Image

സുനി വിളിച്ച കാര്യം ഡിജിപിയെ അറിയിച്ചുവെന്ന ദിലീപിന്റെ വാദം തള്ളി പ്രോസിക്യൂഷന്‍

Published on 29 August, 2017
സുനി വിളിച്ച കാര്യം ഡിജിപിയെ അറിയിച്ചുവെന്ന ദിലീപിന്റെ വാദം തള്ളി പ്രോസിക്യൂഷന്‍

പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ നിന്ന് തന്നെ വിളിച്ച കാര്യം അന്നു തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചുവെന്ന ദിലീപിന്റെ വാദം തള്ളി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍. സുനി വിളിച്ച വിവരം അന്നുതന്നെ ഡിജിപിയെ അറിയിച്ചുവെന്നത് തെറ്റാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

പള്‍സര്‍ സുനി ഒരു പോലീസുകാരന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചതും അയച്ച വോയ്‌സ് മെസേജും ഇത് വിജയിക്കാതെ വന്നതോടെ സുനിക്കു വേണ്ടി ദിലീപിനെയും കാവ്യയേയും കാണാന്‍ ശ്രമിച്ചുവെന്ന് പോലീസുകാരന്‍ അന്വേഷണ സംഘത്തിനു മുമ്ബാകെ നല്‍കിയ മാപ്പപേക്ഷയാണ് ഇതില്‍ പ്രധാന തെളിവ്. പിടിക്കപ്പെടുമെന്ന് കണ്ടതോടെ ഇയാള്‍ മെമ്മറി കാര്‍ഡ് നശിപ്പിച്ചു. എന്നാല്‍ പോലീസുകാരന്റെ മാപ്പപേക്ഷയും ടെലിഫോണ്‍ രേഖകളും പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ എത്തിച്ചു. ഈ പോലീസുകാരനെയും കുറ്റപത്രം സമര്‍പ്പിക്കുന്ന വേളയില്‍ പ്രതിയാക്കാന്‍ സാധ്യതയുണ്ട്.

തനിക്കെതിരായ ഗൂഢാലോചന കാക്കനാട് ജയിലില്‍ നിന്നാണ് ആരംഭിച്ചതെന്ന ദിലീപിന്റെ വാദം പൊളിക്കുന്നതാണ് ഈ തെളിവ്. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് എത്തിച്ചപ്പോള്‍ കാവല്‍ നിന്നിരുന്ന പോലീസുകാരനെയാണ് പള്‍സര്‍ സഹായത്തിന് സമീപിച്ചത്. ദിലീപേട്ടാ… കുടുങ്ങി… വാഗ്ദാനം ചെയ്ത പണം നല്‍കണം.. എന്നായിരുന്നു സന്ദേശം.

2013ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടന്നിരുന്നുവെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഏതെല്ലാം സ്ഥലങ്ങളില്‍ വച്ച് ഗൂഢാലോചന നടന്നുവെന്നതിന്റെ തെളിവ് കോടതി അംഗീകരിച്ചുവെന്ന് മഞ്ചേരി ശ്രീധരന്‍ നായര്‍ പറഞ്ഞു.

ദിലീപിനോട് പ്രത്യേക പരിഗണന ആവശ്യമില്ലെന്ന് ഹൈക്കോടതി ഇന്ന് പരാമര്‍ശിച്ചിരുന്നു. ജാമ്യം നല്‍കാന്‍ അനുകൂല സാഅചര്യങ്ങളൊന്നും കാണുന്നില്ല. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു കുറ്റകൃത്യമാണിത്. തികച്ചും പൈശാചികമായ ആക്രമണം. പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ തെളിവുണ്ട്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. തുടര്‍ന്നുള്ള അന്വേഷണവും സാക്ഷികളെയും അട്ടിമറിക്കാനും സ്വാധീനിക്കാനും ശേഷിയുള്ള ആളായതിനാല്‍ യാതൊരു കാരണവശാലും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ജൂലായ് 10ന് അറസ്റ്റിലായ ദിലീപ് ഇപ്പോള്‍ 50 ദിവസമായി ആലുവ സബ് ജയിലില്‍ ആണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക