Image

മുത്തലാഖിന് നിരോധനം

Published on 22 August, 2017
മുത്തലാഖിന് നിരോധനം
ന്യൂഡല്‍ഹി: മുത്തലാഖിന് നിരോധനം. മൂന്ന് തവണ തലാഖ് എന്ന് ഒറ്റയടിക്കു ചൊല്ലി ഭാര്യയെ മൊഴിചൊല്ലാനുള്ള മുസ്ലീം പുരുഷന്റെ അവകാശം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇന്ത്യയിലെ പരമോന്നത കോടതി ഇന്ന് വിധിച്ചത്.

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യു.യു. ലളിത്, ആര്‍.എഫ്. നരിമാന്‍ എന്നിവര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് കെഹാര്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. സിഖ്, ക്രിസ്ത്യന്‍ , പാഴ്സി, ഹിന്ദു മുസ്ലിം സമുദായങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്. 

മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ സ്വമേധയ എടുത്തതുള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ വാദം കേട്ടാണ് സുപ്രീംകോടതി നിര്‍ണായകമായ ഈ വിധിപ്രസ്താവം നടത്തിയിരിക്കുന്നത്.

മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും, ലിംഗ സമത്വവും, അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് പരിശോധിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. 

15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്രപത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി എന്നിവരുടെ ഹര്‍ജികള്‍ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ആദ്യ ഭര്‍ത്താവിനെ പുനര്‍ വിവാഹം ചെയ്യാന്‍ മറ്റൊരാളെ വിവാഹം ചെയ്യണമെന്ന് പറയുന്ന നിക്കാഹ് ഹലാല നിയമത്തിനെതിരെയും അവര്‍ സുപ്രീം കോടതിയില്‍ പോരാടി.

അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കക്ഷി ചേര്‍ന്നിരുന്നു. മുസ്ലീം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി എന്നിവര്‍ എതിരായും ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും കേസില്‍ കക്ഷിയായിരുന്നു.

എന്നാല്‍ 1400 വര്‍ഷമായി പിന്തുടര്‍ന്നു പോരുന്ന ഒരു നിയമമാണ് മുത്തലാഖെന്നും പെട്ടെന്നൊരു ദിവസം മുത്തലാഖ് എടുത്തു കളയുവാന്‍ സാധിക്കില്ലെന്നും മുസ്ലീം വ്യക്തി ബോര്‍ഡ് വാദിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക