Image

ആദം ജോണ്‍: ~ മകള്‍ക്ക്‌ ജീവന്‍ കൊണ്ടു കടം വീട്ടിയ അച്ഛന്റെ കഥ

സുനീഷ്‌ ബാബു പി.കെ Published on 16 September, 2017
  ആദം ജോണ്‍: ~ മകള്‍ക്ക്‌ ജീവന്‍ കൊണ്ടു കടം വീട്ടിയ അച്ഛന്റെ കഥ

വിനു വി. എബ്രഹാം സംവിധാനം ചെയ്‌ത ആദം ജോണ്‍ പ്രമേയത്തിന്റെ പുതുമ കൊണ്ട്‌ തികച്ചും ആസ്വാദ്യകരമായ ചിത്രമാണ്‌. മലയാള സിനിമയിലെ പതിവു ലൊക്കേഷനുകളില്‍ നിന്നും വ്യത്യസ്‌തമായി ഈ ചിത്രത്തില്‍ സ്‌കോട്ട്‌ലാന്‌ഡാണ്‌ കഥ നടക്കുന്ന പരിസരമായി സംവിധായകന്‍ തിരഞ്ഞെടുത്തത്‌.

സസ്‌പെന്‍സ്‌ പ്രണയം ആക്ഷന്‍ എല്ലാം ഹൃദ്യമായ രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ജീവിതത്തില്‍ വൈകിയെത്തുന്ന തിരിച്ചറിവുകളിലൂടെ സ്‌നേഹത്തെ അറിയുന്ന അവസ്ഥ. 

എത്ര മായ്‌ക്കാന്‍ ശ്രമിച്ചാലും സ്വന്തം രക്തത്തില്‍ പിറന്ന മകളെ ഒരു പിതാവിന്‌ ഒരിക്കലും തളളിക്കളയാന്‍ കഴിയില്ല എന്ന തിരിച്ചറിവ്‌. ആദം ജോണ്‍ അതാണ്‌ വ്യക്തമാക്കുന്നത്‌.

ആദം ജോണ്‍ പോത്തന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ പൃഥിരാജാണ്‌ അവതരിപ്പിക്കുന്നത്‌.ആദമിന്റെ അനുജന്‍ ഉണ്ണി(രാഹുല്‍ മാധവ്‌) ഭാര്യ ശ്വേത(ഭാവന) യും അമ്മയും ആദമിന്റെ മകള്‍ ഇളയും ഒരുമിച്ചാണ്‌ താമസം. 

ഇളയുടെ പിറന്നാളിനു വേണ്ടി സാധനങ്ങള്‍ വാങ്ങാനായി ഇറങ്ങുമ്പോള്‍ അജ്ഞാതരായ ഒരു സംഘം അമ്മയെ വെടിവച്ചു കൊന്ന ശേഷം ഇളയെ തട്ടക്കൊണ്ടു പോവുകയാണ്‌. വിവരമറിഞ്ഞ്‌ ആദം സ്‌കോട്ട്‌ലാന്‍ഡില്‍ എത്തുന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ മകളെ കുറിച്ചുള്ള ഒരു വിവരവും ലഭിക്കാതെ ആദം വിഷമിക്കുന്നു. അനുജന്‍ ഉണ്ണിയും ശ്വേതയും എന്തോ മറയ്‌ക്കുന്നു എന്നു മനസിലാക്കിയ ആദം അവരുടെ വീട്ടില്‍ നിന്നും താമസം മാറുകയണ്‌. 

തന്റെ ഭാര്യയുടെ മരണത്തിനു കാരണക്കാരിയായി ഭൂമിയില്‍ പിറന്നു പെണ്‍കുഞ്ഞിനെ മക്കളില്ലാത്ത അനുജനും ഭാര്യയ്‌ക്കും വളര്‍ത്താന്‍ നല്‍കിയ ശേഷം നാട്ടിലേക്കു പോയ ആദം പിന്നീട്‌ അവളെ കാണാതാകുമ്പോഴാണ്‌ മകളോട്‌ ഉള്ളിന്റെ ഉള്ളിലുണ്ടായിരുന്ന സ്‌നേഹം തിരിച്ചറിയുന്നത്‌. 

സുഹൃത്തായ സിറിയക്‌(നരേന്‍) സഹായത്തോടെ ആദം തന്റെ മകളുടെ തിരോധാനത്തിന്റെയും അമ്മയുടെ കൊലപാതകത്തെ കുറിച്ചുമുള്ള കാരണങ്ങള്‍ തേടിയിറങ്ങുന്നതും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ചിത്രം പറയുന്നത്‌.`സ്വന്തം മകള്‍ക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ ഒരച്ഛന്‍ ഏതറ്റം വരെയും പോകും' എന്ന ചിത്രത്തിന്റെ ടാഗ്‌ ലൈന്‍. ശരിയാണെന്നു സമര്‍ത്ഥിക്കും വിധമാണ്‌ കഥ പുരോഗമിക്കുന്നത്‌.

പൃഥ്വിരാജിന്റെ ഗംഭീര അഭിനയം തന്നെയാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. സ്‌കോട്ട്‌ലാന്‍ഡിന്റെ ഭംഗിയും ദുരൂഹതയുണര്‍ത്തുന്ന വാസ്‌തുനിര്‍മിതിയും പ്രേക്ഷകരില്‍ ഒരു പ്രത്യേക മൂഡുണ്ടാക്കാന്‍ പര്യാപ്‌തമാണ്‌. 

ചിത്രത്തിന്റെ സസ്‌പെന്‍സ്‌ മുഴുവന്‍ ഒളിപ്പിച്ചു വച്ച നിഗൂഢതയുമായി കഴിയുന്ന ശ്വേതയായി ഭാവനയും മികച്ച അഭിനയമാണ്‌ കാഴ്‌ച വച്ചത്‌. സ്വന്തം വ്യക്തിജീവിതത്തില്‍ ഏറ്റവും വലിയ ദുരന്തം നേരിട്ട സമയത്തും അസാമാന്യമായ മനക്കരുത്തോടെ ശ്വേതയെ പ്രേക്ഷകമനസിലേക്കെത്തിക്കും വിധം അവതരിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ലെന അവതരിപ്പിക്കുന്ന ഡെയ്‌സിയാണ്‌ കഥയില്‍ വഴിത്തിരിവുണ്ടാക്കുന്ന മറ്റൊരു കഥാപാത്രം. ചിത്രത്തില്‍ ചാത്താന്‍സേവയും കുഞ്ഞുങ്ങളെ ബലി കൊടുക്കുന്നതും അത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ കാരണം മറ്റുള്ളവരുടെ ജീവിതം ദുരന്തമായി തീരുന്നതും കുട്ടികളെ ലൈംഗികാതിക്രമത്തിനു വിധേയമാക്കുന്നതിനെ കുറിച്ചുമെല്ലാം ചിത്രം പറയുന്നുണ്ട്‌.

ശക്തമായ തിരക്കഥയാണ്‌ ചിത്രത്തിന്റേത്‌. മനസില്‍ തട്ടുന്ന സംഭാഷണങ്ങളൊരുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്‌. ദീപക്‌ ദേവിന്റെ സംഗീതവും മികച്ചതാണ്‌. പൃഥ്വിരാജ്‌ പാടിയ ഗാനം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. രഞ്‌ജന്‍ പ്രമോദിന്റെ എഡിറ്റിങ്ങും മികച്ചതാണ്‌.











Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക