Image

ചടുലചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍

(അനില്‍ കെ പെണ്ണുക്കര) Published on 04 September, 2017
ചടുലചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍
ചടുല ചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍. കേരള സര്‍ക്കാരിന്റെ ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാപരിപാടികള്‍ക്ക് തുടക്കമായത് മഞ്ജു വാര്യരുടെ കുച്ചുപ്പുടിയോടെയാണ് . നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലേക്ക് തിരുവനന്തപുരത്തെ കലാപ്രേമികള്‍ ഒഴുകിയെത്തി.

ഉടലിന്റെ കവിതയാണ് നൃത്തം എന്ന് ഒരിക്കല്‍ കൂടി മഞ്ജു വാര്യര്‍ തെളിയിച്ചു. ജീവിതത്തിന്റെ പ്രതിസന്ധിയില്‍ കൂടി കടന്നു പോകുമ്പോള്‍ നൃത്തവും അഭിനയവും മഞ്ജുവിന് വലിയ ആശ്വാസമാകുന്നു എന്ന് വേണം കരുതാന്‍ .
മഞ്ജുവാര്യര്‍ മലയാളിക്ക് ആരാണെന്നു തെളിയിക്കുന്നതായിരുന്നു നിശാഗന്ധിയില്‍ നടന്ന കുച്ചുപ്പിടി സന്ധ്യ. ഒരേ സങ്കേതങ്ങള്‍കൊണ്ട് ആവിഷ്‌കരിക്കപ്പെടുമ്പോഴും തന്റെ തന്മയത്വം അനന്യമായി അടയാളപ്പെടുത്തുന്ന നര്‍ത്തകികളെയാണ് കാലം ഓര്‍ത്തുവയ്ക്കുക. തന്റെ ഉടല്‍ വേഗങ്ങള്‍ കൊണ്ട് കൊത്തിയ അനുപമമായ നൃത്ത ശില്‍പ്പങ്ങളിലൂടെയാവും പിന്നിട്ട അരങ്ങ് മഞ്ജു വാര്യര്‍ എന്ന നര്‍ത്തകിയെയും ഓര്‍ക്കുക.

വികാരാവിഷ്‌കരണത്തിനും ആശയ സംവേദനത്തിനും വേണ്ടി നടത്തുന്ന കേവലമായ അംഗചലനങ്ങളല്ല മഞ്ജുവിന് നൃത്തം. മറിച്ച്, ജീവിതം തന്നെയാണ്. തന്റെ ഉള്ള് ഇത്രയും തീവ്രമായി ആവിഷ്‌കരിക്കാന്‍ നൃത്തം പോലെ മറ്റൊരു മാധ്യമത്തിനും ശേഷിയില്ലെന്ന ഉറപ്പാണ ഇപ്പോഴും പ്രണയത്തോടെയും അര്‍പ്പണബോധത്തോടെയും അരങ്ങിലെത്താന്‍ മഞ്ജുവിനെ പ്രേരിപ്പിക്കുന്നത്.

അരങ്ങിനെ തന്റെ മനസ്സിന്റെ പ്രകാശനസ്ഥലം കൂടിയായാണ് ഈ നര്‍ത്തകി കാണുന്നത്. പ്രണയവും വിരഹവും വിഷാദവും വിദ്വേഷവും ക്രോധവുമൊക്കെ ഞൊടിയിടയില്‍ മിന്നിമറയുന്ന മുഖം. ഗഹനമായ ആശയങ്ങളെ ലളിതമായി ആവിഷ്‌കരിക്കാനാണ് ഈ നര്‍ത്തകി എപ്പോഴും ശ്രമിക്കാറുള്ളത്. പദങ്ങളില്‍ ബന്ധിതമാക്കപ്പെട്ട പാത്രങ്ങളുടെ വികാര വിചാരങ്ങളെ അംഗോപാംഗചലന വിന്യാസത്തിന്റെ സൌന്ദര്യം കൊണ്ടും ഭാവാവിഷ്‌കാരത്തിന്റെ ഗരിമ കൊണ്ടും മനോധര്‍മത്തിന്റെ സാധ്യതകളുപയോഗിച്ച് ആഴത്തില്‍ അനുഭവിപ്പിക്കാനുള്ള ശേഷിയാണ് നൃത്തമണ്ഡപത്തില്‍ മഞ്ജുവിനെ ഇത്രമാത്രം സ്വീകാര്യയാക്കിയത്.

ഓരോ നൃത്തശില്‍പ്പവും അരങ്ങില്‍ താന്‍ തേടുന്ന പൂര്‍ണതയിലേക്കുള്ള ചുവടുകളാണ്. അതുകൊണ്ടുതന്നെ നൃത്തത്തിലുള്ള ഓരോ ചുവടും സ്വപ്നത്തിലേക്കുള്ള ചുവടുകളും കൂടിയാണ്.
നൃത്തവേദിയില്‍ ഭക്തിയുടെ ഭാവമുദ്രകള്‍ വിരിയിച്ച് മഞ്ജുവാര്യര്‍ നടന വിസ്മയമായി. ചുവടുകളിലും ചലനങ്ങളിലും പകരം വയ്ക്കാനില്ലാത്ത മുദ്രകള്‍ തീര്‍ത്താണ് മഞ്ജുവിന്റെ കുച്ചുപ്പുടി നിശാഗന്ധിവേദിയെ ജ്വലിപ്പിച്ചത്. നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി ഗണേശ സ്തുതിയോടെയാണ് മഞ്ജു തുടങ്ങിയത്. 'ആനന്ദനടനം ആടും വിനായകര്‍' എന്ന മധുരൈ ആര്‍ മുരളീധരന്റെ രചനയ്‌ക്കൊപ്പമുള്ള നര്‍ത്തന മികവ് വിഘ്‌നേശ്വര വര്‍ണനകളുടെ വിസ്മയലോകങ്ങളിലേക്ക് ആസ്വാദകരെ നയിച്ചു. ഗൗളരാഗത്തില്‍ ആദിതാളത്തിലുള്ള ആദ്യ ഇനം അവസാനിക്കുമ്പോള്‍ സദസ്സ് കരഘോഷത്തോടെ മഞ്ജുവിന് പ്രശംസയേകി.

തന്റെ ഏറ്റവും പ്രിയപ്പെട്ട ഇനങ്ങളിലേക്കാണ് പിന്നീട് മലയാളത്തിന്റെ പ്രിയതാരം ചുവടുവച്ചത്. കൃഷ്ണഭക്തിയുടെ വൃന്ദാവനങ്ങളിലേക്കുള്ള യാത്രയായിരുന്നു അത്. പതിനെട്ടാം നൂറ്റാണ്ടിലെ വാഗേയകാരന്‍ ഊത്തുക്കാട് വെങ്കടസുബ്ബയ്യരുടെ 'അതി നിരുപമ സുന്ദരാകര..' എന്നുതുടങ്ങുന്ന കൃതിയില്‍ കൃഷ്ണരൂപം വിരിഞ്ഞു.

പന്തുവരാളി രാഗത്തില്‍ ആദിതാളത്തിലുള്ള ഇതില്‍ സത്യഭാമയുടെയും രുഗ്മിണിയുടെയും കൃഷ്ണന്റെയും നാരദന്റെയും വിവിധ നിമിഷങ്ങളാണ് വര്‍ണിക്കുന്നത്. ഭാവങ്ങളുടെ അതിവേഗമുള്ള കൂടുമാറ്റം കൊണ്ട് മഞ്ജു സദസ്സിനെ അതിശയിപ്പിച്ചു. അതില്‍ നിന്ന് വീണ്ടും കൃഷ്ണലീലകളിലേക്ക് മടങ്ങാന്‍ മഞ്ജുവിന് അധികനേരം വേണ്ടിവന്നില്ല. മൂന്നാമത്തെ ഇനം ജയദേവ കവിയുടെ വിഖ്യാതമായ അഷ്ടപദിയായിരുന്നു. വിരഹിണി രാധയുടെ വിഹ്വലതകളിലേക്ക് മഞ്ജു അനായാസം പടര്‍ന്നുകയറി.

അതിലോല ചലനങ്ങളുടെ നിര്‍മലതയില്‍ നിന്ന് ശൈവഭക്തിയുടെ തീക്ഷ്ണതയിലേക്കുള്ള പകര്‍ന്നാട്ടമായിരുന്നു അടുത്ത ഇനം. 'ആനന്ദനടനം ആടുവര്‍ തില്ലൈ' എന്ന കീര്‍ത്തനം നടരാജന്റെ സര്‍വം മറന്നുള്ള നര്‍ത്തനത്തെയാണ് കാണികളിലെത്തിച്ചത്. പൂര്‍വികല്യാണി രാഗത്തിലും രൂപക താളത്തിലുമായി നീലകണ്ഠശിവന്‍ ചിട്ടപ്പെടുത്തിയ ഈ കൃതി ചടുലതയുടെ സംഭ്രമനിമിഷങ്ങളില്‍ പൂര്‍ണമായി.

തില്ലാനയായിരുന്നു അവസാന ഇനം. മുരുകഭഗവാന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ആരവങ്ങളാണ് ഖാമാസ് രാഗത്തിലും ആദിതാളത്തിലും ലാല്‍ഗുഡി എസ്. ജയരാമന്‍ ചിട്ടപ്പെട്ടപ്പെടുത്തിയ കൃതിയിലുണ്ടായിരുന്നത്. രണ്ടുമണിക്കൂറോളം സൂര്യനൃത്തവേദിയെ സമ്മോഹനമാക്കിയ പരിപാടി അതിന്റെ എല്ലാവിധ ആവേശത്തോടെയും പെയ്തു തോരുകയായിരുന്നു അതില്‍.

ഗീത പത്മകുമാര്‍ ആയിരുന്നു കോറിയോഗ്രഫിയും നട്ടുവാങ്കവും. ബ്രിജേഷ് കൃഷ്ണ (വോക്കല്‍)സുരേഷ് നമ്പൂതിരി (വയലിന്‍) കലാമണ്ഡലം ചാരുദത്ത ്(മൃദംഗം), മുരളീകൃഷ്ണ (വീണ), വിവേക് ഷേണായി (പുല്ലാങ്കുഴല്‍) എന്നിവരായിരുന്നു പിന്നണിയില്‍.
ചടുലചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍
ചടുലചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍
ചടുലചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍
ചടുലചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍
ചടുലചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍
ചടുലചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍
ചടുലചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍
ചടുലചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍
ചടുലചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍
ചടുലചലനങ്ങളിലൂടെ ഓണത്തെ സമൃദ്ധമാക്കി മഞ്ജു വാര്യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക