Image

ജനപക്ഷ നിറവില്‍ ബെന്നി വാച്ചാച്ചിറയുടെ ഫോമാ ടീം രണ്ടാം വര്‍ഷത്തിലേയ്ക്ക്

വിനോദ് കോണ്ടൂര്‍ ഡേവിഡ് Published on 25 September, 2017
ജനപക്ഷ നിറവില്‍ ബെന്നി വാച്ചാച്ചിറയുടെ ഫോമാ ടീം രണ്ടാം വര്‍ഷത്തിലേയ്ക്ക്
വാഗ്ദാന പാലനത്തിന്റെയും ജനപക്ഷ പ്രവര്‍ത്തനങ്ങളുടെയും പൊന്‍ തിളക്കത്തില്‍ ബെന്നി വാച്ചാച്ചിറ നയിക്കുന്ന ഫോമാ ടീം ഒരു വര്‍ഷം പൂര്‍ത്തിയാക്കി. അമേരിക്കന്‍ മലയാളികളുടെ സംഘടനാ ബോധത്തിന്റെ ശക്തിയില്‍ പിറവികൊണ്ട ഫോമായുടെ ഇതുവരെയുള്ള ചരിത്രത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ സുവര്‍ണ അദ്ധ്യായങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷം ഫോമ എഴുതിച്ചേര്‍ത്തത്. 2016 സെപ്റ്റംബറിലാണ് ബെന്നി വാച്ചാച്ചിറ (പ്രസിഡന്റ്), ജിബി എം തോമസ് (ജനറല്‍ സെക്രട്ടറി), ജോസി കുരിശിങ്കല്‍ (ട്രഷറര്‍), ലാലി കളപ്പുരയ്ക്കല്‍ (വൈസ് പ്രസിഡന്റ്), വിനോദ് കോണ്ടൂര്‍ (ജോയന്റ് സെക്രട്ടറി), ജോമോന്‍ കളപ്പുരയ്ക്കല്‍ (ജോയന്റ് ട്രഷറര്‍) എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.

ഇന്ന് ഏറ്റവും കൂടുതല്‍ അംഗ സംഘടനകളുള്ള ഫെഡറേഷനാണ് ഫോമ. നിലവില്‍ 69 അംഗ സംഘടനകള്‍ ഫോമായുടെ കുടക്കീഴില്‍ അണിനിരക്കുന്നു. 2018 ജൂലായില്‍ ചിക്കാഗോയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ അംഗസംഘടനകളുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. നിരവധി സംഘടനകള്‍ അംഗത്വത്തിനായി സമീപിച്ചിട്ടുണ്ട്. ഫോമ അമേരിക്കന്‍ മലയാളികളുടെ ഏത് ആവശ്യത്തിനും ഒപ്പം ഉണ്ട് എന്ന ഉറച്ച വിശ്വാസമാണ് അംഗസംഘടനകള്‍ കൂടുന്നതിന് കാരണം. ഫോമായുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ജനപക്ഷ സമീപനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും കൊടിയടയാളമായി സാക്ഷ്യപ്പെടുത്താം.

അമേരിക്കന്‍ മലയാളികള്‍ക്ക് നിയമപരമായ സഹായവും ഉപദേശങ്ങളും യഥാസമയം നല്‍കുന്നതിനു വേണ്ടി ഒരു ലീഗല്‍ അഡൈ്വസറി ഫോറം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളികളായ അറ്റോര്‍ണിമാരും നിയമജ്ഞരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഈ ഫോറം അമേരിക്കന്‍ മലയാളികളുടെ നിയമപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിവരുന്നു. വനിതാ ശാക്തീകരണം ഫോമായുടെ മുഖ്യ അജണ്ടയാണ്. ഒരു കാലത്ത് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്നും മുഖം തിരിച്ചു നിന്ന വനിതകളെ സംഘടനാശേഷിയുടെ മുഖ്യധാരയിലെത്തിക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട ഫോമ വിമന്‍സ് ഫോറം മികച്ച കാര്യനിര്‍വഹണത്തോടെ മുന്നോട്ട് പോകുന്നു. നാഷണല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സാറാ ഈശോയുടെ നേതൃത്വത്തിലാണ്, വിമന്‍സ് ഫോറം വിവിധ പദ്ധതികളില്‍ ഊന്നി പ്രവര്‍ത്തിക്കുന്നത്. ഫോമായുടെ 12 റീജിയനുകളിലും പ്രധാന സിറ്റികളിലും വിമന്‍സ് ഫോറത്തിന്റെ ചാപ്റ്ററുകള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

ഏതൊരു സമൂഹത്തിന്റെയും ഭാവി വാഗ്ദാനങ്ങളാണ് യുവജന വിഭാഗം. അമേരിക്കന്‍ മലയാളി സമൂഹത്തിലെ യുവജനങ്ങള്‍ നമ്മുടെ ഭാഷയോടും സംസ്‌കാരത്തോടും പൈതൃകത്തോടും അല്പം അകലം പാലിക്കുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരെ മലയാണ്മയിലേക്ക് അടുപ്പിക്കുന്നതിനു വേണ്ടി യൂത്ത് ഫോറം കാര്യക്ഷമമാക്കിയിരിക്കുന്നു. നാട്ടില്‍ നിന്നും പഠനത്തിനായി ഇവിടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഡാളസ് യൂണിവേഴ്‌സിറ്റിയില്‍ ഫോമാ സ്റ്റുഡന്റ്‌സ് ഫോറം പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ തന്നെ യുവജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഫോമാ, ഫിലാഡല്‍ഫിയായിലെ സാബു സ്‌കറിയായുടെ നേതൃത്വത്തില്‍ എല്ലാ റീജിയനുകളിലും യുവജനോത്സവം നടത്തിവരികയാണ്.

വാഷിംഗ്ടണ്‍ ഡി.സി, ചിക്കാഗോ, ഫിലാഡല്‍ഫിയ എന്നിവിടങ്ങളില്‍ യുവജനോത്സവം പൂര്‍ത്തിയായി. മറ്റിടങ്ങളില്‍ പുരോഗമിക്കുന്നു. വിവിധ ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് ചിക്കാഗോയിലെ നാഷണല്‍ കണ്‍വന്‍ഷനില്‍ മാറ്റുരയ്ക്കാന്‍ അവസരം ലഭിക്കും. തികഞ്ഞ പ്രഫഷണലിസത്തോടെ വാശിയേറിയ മത്സരമായിരിക്കും അവിടെ നടക്കുക. കണ്‍വന്‍ഷണില്‍ പങ്കെടുക്കുന്നവര്‍ക്ക് വര്‍ണാഭമായ കാഴ്ചവിരുന്നായിരിക്കും യുവജനോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെ. ഫോമയുടെ കലാ-സാംസ്‌കാരിക പ്രതിബദ്ധത വിളംബരം ചെയ്യുന്ന 'യുവജനോല്‍സവം 2017-18'ല്‍ നൃത്തവും നടനവുമെല്ലാം സമ്മോഹനമായി സമ്മേളിക്കുന്നു.

യുവജനങ്ങളുടെ കായികമായ കഴിവുകള്‍ ഊട്ടിയുറപ്പിക്കുന്നതിനായി ഫോമാ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു കഴിഞ്ഞു. അമേരിക്കന്‍ മലയാളി യുവജനങ്ങളെ കായിക മല്‍സരങ്ങളിലുടെ കരുത്തുറ്റവരാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഫോമ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്. ഫോമാ നാഷണല്‍ കമ്മറ്റി അംഗങ്ങളായ ബേസല്‍ ഏലിയാസ് (ഫിലാഡല്‍ഫിയ), എബി അലക്‌സ് (ചിക്കാഗോ), ഏബേല്‍ റോബിന്‍സ് (ഫ്‌ളോറിഡ) എന്നിവരാണ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ കോ-ഓര്‍ഡിനേറ്റര്‍മാര്‍. യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും മാത്രമല്ല, മുതിര്‍ന്നവരുടെയും ഹരമാണ് ഇന്ന് ക്രിക്കറ്റ്. ഒരു കാലത്ത് അമേരിക്ക ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടിരുന്നില്ല. ''ഇലവന്‍ ഫൂള്‍സ് ആര്‍ പ്ലെയിംഗ്, ഇലവന്‍ തൗസന്റ് ഫൂള്‍സ് ആര്‍ വാച്ചിങ്'' എന്നാണ് അമേരിക്കക്കാര്‍ ക്രിക്കറ്റിനെ കളിയാക്കിയിരുന്നത്. എന്നാല്‍ ആ കാലമൊക്കെ പോയി. ഇന്ന് അമേരിക്ക ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കയിലെത്തി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഫോമാ ഏതാനും നാള്‍ മുമ്പ് ന്യൂയോര്‍ക്കില്‍ ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയുണ്ടായി.

ഫോമായുടെ വിവിധ ഫോറങ്ങളിലൊന്നാണ് പുതുതായി രൂപീകരിക്കപ്പെട്ട സീനിയേഴ്‌സ് ഫോറം. അവിഭക്ത ഫെഡറേഷന്റെ പ്രസിഡന്റായിരുന്ന ജെ മാത്യൂസ് (ന്യൂയോര്‍ക്ക്) ആണ് സീനിയേഴ്‌സ് ഫോറത്തിന്റെ ചെയര്‍മാന്‍. പല കാരണങ്ങളാല്‍ ഏകാന്തതയും വിഷമതയും മറ്റും അനുഭവിക്കുന്ന മുതിര്‍ന്നവര്‍ക്ക് ആശ്വാസം പകരുക എന്നതും സീനിയേഴ്‌സ് ഫോറത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. വയോധികരുടെ മാനസികമായ ഉല്ലാസത്തിനു വേണ്ടിയാണ് ഈ ഫോറം പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ സംഘടനാ ചരിത്രത്തില്‍ ഇതിനു മുമ്പ് ഇത്തരത്തിലൊരു ഫോറം രൂപീകരിക്കപ്പെട്ടിരുന്നില്ല.

കാലികമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന സംഘടനയാണ് ഫോമാ. പഴയ മാമൂലുകളും കീഴ്‌വഴക്കങ്ങളും  നയവും നിലപാടുകളുമെല്ലാം കാലോചിതമായി പൊളിച്ചെഴുതേണ്ടതുണ്ട്. പരിഷ്‌കൃത കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ഫോമായിലൂടെ മലയാളി സമൂഹത്തിന് അനുഭവവേദ്യമാകണം. അതിനായി ഫോമയുടെ നിയമാവലി ഭേദഗതി ചെയ്യുവാന്‍ ആഗ്രഹിക്കുകയാണ്. വരുന്ന ഒക്‌ടോബര്‍ 21ന് ന്യൂയോര്‍ക്കില്‍ ജനറല്‍ ബോഡി ചേരുന്നു. ഫോമാ കൂടുതല്‍ ജനകീയമാക്കുന്നതിനു വേണ്ടിയാണ് ജനറല്‍ ബോഡിയില്‍ ഭേദഗതികള്‍ അവതരിപ്പിക്കുന്നത്.

ഫോമായുടെ ജനകീയ മുന്നേറ്റ വിഭാഗമാണ് തോമസ് ടി ഉമ്മന്‍ ചെയര്‍മാനായിട്ടുള്ള പൊളിറ്റിക്കല്‍ ഫോറം. ഇന്ത്യയിലെയും അമേരിക്കയിലെയും അനുദിന രാഷ്ട്രീയ സംഭവ വികാസങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും പിറന്ന നാടും കര്‍മ്മ ഭൂമിയും തമ്മിലുള്ള രാഷ്ട്രീയമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫോമ പൊളിറ്റിക്കല്‍ ഫോറം പ്രവര്‍ത്തിക്കുന്നത്. കര്‍മ്മ ഭൂമിയിലെയും ജന്മഭൂമിയിലെയും രാഷ്ട്രീയ നേതൃത്വവുമായി ഊഷ്മളമായ ബന്ധമുണ്ടാക്കുക വഴി അമേരിക്കന്‍ മലയാളികളുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ഇവരുടെ സത്വര ശ്രദ്ധയില്‍ കൊണ്ടു വന്ന് പരിഹാരത്തിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തുക, പുതു തലമുറയെ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചു കൊണ്ടു വരുന്നതിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, അതോടൊപ്പം അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന മലയാളി യുവതീയുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുക തുടങ്ങിയവ ഫോമ പൊളിറ്റിക്കല്‍ ഫോറത്തിന്റെ സുപ്രധാന ഉദ്ദേശ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

പ്രവാസികളുടെ വോട്ടവകാശം സ്ഥാപിച്ചെടുക്കുക, മാതൃരാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുക, കേരളത്തിലെയും ഇന്ത്യയിലെയും ഭരണാധികരികളുമായി ആരോഗ്യകരമായ ആശയവിനിമയം സാധ്യമാക്കിക്കൊണ്ട് തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പൊതുജന സേവന പട്ടികയിലെത്തിച്ച് പരിഹരിക്കുക തുടങ്ങിയവയും പൊളിറ്റിക്കല്‍ ഫോറം അടിയന്തിര പ്രാധാന്യത്തോടെ അജണ്ടയിലുള്‍പ്പെടുത്തിയിരിക്കുന്നു.

ഫോമ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെയും സേവന സന്നദ്ധതയുടെയും കൊടിയടയാളമായി 'ജനാഭിമുഖ്യ യത്‌നം' എന്ന പൊതുജന സമ്പര്‍ക്ക പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഫോമയുടെ 12 റീജിയനുകളിലെയും അംഗസംഘടനകളിലെ അംഗങ്ങള്‍ക്കും മലയാളി സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ഫോമ എക്‌സിക്യൂട്ടീവ് കമ്മറ്റിയുമായി നേരിട്ട് സംവദിക്കാനുള്ള പ്ലാറ്റ്‌ഫോമായിരിക്കുമിത്. ഫോമയും അംഗസംഘടനകളും അമേരിക്കന്‍ മലയാളി സമൂഹവുമായിട്ടുള്ള ബന്ധം ഈടുറ്റതും ഊഷ്മളവും ആക്കുക, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുക തുടങ്ങിയവയൊക്കെയാണ് ഫോമ ജനാഭിമുഖ്യ യത്‌നത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍. ഇതിനിടെ അമേരിക്കന്‍ ഐക്യ നാടുകളില്‍ സമീപ കാലത്ത് ഇന്ത്യാക്കാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളിലും കൊലപാതക പരമ്പരകളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അധികൃതരുടെ ശ്രദ്ധനേടുന്നതിനും ബോധവല്‍കരണം നടത്തുന്നതിനുമായി ഫോമായുടെ ആഭിമുഖ്യത്തില്‍ ഫ്‌ളോറിഡയിലെ ഗാന്ധി സ്‌ക്വയറില്‍  മെയ് 10-ാം തീയതി സര്‍വമത പ്രാര്‍ത്ഥനയും പൊതുസമ്മേളനവും സംഘടിപ്പിക്കുകയുണ്ടായി.

ഫോമയുടെ മാധ്യമ പ്രബുദ്ധത വിളംബരം ചെയ്യുന്ന പ്രസിദ്ധീകരണമായ 'ഫോമാ ന്യൂസ്' പ്രസിദ്ധീകരണമാരംഭിച്ചിട്ടുണ്ട്. ഫോമായുടെ ഔദ്യോഗിക ജിഹ്വ എന്ന നിലയില്‍ ഇത് അമേരിക്കന്‍ മലയാളികളുടെ പൂമുഖത്ത് കൃത്യമായ ഇടവേളകളില്‍ എത്തുന്നതാണ്. ഫോമായുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഭാവികാല സ്വപ്ന പദ്ധതികളുടെയും സചിത്ര റിപ്പോര്‍ട്ടുകളും നിലപാടുകളും എല്ലാം ഈ പ്രസിദ്ധീകരണത്തില്‍ നിന്ന് വായിച്ചെടുക്കാം. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നട്ടെല്ലാണ് നേഴ്‌സുമാര്‍. നാട്ടിലെ നേഴ്‌സുമാരും നമ്മുടെ സഹോദരീ സഹോദരന്‍മാരാണ്. അടുത്ത കാലത്ത് മതിയായ വേതനത്തിനും മാന്യമായ തൊഴില്‍ സാഹചര്യത്തിനും മെച്ചപ്പെട്ട ജീവിതത്തിനും വേണ്ടി സമരമുഖത്തിറങ്ങിയ കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ സേവനം ചെയ്യുന്ന നേഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും കഴിഞ്ഞ ജൂലൈ 7-ാം തീയതി ഫോമാ അമേരിക്കന്‍ മലയാളികളെ സംഘടിപ്പിച്ചുകൊണ്ട് ഒരു സുപ്രധാനമായ ടെലികോണ്‍ഫറന്‍സ് നടത്തുകയും ചെയ്തു.

അമേരിക്കന്‍ മലയാളി ഫെഡറേഷനുകളുടെ ചരിത്രത്തില്‍ ഇതാദ്യമായി ഫോമാ വലിയ ജനപങ്കാളിത്തത്തോടെ ഒരു കേരള കണ്‍വന്‍ഷന്‍ നടത്തി. 2017 ഓഗസ്റ്റ് നാലാം തീയതി തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍, മലയാളത്തിന്റെ മണ്‍മറഞ്ഞ പ്രിയ കവി ഒ.എന്‍.വി കുറുപ്പ് നഗറില്‍ അരങ്ങേറിയ ഏകദിന കണ്‍വന്‍ഷനില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളെയും സാമൂഹിക-സാംസ്‌കാരിക മുഖങ്ങളെയും അണിനിരത്താന്‍ ഫോമായ്ക്ക് സാധിച്ചു.

നാടിനുവേണ്ടി ഫോമായ്ക്ക് പലതും ചെയ്യാനുണ്ടെന്ന് ഈ സംഘടന മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തെളിയിച്ചു. പത്തുലക്ഷം രൂപയുടെ ജീവകാരുണ്യ-പഠന സാഹായങ്ങളുടെ ചെക്കുകള്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടന വേദിയില്‍ വിതരണം ചെയ്തു. ഇതില്‍ തിരുവനന്തപുരം കാട്ടാക്കടയിലുള്ള കിള്ളിയിലെ പ്രോവിഡന്‍സ് ഹോമിലെ ബുദ്ധിവികാസം പ്രാപിക്കാത്ത കുട്ടികള്‍ക്കുള്ള മൂന്നുലക്ഷം രൂപ, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, നിര്‍ധനരായ കായിക പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് കോവളം ഫുട്‌ബോള്‍ ക്ലബിന് ഒരുലക്ഷം രൂപ, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിന് പുറമെ ഫോമാ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ, എയ്‌റോ കണ്‍ട്രോള്‍സ് യു.എസ്.എ ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ് ഫോമായുടെ ചാരിറ്റി ഫണ്ടിലേയ്ക്ക് സംഭാവന നല്‍കി. വരുംകാലങ്ങളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുമെന്ന് ഫോമാ നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തു. വിദേശ എംബസികളും കോണ്‍സുലേറ്റുകളും മുഖേന അമേര്ക്കന്‍ മലയാളികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചതായി തോമസ് ടി ഉമ്മന്‍ തദവസരത്തില്‍ വ്യക്തമാക്കി.  

കേരള കണ്‍വന്‍ഷന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ റാന്നി, തോട്ടമണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓഗസ്റ്റ് ആറാം തീയതി ഹൃദയ പരിശോധനാ ക്യാമ്പ് നടന്നു. റാന്നി എം.എല്‍.എ രാജു എബ്രഹാമാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഫോമാ, പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ വിവിധ പ്രായത്തിലുള്ള ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തു. പരുമല സെന്റ് ഗ്രിഗോറിയോസ് കാര്‍ഡിയോ-വാസ്‌കുലര്‍ സെന്ററിലെ ക്ലിനിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സജി ഫിലിപ്പ്, കാര്‍ഡിേയോളജിസ്റ്റ് ഡോ. കെ.ജി സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധന നടത്തിയത്. ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ഫോമാ സഹായം ലഭ്യമാക്കുന്നതാണ്. ഇങ്ങനെ ഫോമായുടെ ജനപക്ഷ മുഖം കൂടുതല്‍ ദീപ്തമാക്കിക്കൊണ്ടാണ് പ്രവര്‍ത്തന മികവിന്റെ ഒരു വര്‍ഷം പിന്നിടുന്നത്.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തിലെ വിപുലവും ആകര്‍ഷകവുമായ ഒരു കണ്‍വന്‍ഷനായിരിക്കും ചിക്കാഗോയില്‍ അടുത്ത വര്‍ഷം നടക്കുക എന്ന് ഭാരവാഹികള്‍ ഉറപ്പു നല്‍കുന്നു. സാംസ്‌കാരിക സമ്മേളനങ്ങളും സെമിനാറുകളും കലാപരിപാടിളും നിറഞ്ഞതായിരിക്കും കണ്‍വന്‍ഷന്റെ രാപ്പകലുകള്‍. ഷാംബര്‍ഗിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ റിനൈസന്‍സ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ നടക്കുക. ഓഹയര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്‍വന്‍ഷന്‍ സെന്ററിലേക്ക് 15 മിനിട്ട് ഡ്രൈവ് മാത്രമേയുള്ളു.

ഫോമായുടെ 2018ലെ ആറാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ഓഫീസ് ചിക്കാഗോയില്‍ 2017 മാര്‍ച്ച് അഞ്ചാം തീയതി മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തിലിതാദ്യമായാണ് ഒരു കണ്‍വന്‍ഷനുവേണ്ടി വിപുലമായ രീതിയിലുള്ള ഓഫീസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി 11.30 വരെയാണ് കണ്‍വന്‍ഷന്‍ പരിപാടികള്‍. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. നവംബര്‍ 30നു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന ഓരോ കുടുംബത്തിനും 999 ഡേളറാണ് ഫീസ്. ആഹാരവും താമസവും ഉള്‍പ്പെടുന്ന ഈ പാക്കേജ് എത്രയും വേഗം ഉപയുക്തമാക്കേണ്ടതുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ 1250 ഡോളറായിരിക്കും ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വേണ്ടിwww.fomaa.net സന്ദര്‍ശിക്കുക.



ജനപക്ഷ നിറവില്‍ ബെന്നി വാച്ചാച്ചിറയുടെ ഫോമാ ടീം രണ്ടാം വര്‍ഷത്തിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക