Image

എ.സി. ജോര്‍ജ്ജ് ഫൊക്കാന കണ്‍വന്‍ഷന്‍ ചിരിയരങ്ങ് ചെയര്‍മാന്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 06 March, 2012
എ.സി. ജോര്‍ജ്ജ് ഫൊക്കാന കണ്‍വന്‍ഷന്‍ ചിരിയരങ്ങ് ചെയര്‍മാന്‍
ഹൂസ്റ്റണ്‍ : ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണിലെ ''അനന്തപുരി''യില്‍ കൊടിയേറുന്ന ഫൊക്കാനയുടെ പതിനഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുവാന്‍ ഹൂസ്റ്റണില്‍ നിന്നുള്ള എ.സി. ജോര്‍ജ്ജ് തയ്യാറെടുക്കുകയാണ്. ഫൊക്കാന കണ്‍വന്‍ഷനിലെ അവിഭാജ്യഘടകമായ ചിരിയരങ്ങിന്റെ ചെയര്‍മാനായി അദ്ദേഹത്തെ തെരഞ്ഞെടുത്തതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന്  പ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്, ട്രഷറര്‍ ഷാജി ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

മുന്‍ ഇന്ത്യന്‍ റെയില്‍വേ (കര്‍ണ്ണാടക ഡിവിഷന്‍) ഉദ്യോഗസ്ഥനും റെയില്‍വേ മസ്ദൂര്‍ യൂണിയന്‍ സെക്രട്ടറിയുമായിരുന്ന എ.സി. ജോര്‍ജ്ജ് 1974-ല്‍ അമേരിക്കയിലേക്ക് കുടിയേറി മുപ്പത്തിയാറു വര്‍ഷം ന്യൂയോര്‍ക്ക് വെസ്റ്റ്‌ചെസ്റ്ററില്‍ താമസിച്ചതിനുശേഷം രണ്ടു വര്‍ഷം മുന്‍പ് ഹൂസ്റ്റണിലേക്ക് താമസം മാറ്റി. ഔദ്യോഗിക പദവികളില്‍ നിന്ന് റിട്ടയര്‍ ചെയ്‌തെങ്കിലും സാമൂഹ്യ-സാംസ്‌ക്കാരിക-മത സംഘടനകളില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ഇപ്പോഴുമുണ്ട്.

36 വര്‍ഷത്തെ ന്യൂയോര്‍ക്ക് വാസത്തിനിടയില്‍ എ.സി. ജോര്‍ജ്ജിന്റെ കൈയ്യൊപ്പ് പതിയാത്ത മേഖലകളില്ലെന്നു തന്നെ പറയാം. ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്, പ്രസ്തുത സംഘടനയുടെ ആദ്യത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍, സംഘടനയുടെ പ്രസിദ്ധീകരണമായ ''കേരള ദര്‍ശന''ത്തിന്റെ മുഖ്യ പത്രാധിപര്‍, ജനധ്വനി ആര്‍ട്‌സ് പ്രസിഡന്റ്, ജനധ്വനി പ്രസിദ്ധീകരണത്തിന്റെ മുഖ്യ പത്രാധിപര്‍, ഏകദേശം പതിനായിരം അംഗങ്ങളുണ്ടായിരുന്ന സിവില്‍ സര്‍വ്വീസ് എംപ്ലോയീസ്അസ്സോസിയേഷന്റെ (വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി യൂണിറ്റ്) വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം (വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി) പ്രസിഡന്റ്, സെക്രട്ടറി, വേള്‍ഡ് മലയാളി കൗണ്‍സില്‍ (അമേരിക്കന്‍ റീജിയണ്‍) സെക്രട്ടറി, പ്രസിഡന്റ് (വെസ്റ്റ്‌ചെസ്റ്റര്‍ പ്രൊവിന്‍സ്), പ്രസ്തുത സംഘടനയുടെ കണ്‍വന്‍ഷന്‍ കമ്മിറ്റി സെക്രട്ടറി, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇന്ത്യന്‍ അമേരിക്കന്‍ സെക്ഷന്‍ കമ്മിറ്റി മെംബര്‍, ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ്,പ്രസ്തുത അസ്സോസിയേഷന്റെ മുഖപത്രമായ ''കാത്തലിക് വോയ്‌സി''ന്റെ മുഖ്യ പത്രാധിപര്‍ (7 വര്‍ഷം), സ്ഥാപക കണ്‍വീനര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍ (എഫ്.ഐ.എ.) കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍, ഇന്ത്യന്‍ അമേരിക്കന്‍ ഫോറം വൈറ്റ് പ്ലെയ്ന്‍സില്‍ സംഘടിപ്പിച്ച ഇന്ത്യാ പരേഡിന്റെ കമ്മിറ്റി ചെയര്‍മാന്‍, ഫൊക്കാന ഇദംപ്രഥമമായി ന്യൂയോര്‍ക്ക് വലഹാലയില്‍ സംഘടിപ്പിച്ച് യുവജനോത്സവത്തിന്റെ ചെയര്‍മാന്‍, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്സിന്റെ സ്ഥാപക മെംബര്‍, ആദ്യത്തെ കണ്‍വന്‍ഷന്റെ പബ്ലിസിറ്റി ചെയര്‍മാന്‍ എന്നീ പദവികളിലിരുന്ന് തന്റെ വ്യക്തി പ്രഭാവം തെളിയിച്ച അദ്ദേഹം ഇപ്പോള്‍ മലയാളി പ്രസ്സ് കൗണ്‍സിലിന്റെ പ്രസിഡന്റ് പദവി അലങ്കരിക്കുന്നു.

മനം മയക്കുന്ന ചിരിയും, പുഞ്ചിരിയും, പൊട്ടിച്ചിരിയും, ഊറിച്ചിരിയുമെല്ലാം മനുഷ്യര്‍ക്ക് ദൈവം കൊടുത്ത വരദാനമാണ്.അതുകൊണ്ട് എല്ലാവരും ചിരിച്ചുകൊണ്ട് ജീവിക്കണമെന്നാണ് എ.സി. ജോര്‍ജ്ജിന്റെഅഭിപ്രായം. ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നവരെയെല്ലാം കൂട്ടച്ചിരിയിലേക്ക് കൂട്ടിക്കൊണ്ടുപൊകുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി തൂലിക ചലിപ്പിച്ചിട്ടുള്ള അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ സാമൂഹ്യ പ്രവര്‍ത്തനവും അനുസ്യൂതം തുടരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിസ്തുല സേവനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള കര്‍ത്തവ്യനിപുണനായ എ.സി. ജോര്‍ജ്ജ് ഫൊക്കാനയുടെ ചിരിയരങ്ങ് ഏറെ ആഹ്ലാദകരമാക്കുമെന്ന് പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു.
എ.സി. ജോര്‍ജ്ജ് ഫൊക്കാന കണ്‍വന്‍ഷന്‍ ചിരിയരങ്ങ് ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക