മിയ തിളങ്ങി. നല്ല കൈയ്യടക്കമുള്ള അഭിനയം. പാഷാണം ഷാജി അജു വര്‍ഗീസ്‌ ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരുടെ കഥാപാത്രങ്ങള്‍ നമ്മെ ചിരിപ്പിക്കും. ചിത്രത്തില്‍ നായകന്റെ അച്ഛനായി എത്തുന്ന ഷമ്മി തിലകന്റെ അഭിനയവും എടുത്തു പറയേണ്ടതാണ്‌. അമിത പ്രതീക്ഷകളൊന്നും കൂടാതെ പോയാല്‍ രണ്ടു മണിക്കൂര്‍ ആസ്വദിച്ചു കാണാന്‍ കഴിയുന്ന ഒരു രസകരമായ ചിത്രമാണ്‌ ബോബി എന്നതില്‍ സംശയമില്ല.





ബോബി : രസകരം സുന്ദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക