Image

അനര്‍ഘ നിമിഷം (കവിത: ജി. പുത്തന്‍കുരിശ്)

Published on 02 September, 2017
അനര്‍ഘ നിമിഷം (കവിത: ജി. പുത്തന്‍കുരിശ്)
ഇന്നെന്റെ പേരക്കിടാവുമൊന്നിച്ചു ഞാന്‍
ചുറ്റി കറങ്ങുവാന്‍പോയി.
ഇന്നേവരെ ഞാന്‍ കണ്ടിട്ടുംകാണാത്ത
കൊച്ചുകാര്യങ്ങളെകണ്ടു.
തൊട്ടയലത്തെ പട്ടി ‘അലാസ്കന്‍ വുള്‍ഫിനെ’
ശ്രദ്ധയോടവന്‍ നോക്കി
അത്ഭുതംകൂറുന്ന കണ്ണുകളാലവര്‍
എന്തോചിലതൊക്കെ ചൊല്ലി!
പെട്ടന്നൊരു പൂച്ച രോമമെഴുത്തി
തൊട്ടരികത്തുവന്നുരുമി
‘മ്യാവു’ശബ്ദംവച്ചരികില്‍വന്നാപൂച്ചയെ
സ്‌നേഹമോടവന്‍ തടവി
മുന്നോട്ടുപോകുവാന്‍ ആംഗ്യം കാണിച്ചവന്‍
എന്നെ പിടിച്ചുവലിച്ചു
മുന്നിലെചെറുവൃക്ഷത്തില്‍ നിന്നൊരു പക്ഷി
ചിറകടിച്ചുചിലച്ചു പറന്നു
ദൂരേയ്ക്കു പറന്നകലുന്ന പക്ഷിയെ
സാകൂതമോടവന്‍ നോക്കി
‘ബേര്‍ഡ്‌ബേര്‍ഡെന്നു’വിളിച്ചവനെന്റ
ശ്രദ്ധയെയങ്ങോട്ടു ക്ഷണിച്ചു
വാനിലുയരത്തില്‍ പറക്കുമൊരുപ്ലെയിനിന്റെ
ശബ്ദംകാതിലലച്ചു
അത്ഭുതത്തിന്റെതിളക്കമാകണ്‍കളില്‍
മിന്നിമറയുന്നതുകണ്ടു
കഴുകിനെപ്പോലുയരത്തില്‍ പറക്കുമാ പ്ലെയിനിനെ
ബിഗ് ബേര്‍ഡെന്നവന്‍കൊഞ്ചിവിളിച്ചു
പിന്നെ ഞങ്ങളടുത്തുള്ള പൊയ്കയില്‍
നക്രങ്ങളെകണ്ടു നിന്നു
ആമയും, കൊക്കുംകുളക്കോഴിയുമൊന്നിച്ച്
വെയിലുകായുന്നതുകണ്ടു
പൊയ്കയിന്‍ മദ്ധ്യേയൊരു ജലധാരയന്ത്രം
വെള്ളംചിതറിച്ചു നിന്നു
അന്തിസൂര്യന്റെകിരണങ്ങളടിച്ചപ്പോളതില്‍
വര്‍ണ്ണങ്ങളേറെവിരിഞ്ഞു
എന്നും ഞാനതുവഴിപോകുമ്പോഴൊക്കയും
കാണാറുണ്ടിതെങ്കിലുമിന്ന്
പണ്ടെങ്ങൂംകാണാത്ത സൗന്ദര്യമേതോഅതില്‍
വെട്ടിതിളങ്ങിവിളങ്ങി
കുഞ്ഞു മനസ്സിനെ സ്വര്‍ഗരാജ്യത്തോടുപമിച്ചാ
ഗുരുദേവനെ ഞാനോര്‍ത്തു.
നിര്‍മ്മലമാംമാ മനസ്സിനി നമ്മള്‍ക്ക്
പ്രാപ്യമോഹാ! ആര്‍ക്കറിയാം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക