Image

ദിലീപിനെ കാത്തുനില്‍ക്കുന്നത് സി ബി ഐ മുതല്‍ റവന്യു വകുപ്പുവരെ

Published on 21 August, 2017
 ദിലീപിനെ കാത്തുനില്‍ക്കുന്നത് സി ബി ഐ മുതല്‍ റവന്യു വകുപ്പുവരെ
ദിലീപ് പുറത്തിറങ്ങിയാല്‍ കാത്തിരിക്കുന്നത് സി ബി ഐ മുതല്‍ റവന്യു വകുപ്പ് വരെ. മലയാള സിനിമയിലെ ഡോണ്‍ ആയി വിലസിയ നടന്റെ സാമ്പത്തിക ഇടപാടുകള്‍ എല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്ഥലാണ്. ചുരുങ്ങിയ കാലം കൊണ്ട് വമ്പന്‍ ആസ്തി സമ്പാദിച്ച താരം നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്.

ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതോടെ ഉറക്കം പോകുന്നത് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കും കൂടിയാണ്. വിദേശത്ത് പണമിടപാട് നടത്തുന്നവരും ദിലീപിനെ വിശ്വസിച്ച് റിയല്‍ എസ്റ്റേറ്റില്‍ പണം മുടക്കിയവരും ഇപ്പോള്‍ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.

ദീലിപിന്റെ സാമ്പത്തിക കൃത്യങ്ങള്‍ക്കും കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് അന്വഷേണ സംഘം പറയുന്നത്. വിദേശത്തുള്ള അടുത്ത ബന്ധുവിന്റെ നീക്കങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ തുടങ്ങി. മലയാള സിനിമകള്‍ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം നേടുന്നതിനുള്ള ഓവര്‍സീസ് റൈറ്റിനു ലഭിക്കുന്ന തുക നായക നടന്മാര്‍ക്കു ലഭിക്കുന്ന പതിവാണു നിലനില്‍ക്കുന്നത്. ഈ തുക ദിലീപ് വിദേശ നിക്ഷേപമാക്കി മാറ്റിയതായുള്ള ആരോപണങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. തുകയില്‍ കുറെ ഭാഗം നികുതി വെട്ടിക്കാന്‍ കുഴല്‍പണമായും നാട്ടിലെത്താറുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന.

കുറ്റം ബോധ്യപ്പെട്ടാല്‍ ഫൊറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) പ്രകാരം കേസെടുക്കാനാണു നീക്കം. ഇതിനുള്ള തെളിവെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നേറുന്നത്. കേരളാ പൊലീസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ലഭ്യമായ രേഖകള്‍ പരിശോധിച്ചു വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഗായിക അടക്കം എന്‍ഫോഴ്സ്മെന്റിന്റെ നോട്ടപ്പുള്ളിയായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെമ നിയമപ്രകാരം അന്വേഷണം പുരോഗമിച്ചാല്‍ മലയാളത്തിലെ പല പ്രമുഖരും കുടുക്കിലാകുമെന്നത് ഉറപ്പാണ്.

നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പുതന്നെ ദിലീപിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു. ദിലീപടക്കമുള്ള ചില താരങ്ങള്‍ ആറേഴുവര്‍ഷം കൊണ്ട് കുന്നുകൂട്ടിയ സമ്പത്തിന്റെ യഥാര്‍ഥ സ്രോതസ്സെന്താണെന്ന വിവരവും തേടുന്നുണ്ട്. താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതായി അറിയുന്നു. ചില സിനിമകള്‍ നിര്‍മ്മിച്ച ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നിര്‍മ്മാതാക്കളാകുന്നു. പത്ത് കോടി പോലും മുടക്കി സിനിമ എടുക്കുന്നു. ഇതെല്ലാം കള്ളപ്പണത്തിന്റെ സ്വാധീനം മൂലമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കും.

ഒരു സിനിമയില്‍ അഭിനയിക്കാന്‍ ദിലീപ് രണ്ടര മുതല്‍ മൂന്ന് കോടി വാങ്ങുമെന്നാണ് കണക്ക്. ഇതും രണ്ട് കൊല്ലത്തിനപ്പുറം. നൂറു സിനിമകളോളം അഭിനയിച്ചുള്ള ദിലീപിന് പിന്നെ എങ്ങനെ ഇത്ര ആസ്തിയുണ്ടായി എന്നതാണ് കേന്ദ്ര സാമ്പത്തിക അന്വേഷണ സംഘങ്ങളെ ഞെട്ടിക്കന്നത്.

സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അവലോകന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 800 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്. ദിലീപും കലാഭവന്‍ മണിയും ആയിട്ടുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസ് , അവര്‍ തമ്മില്‍ ഉള്ള ഇടപാടുകള്‍ , അഭിപ്രായ വ്യത്യാസമുണ്ടായ സാഹചര്യങ്ങള്‍ തുടങ്ങിയവയെ പറ്റി ദിലീപിനെ ചോദ്യം ചെയ്യാന്‍ പരിപാടിയുണ്ട്.

ഡി സിനിമയുടെ അനധികൃത നിര്‍മാണ പ്രവത്തനങ്ങളെ കുറിച്ച് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ്, ഭൂമി കൈയേറി എന്ന് ആരോപിച്ചു ചാലക്കുടി , കുമരകം എന്നിവിടങ്ങളിലെ ദിലീപിന്റെ വസ്തുവകകള്‍ അളന്നു തിരിച്ചു റവന്യു വകുപ്പ് നടത്തുന്ന അന്വേഷണം, അനധികൃത സമ്പാദ്യത്തെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങിയവ പ്രശ്‌നമാകും.

രാഷ്ട്രീയ - സിനിമാ മേഖലയിലുള്ള പലരേയും ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട് . ഇനിയും നിരവധി പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ് .

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസാണ് ദിലീപിന്റെ സ്വത്തുവിവരങ്ങളുടെ പരിശോധന തുടങ്ങിയിരിക്കുന്നത്. കൊച്ചി നഗരത്തില്‍മാത്രം 35 ഇടങ്ങളില്‍ വസ്തു ഇടപാടുകള്‍ അടുത്തകാലത്ത് നടത്തിയതിന്റെ രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

വിദേശ അക്കൗണ്ടുകള്‍ വഴി ദിലീപിന് കേരളത്തിലേക്ക് പണമെത്തിയതില്‍ ചില സംശയങ്ങളുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പോലീസ് അന്വേഷണങ്ങള്‍ക്കുശേഷം എന്‍ഫോഴ്സ്മെന്റ് പിടിമുറുക്കുമെന്നാണു വിവരം.
 ദിലീപിനെ കാത്തുനില്‍ക്കുന്നത് സി ബി ഐ മുതല്‍ റവന്യു വകുപ്പുവരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക