Image

രാമലീലയ്‌ക്ക്‌ പിന്തുണയുമായി മഞ്‌ജുവാര്യര്‍

Published on 23 September, 2017
രാമലീലയ്‌ക്ക്‌  പിന്തുണയുമായി   മഞ്‌ജുവാര്യര്‍


കൊച്ചി: ദിലീപ്‌ ചിത്രം രാമലീലയ്‌ക്ക്‌ പിന്തുണയുമായി നടി മഞ്‌ജുവാര്യര്‍. രാമലീല പ്രേക്ഷകര്‍ കാണട്ടെയെന്നു പറഞ്ഞുകൊണ്ടാണ്‌ മഞ്‌ജു നിലപാട്‌ അറിയിച്ചിരിക്കുന്നത്‌.
സിനിമയെന്നത്‌ ഒരുപാട്‌ കുടുംബങ്ങളുടെ ആശ്രയവും സ്വപ്‌നവുമാണ്‌. അത്‌ തകരാന്‍ അനുവദിക്കരുതെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ മഞ്‌ജു രാമലീല പ്രേക്ഷകര്‍ കാണട്ടെയെന്നു പറയുന്നത്‌.
വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത്‌ സിനിമയോടല്ല എന്നും മഞ്‌ജു പറയുന്നു.

'വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത്‌ സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത്‌ മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്‌. അവര്‍ അതില്‍ നിക്ഷേപിക്കുന്നത്‌ പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം.

 സിനിമ നന്നായി വിജയിക്കുമ്പോഴും അത്‌ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ്‌ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്‌. അത്‌ പണത്തേക്കാള്‍ വലുതാണ്‌ താനും. അതിനുവേണ്ടിയാണ്‌ അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും.' മഞ്‌ജു പറയുന്നു.


`രാമലീല', ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന്‌ രൂപയുടെ നിക്ഷേപമാണ്‌. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്‌. 

അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക്‌ നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ്‌ കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്‌. സിനിമ തീയറ്ററിലെത്തിക്കാനും അത്‌ പ്രേക്ഷകന്‍ കാണണമെന്ന്‌ ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്‌. അതിനെ നിഷേധിക്കാന്‍ നമുക്ക്‌ അധികാരമില്ല. 

അങ്ങനെ ചെയ്‌താല്‍ അത്‌ സിനിമയോട്‌ ചെയ്യുന്ന അനീതിയാണ്‌. നാളെ,കാലം നമുക്ക്‌ മാപ്പുതരില്ല.' എന്നും മഞ്‌ജു പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക