Image

ഫിലാഡല്‍ഫിയായില്‍ ആഗോള പ്രാര്‍ത്ഥനാദിനം സമുചിതമായി ആചരിച്ചു

ജോസ്‌ മാളേയ്‌ക്കല്‍ Published on 08 March, 2012
ഫിലാഡല്‍ഫിയായില്‍ ആഗോള പ്രാര്‍ത്ഥനാദിനം സമുചിതമായി ആചരിച്ചു
ഫിലാഡല്‍ഫിയ: എക്യൂ മെനിക്കല്‍ വനിതാഫെല്ലോഷിപിന്റെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയിലെ ക്രൈസ്‌തവസമൂഹം ഒരുമയോടെ മാര്‍ച്ച്‌ 3 ശനിയാഴ്‌ച്ച ലോകപ്രാര്‍ത്ഥനാദിനം വിശ്വാസചൈതന്യം തുടിച്ചുനിന്ന പരിപാടികളോടെ ആചരിച്ചു. സെന്റ്‌ തോമസ്‌ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ
ആഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ 12:30 വരെ നടന്ന ആല്‍മീയ ശുശ്രൂഷകളിലും, ക്രിസ്‌തീയഗാനപൂജയിലും, പ്രചോദനാല്‍മകപ്രഭാഷണങ്ങളിലും കുട്ടികളും, യുവജനങ്ങളും, വനിതകളും അടക്കം 750 ല്‍പരം ആള്‍ക്കാര്‍ പങ്കെടുത്തു എന്നത്‌ ചരിത്രവിജയത്തോടൊപ്പം സംഘാടകര്‍ക്ക്‌ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടിയായി.

യാക്കോബായ, ഓര്‍ത്തഡോക്‌സ്‌, മാര്‍ത്തോമ്മാ, കത്തോലിക്കര്‍, സി.എസ്‌.ഐ, ഇവാഞ്‌ജലിക്കല്‍ എന്നിങ്ങനെ ഫിലാഡല്‍ഫിയയിലെ എല്ലാ ക്രൈസ്‌തവ വിഭാഗങ്ങളെയും പ്രതിനിധീകരിച്ച്‌ എക്യൂമെനിക്കല്‍ കൂട്ടായ്‌മയിലെ 19 ഇടവകകളില്‍ നിന്നുമുള്ള വനിതാസമാജം പ്രവര്‍ത്തകരും, വോളന്റിയര്‍മാരും, വൈദികരും, സന്യസ്‌തരും, മറ്റു വിശ്വാസികളും പ്രാര്‍ത്ഥനാദിനപരിപാടികളില്‍ ആവേശപൂര്‍വം പങ്കെടുത്തു. വിവിധ ഇടവകകളിലെ ഭക്തസംഘടനകളില്‍ നിന്നുള്ള ഇരുനൂറിലധികം വനിതകള്‍ വര്‍ഷത്തില്‍ ഒരു ദിവസം നടത്തുന്ന ഈ പ്രാര്‍ത്ഥനാകൂട്ടായ്‌മയില്‍ ഭാഗഭാക്കുകളായി പരസ്‌പര സ്‌നേഹവും, സഹകരണവും പങ്കുവച്ചു. കോര്‍ഡിനേറ്റര്‍മാരായ ലിസി എബ്രാഹം, നിര്‍മമല എബ്രാഹം, ലൈല അലക്‌സ്‌ എന്നിവരുടെ അക്ഷീണപരിശ്രമം മൂന്നുനാലുമാസങ്ങളായി നടന്നുവന്ന പരിശീലനങ്ങളിലും, ഫൈനല്‍ പരിപാടികളിലും ദൃശ്യമായിരുന്നു.

പ്രദക്ഷിണത്തോടെ ആരംഭിച്ച ശുശ്രൂഷകള്‍ അനേകം വൈദികരെയും, വിശ്വാസികളെയും സാക്ഷിനിര്‍ത്തി ചെയര്‍മാന്‍ റവ. ഫാ. ജോസ്‌ ദാനിയേല്‍ പെയിറ്റേല്‍ നിലവിളക്കുകൊളുത്തി ഉല്‍ഘാടനം ചെയ്‌തു. അനുഗ്രഹീത വാഗ്മിയും, ഡ്രൂ യൂണിവേഴ്‌സിറ്റി ദൈവശാസ്‌ത്ര ഗ്രാജുവേറ്റ്‌ വിദ്യാര്‍ത്ഥിയുമായ റവ. ഡീ. ബെന്നി ജോണ്‍ ചിറയില്‍ `നീതി നടപ്പാവട്ടെ' (ഹബാ 1:2-5, ലൂക്കാ 18:1-8) എന്ന ബൈബിള്‍ വചനത്തെ ആസ്‌പദമാക്കി മുഖ്യപ്രഭാഷണം നടത്തി. എതിരാളിക്കെതിരെ നീതി നടപ്പാക്കിക്കിട്ടാന്‍ വേണ്ടി ദൈവത്തെ ഭയക്കുകയോ, മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത രാജാവിനെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്ന വിധവക്ക്‌ സഹികെട്ടപ്പോള്‍ രാജാവ്‌ നീതി നടപ്പാക്കികൊടുക്കുന്നു. വിധവയുടെ നിരന്തര യാചനകള്‍ക്കു രാജാവില്‍നിന്നു നീതികിട്ടിയെങ്കില്‍ രാവും പകലും തന്നെ വിളിച്ചുകരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു തീര്‍ച്ചയായും ദൈവം കാലവിളംബം കൂടാതെ നീതി നടത്തിക്കൊടുക്കും. പക്ഷേ നാം നിരന്തരമായി പ്രാര്‍ത്ഥിക്കണമെന്നു ചുരുക്കം. റവ. ഡീ. ബെന്നി ജോണ്‍ ഉല്‍ബോധിപ്പിച്ചു.

19 ാം നൂറ്റാണ്ടില്‍ തുടക്കമിട്ട,്‌ ഇന്ത്യയുള്‍പ്പെടെ 172 ല്‍ പരം രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്‌ ഡേ ഓഫ്‌ പ്രെയര്‍ എന്ന ക്രിസ്‌തീയവനിതകളുടെ ആഗോള കൂട്ടായ്‌മയുടെ 85 ാം വാര്‍ഷികമാണു ഈ വര്‍ഷം ആചരിച്ചത്‌. ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാസര്‍വീസ്‌ എഴുതിതയാറാക്കിയ മലേഷ്യയിലെ
വനിതാകമ്മിറ്റിയില്‍ ഹാന്നാ ചെറിയാന്‍ വര്‍ഗീസ്‌ ഉള്‍പ്പെടെ മൂന്നു മലയാളിവനിതകള്‍ ഉണ്ടായിരുന്നു.

റലിജിയസ്‌ കോര്‍ഡിനേറ്റര്‍ റവ. ഫാ. ചാക്കോ പുന്നൂസ്‌ പ്രാര്‍ത്ഥനാസര്‍വീസിനു നേതൃത്വം നല്‍കി. പ്രാര്‍ത്ഥനാദിനകോര്‍ഡിനേറ്റര്‍മാരായ ലിസി എബ്രാഹം, നിര്‍മമല എബ്രാഹം എന്നിവര്‍ ആമുഖപ്രഭാഷണം നടത്തി. റവ. ഫാ. എം. കെ. കുര്യാക്കോസ്‌ ആശംസകളര്‍പ്പിച്ചു. സമാപനപ്രാര്‍ത്ഥനയും ആശീര്‍വാദവും കോചെയര്‍മാന്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം നിര്‍വഹിച്ചു.

വനിതകള്‍ നേതൃത്വം നല്‍കി വനിതകള്‍ക്കായി സ്‌ത്രീശാക്തീകരണത്തിലൂടെ നടത്തിയ ഈ പരിപാടിയിലൂടെ അടുക്കളയിലും, അരങ്ങത്തും, ജോലിസ്ഥലത്തും ഒന്നുപോലെ ശോഭിക്കാന്‍ അവസരം ലഭിച്ചാല്‍ തങ്ങള്‍ക്കും സാധിക്കും എന്ന്‌ തെളിയിച്ചു. .

ക്രിസ്റ്റോസ്‌ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ യൂത്ത്‌ ബാന്‍ഡ്‌, ബഥേല്‍ മാര്‍ത്തോമ്മ സേവികാസംഘം അവതരിപ്പിച്ച സ്‌കിറ്റ്‌, ഇംഗ്ലീഷിലും, മലയാളത്തിലുമുള്ള ഗായകസംഘങ്ങളുടെ ശ്രുതിമധുരമായ ഗാനങ്ങള്‍, വിവിധ നൃത്തങ്ങള്‍ എന്നിവ കാണികളെ ആകര്‍ഷിച്ചു. സെക്രട്ടറി കോശി വര്‍ഗീസിന്റെ നേതൃത്വത്തില്‍ എം. എ. മാത്യു, ബിജു, അനില്‍, ജസി, സുനിത എന്നിവരും പരിപാടികള്‍ സമയബന്ധിതമായി ക്രമീകരിക്കുന്നതില്‍ സഹായികളായി. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.
ഫിലാഡല്‍ഫിയായില്‍ ആഗോള പ്രാര്‍ത്ഥനാദിനം സമുചിതമായി ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക