Image

സുനിയുടെ കത്ത്‌ തയ്യാറാക്കിയത്‌ ദിലീപിനെ കുടുക്കിയവര്‍ തന്നെയെന്ന്‌ രാമന്‍പിള്ള

Published on 23 August, 2017
സുനിയുടെ കത്ത്‌ തയ്യാറാക്കിയത്‌ ദിലീപിനെ കുടുക്കിയവര്‍ തന്നെയെന്ന്‌ രാമന്‍പിള്ള


ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ ജയിലില്‍നിന്നെഴുതിയ കത്തില്‍ അഭിസംബോധന ചെയ്‌തു എന്ന കാരണത്താല്‍ ഒരാളെ പ്രതിയാക്കുന്ന കീഴ്‌വഴക്കം ശരിയല്ലെന്ന്‌ ദിലീപിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ്‌ രാമന്‍പിള്ള.

 ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ്‌ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ശ്രമിക്കുന്നതെന്നും സുനി ജയിലില്‍നിന്ന്‌ എഴുതിയെന്ന്‌ പറയപ്പെടുന്ന കത്തിന്റെ കരട്‌ തയ്യാറാക്കി നല്‍കിയത്‌ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ച, ജയിലിന്‌ പുറത്തുനിന്നുള്ള ചിലരാണെന്നും രാമന്‍പിള്ള. ദിലീപിന്റെ ജാമ്യാപേക്ഷയിന്മേലുള്ള പ്രതിഭാഗം വാദം ഹൈക്കോടതിയില്‍ അവസാനിച്ചു.

ഇന്നലെ മൂന്നരമണിക്കൂറോളം നീണ്ട വാദത്തില്‍ ഉന്നയിച്ചതിന്‌ സമാനമായ ആരോപണങ്ങളാണ്‌ പ്രതിഭാഗം അഭിഭാഷകന്‍ ഇന്നും തുടര്‍ന്നത്‌. പത്തരയോടെ ആരംഭിച്ച വാദത്തില്‍ കള്ളസാക്ഷികളെ സൃഷ്ടിക്കാന്‍ പൊലീസ്‌ ശ്രമിക്കുന്നുവെന്നായിരുന്നു രാമന്‍പിള്ളയുടെ പ്രധാന വാദം. 

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനില്‍കുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ്‌ ദിലീപിനെ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഈ കത്ത്‌ തെളിവായി സ്വീകരിക്കരുത്‌. അങ്ങനെ സംഭവിച്ചാല്‍ സമൂഹത്തില്‍ മാന്യമായി കഴിയുന്ന പലര്‍ക്കെതിരെയും ആരോപണവുമായി ആളുകളെത്തുമെന്നും പ്രതിഭാഗം വാദിച്ചു.

ഇനി പ്രോസിക്യൂഷന്റെ വാദവും കോടതി കേള്‍ക്കും. അതിനുശേഷമേ ജാമ്യാപേക്ഷയില്‍ എപ്പോള്‍ കോടതി തീരുമാനമെടുക്കുമെന്ന്‌ പറയാനാവൂ. സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നുവെന്നല്ലാതെ കണ്ടതിന്‌ തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കുമെന്നും സ്വന്തം കാരവാന്‍ ഉള്ളപ്പോള്‍ ഒരു പൊതുഇടത്തില്‍ ഗൂഢാലോചന നടത്തേണ്ട കാര്യമുണ്ടോ എന്നും പ്രതിഭാഗം അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ചോദിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക