Image

അമ്മപ്പൂവ് (കവിത: സുരേന്ദ്രന്‍ കുത്തനൂര്‍)

Published on 31 August, 2017
അമ്മപ്പൂവ് (കവിത: സുരേന്ദ്രന്‍ കുത്തനൂര്‍)
അമ്മേ എനിക്കൊരു പൂവ് വേണം
പൂനുള്ളാന്‍ പൂത്തുമ്പി കുടെ വേണം
തുമ്പിച്ചിറകടിച്ചൂയലാടാന്‍
തുമ്പക്കുടങ്ങളുമേറെ വേണം.
തേനുണ്ടു പാറാന്‍ പൂമ്പാറ്റ വേണം
മഴവില്ലു പോലെ ചിറകു വേണം.
മഴപെയ്തു നിറയുമരുവി വേണം,
മഞ്ഞുപോലുള്ള കുളിരു വേണം.
കുളിരുമ്പോള്‍ പൊന്‍വെയില്‍ച്ചില്ല വേണം
ചില്ലയില്‍ കൂടുള്ള കുരുവി വേണം.
കുരുവിക്കു കൊത്താന്‍ കതിരു വേണം
കതിരു നിറയുന്ന വയലു വേണം.
മഴ വേണം, പുഴ വേണം കാറ്റ് വേണം,
കാറ്റിനിളവേല്‍ക്കാ,നിലകള്‍ വേണം.
ഇലച്ചാര്‍ത്തില്‍,പുല്‍നാമ്പില്‍ പുഴയിറമ്പില്‍,
മരതകമണിയിക്കും മഞ്ഞു വേണം.
പുഴയിലെ തെളിനിരില്‍ നീന്തിനീങ്ങും
പരല്‍പോല്‍ കിനാവിന്റെ തോണി വേണം.
തോണിയിലക്കരെ പോയിടണം
സബര്‍മതിയാശ്രമ ശാന്തി വേണം.
പലനിറമുള്ളൊരാ വാടിയിങ്കല്‍
മുളവടിയൂന്നി നടന്നിടണം,
മുക്കാലും നഗ്‌നനായ് മാറിടണം
അതുകണ്ടിട്ടമ്മ വഴക്കിടണം.
അമ്മതന്‍ പരിഭവ ചോപ്പുമായി
ചെമ്മാനത്തമ്പിളി പൂത്തിടണം.

അമ്മേ എനിക്കൊരു പൂവ് വേണം
പൂനുള്ളാന്‍ പൂത്തുമ്പി കുടെ വേണം
തുമ്പിച്ചിറകടിച്ചൂയലാടാന്‍
തുമ്പക്കുടങ്ങളുമേറെ വേണം.
അമ്മതന്‍ പരിഭവ ചോപ്പുമായി
ചെമ്മാനത്തമ്പിളി പൂത്തിടണം.

അമ്പിളിമാമന്റെ തോളിലേറി
യമ്മാനമാടിക്കളിച്ചിടേണം.
അമ്മിഞ്ഞമണമുള്ള,യക്ഷരങ്ങള്‍
കോര്‍ത്തുള്ള മലയാളഭാഷ വേണം.
തുഞ്ചന്റെ കിളിയൊത്തു പാടിടണം.
കായിക്കരയിലും പോയിടണം.
വയലാറു പാടിയ പാട്ടു കേള്‍ക്കേ,
വയലേലയാടിക്കളിച്ചിടണം.
അപ്പാട്ടിന്നീണത്തില്‍ ചോന്നു പോയ
പുന്നപ്ര വീര്യമെനിക്കു വേണം.
എല്ലാരുമൊന്നെന്ന വേദമായി,
ഭേദവിചാരമൊഴിഞ്ഞു പോകും
അരുവിക്കരയില്‍ ചെന്നെത്തിടണം.
കണ്ണാടിപോല്‍ മനക്കണ്ണു വേണം
അക്കണ്ണിലമ്മയെ കണ്ടിടണം.

അമ്മേയെനിക്കൊരു പൂവു വേണം
എല്ലാരുമെല്ലാരുമൊന്നു പോലെ
നന്നായ് മണക്കുന്ന പൂവ് വേണം.
എത്രനിറങ്ങള്‍ വിരിഞ്ഞെന്നാലും
എത്ര രൂപങ്ങള്‍ നിരന്നെങ്കിലും
എല്ലാമൊരാറ്റയായ് പൂവിടുന്ന
പൂവാടിയില്‍പ്പുത്ത പൂവ് വേണം.
അമ്മേയെനിക്കൊരു പൂവ് വേണം
അമ്മയെ പോലാരു പൂവ് വേണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക